ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാനിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പാക് തീവ്രവാദികൾ ഉന്നം വെച്ചിരിക്കുന്ന ഡോവലിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി. പിടിയിലായ ജയ്ഷെ മുഹമ്മദ് തീവ്രവാദികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിനും വീടിനും അധിക സുരക്ഷ ഏർപ്പെടുത്തി. പാക്കിസ്ഥാനിൽ നിന്നുള്ള നിർദേശപ്രകാരം ഡോവലിനെ ലക്ഷ്യമിട്ടുകൊണ്ട് സർദാർ പട്ടേൽ ഭവനിലും തലസ്ഥാനത്തെ മറ്റിടങ്ങളിൽ വച്ചും ഗൂഢാലോചനകൾ നടന്നുവെന്നാണ് ഇവരിൽ നിന്ന് വിവരം ലഭിച്ചത്.

2016-ലെ ഉറി മിന്നലാക്രമണത്തിനും 2019-ലെ ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം പാക് ഭീകരവാദ സംഘടനകളുടെ പ്രധാന ലക്ഷ്യമാണ് ഡോവൽ. ഫെബ്രുവരി ആറിന് അറസ്റ്റിലായ ഷോപ്പിയാൻ സ്വദേശിയായ ജയ്ഷെ ഭീകരൻ ഹിദായത്തുല്ല മാലിക്കിൽ നിന്നാണ് ഡോവലിനുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ ഏജൻസികൾക്കും വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്.

ഹിദായത്തുല്ല മാലിക് 2019 മെയ് 24-ൽ ശ്രീനഗറിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തുകയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസും സുരക്ഷാ സന്നാഹങ്ങളും വീഡിയോയിൽ പകർത്തിയ ശേഷം വാട്സാപ്പ് വഴി പാക്കിസ്ഥാനിലുള്ളവർക്ക് അയച്ചു നൽകിയെന്നടക്കുള്ള കാര്യങ്ങളാണ് ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്. 2020 മെയ് മാസത്തിൽ ചാവേർ ആക്രമണത്തിന് മാലിക് കാർ നൽകിയെന്നും നവംബറിൽ ജമ്മുകശ്മീർ ബാങ്കിൽ നിന്ന് 60 ലക്ഷം കൊള്ളയടിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.

രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പഓൾ കാബിനറ്റ് റാങ്ക് ഡോവലിന് നൽകിയിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കാബിനറ്റ് റാങ്ക് അനുവദിച്ചതും. മുൻ വർഷങ്ങളിൽ സഹമന്ത്രിക്ക് തുല്യമായ സ്ഥാനമായിരുന്നെങ്കിൽ ഇക്കുറി അദ്ദേഹത്തിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാർക്ക് തുല്യമാണ്. 2014 ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ ഉടൻ ഇദ്ദേഹത്തെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നതിന് മുൻപ് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ തലവനായിരുന്നു ഇദ്ദേഹം. ഉറിയിൽ നടത്തിയ മിന്നലാക്രമണവും പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയെന്നോണം ബാലകോട്ട് നടത്തിയ ആക്രമണവും ഇദ്ദേഹം സുരക്ഷാ ഉപദേഷ്ടാവായിരുന്ന കാലത്താണ്.

1968ൽ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഡോവലിന്റെ പൊലീസ് ജീവിതത്തിന്റെ തുടക്കം. അച്യുതമേനോൻ മന്ത്രിസഭയുടെ പേരിടിച്ചു താഴ്‌ത്താൻ ആസൂത്രണം ചെയ്യപ്പെട്ട 1971ലെ തലശേരി കലാപം അമർച്ച ചെയ്യാൻ അന്നു കെ. കരുണാകരൻ അവിടെ എസ്‌പി ആയി നിയമിച്ചതു ഡോവലിനെ ആയിരുന്നു. പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡോവൽ ഐബിയിൽ ചേർന്നു. കാഷ്മീരിൽ ഡോവൽ നടത്തിയ മുന്നേറ്റങ്ങൾ പിന്നീട് പൊലീസ് സേനയുടെ പഠ്യപുസ്തകങ്ങളിൽ വരെ ഇടം പിടിച്ചു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ തന്നെ സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ നേടി. തൊട്ടു പിന്നാലെ രാഷ്ട്രപതിയുടെ പൊലീസ് മെഡലും. ഏഴുവർഷക്കാലം (199096) പാക്കിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലും പ്രവർത്തിച്ചു. 33 വർഷവും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. പത്തുവർഷം ഐബിയുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു.

ഏഴു വർഷം പാക്കിസ്ഥാനിൽ കഴിഞ്ഞ അജിത് ഡോവലിനറിയാവുന്നതു പോലെ പാക്കിസ്ഥാനെ അവിടത്തുകാർ പോലും അറിഞ്ഞിട്ടുണ്ടാകില്ല. പാക്കിസ്ഥാന്റെ ഭൂപടം ഡോവലിന്റെ കൈവെള്ളയിലുമുണ്ടെന്നതു തന്നെയാണ് ഇപ്പോൾ പാക്കിസ്ഥാന്റെ പേടിയും. ഫീൽഡിലിറങ്ങി ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആദ്യമായാണ് രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായത്. പ്രവർത്തനമികവും കൈയടക്കവും അനുഭവ പരിചയവുമാണ് അജിത് ഡോവലിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രയേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് അജിത് ഡോവലിന്റെ ബുദ്ധിയാണ്.

പാക്കിസ്ഥാന്റെ കണ്ണിലെ കരട്

ഇന്ത്യയിലേക്ക് തോക്ക് തിരിച്ചു വയ്ക്കുമ്പോൾ പാക്കിസ്ഥാൻ ഉന്നം വയ്ക്കുന്നത് അജിത് ഡോവൽ എന്ന ഒളിപ്പോരിനു പേരു കേട്ട ഉദ്യോഗസ്ഥനെ തന്നെയാണ്. അഫ്ഗാൻപാക്കിസ്ഥാൻ അതിർത്തിയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്നും ഇതിനു പിന്നിൽ ഡോവലാണെന്നുമാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. കാഷ്മീരിൽ വിഘടനവാദികൾക്കും ഭീകരർക്കുമെതിരേയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ഡോവൽ. അഫ്ഗാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചത് ഡോവൽ തന്നെയാണ്. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ഡോവൽ എന്നുമുണ്ടായിരുന്നു.

അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലാക്തണ്ടറായിരുന്നു അജിത് ഡോവൽ നിർവഹിച്ച സാഹസിക ഇടപെടലുകളിൽ പ്രധാനപ്പെട്ടത്. പഞ്ചാബിലെ ചുട്ടു പൊള്ളുന്ന വേനലിലായിരുന്നു ഖാലിസ്ഥാൻ തീവ്രവാദികളുമായുള്ള പോരാട്ടം. ഒത്തു തീർപ്പു വ്യവസ്ഥകൾക്കു വഴങ്ങാതെ കെപിഎസ് ഗില്ലിന്റെ നേതൃത്വത്തിലുള്ള ആക്രണമായിരുന്നു ഓപ്പറേഷൻ ബ്ലാക് തണ്ടർ. 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിൽ സുവർണ ക്ഷേത്രത്തിന് ഒരു പോറൽ പോലുമേൽക്കാതെ 41 തീവ്രവാദികളെ വധിക്കുകയും 200 പേരെ ജീവനോടെ പിടിക്കുകയും ചെയ്തു. ഓപ്പറേഷൻ ബ്ലാക് തണ്ടറിനു മുമ്പു പാക്കിസ്ഥാനിൽ നിന്ന് ഐഎസ്ഐ അയച്ച കമാൻഡിങ് ഓഫീസറായാണ് ഡോവൽ ഖാലിസ്ഥാൻ തീവ്രവാദികളുടെ ഇടയിലേക്കു കയറിച്ചെല്ലുന്നത്. സുവർണ ക്ഷേത്രത്തിനു ചുറ്റും ബോംബുകളും ഗ്രനേഡുകളും സ്ഥാപിക്കാൻ ഇയാളും അവരോടൊപ്പം കൂടി. പക്ഷേ ആക്രമണ സമയത്ത് ഇതിലൊന്നു പോലും പൊട്ടിയില്ല. മാത്രമല്ല ഓപ്പറേഷനു ശേഷം ഇയാൾ അപ്രത്യക്ഷനാകുകയും ചെയ്തു.

അന്ന് ഖാലിസ്ഥാനികളെ സഹായിക്കാനെത്തിയ ഐഎസ്ഐ ചാരനെ വഴിയിൽ പിടികൂടിയ ശേഷം അയാളുടെ വേഷത്തിൽ സുവർണ ക്ഷേത്രത്തിലെത്തിയത് ഡോവലായിരുന്നു. സൈനികർക്കു നൽകുന്ന ഉയർന്ന ബഹുമതിയായ കീർത്തി ചക്ര നൽകിയാണ് രാഷ്ട്രപതി, ഡോവൽ എന്ന ഓഫീസറെ ഈ ധീരകൃത്യത്തിന് ആദരിച്ചത്. തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ റൊമാനിയൻ നയതന്ത്ര പ്രതിനിധി ലിവ്യു റഡുവിനെ ഒരു പോറൽ പോലുമേൽപ്പിക്കാതെ മോചിപ്പിച്ചതും ഡോവലിന്റെ പ്രവർത്തന മികവായിരുന്നു.

മിസോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് അജിത് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ വകവരുത്തിയത്. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശി ബന്ദികളെ മോചിപ്പിക്കുന്നതിനു വേണ്ട ശ്രമങ്ങൾ അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു. താലിബാനികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തിൽനിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് ഡോവലെത്തിച്ചത്.