ലണ്ടന്‍: എന്തെങ്കിലും മാറ്റത്തിനു സാധ്യത ഉണ്ടാകുമോ? ബ്രിട്ടനില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കുടിയേറ്റ വിഷയത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് ഏവര്‍ക്കും അറിയേണ്ടത്. ഒരു സര്‍ക്കാര്‍ മാറുമ്പോള്‍ അടുത്ത സര്‍ക്കാര്‍ പുത്തന്‍ നയപരിപാടികള്‍ പ്രഖ്യാപിക്കുന്ന പതിവ് കണ്ടിട്ടുള്ള മലയാളികള്‍ അടക്കം ഉള്ളവര്‍ക്ക് അങ്ങനെ ഒരു പ്രതീക്ഷയാണ് സ്വാഭാവികമായും ലേബര്‍ സര്‍ക്കാരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരു സര്‍ക്കാരിന്റെ പോളിസികള്‍ അപ്പാടെ എടുത്തുകളയുന്ന പതിവ് ബ്രിട്ടനില്‍ ഇല്ലാത്തതിനാല്‍ കുടിയേറ്റം ക്രമാതീതം ആകുന്നത് രാജ്യത്തിന്റെ ഭാവിക്ക് ദോഷമാകും എന്ന തിരിച്ചറിവ് തന്നെയാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ സര്‍ക്കാരും പങ്കിടുന്ന പ്രധാന വിശേഷം.

മാത്രമല്ല കുടിയേറ്റ വിഷയത്തില്‍ നിലപാട് അല്‍പം കടുപ്പിക്കാം എന്ന ആഗ്രഹമാണ് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാറിന് ഉള്ളതെന്ന് പത്താം നമ്പര്‍ വീടിന്റെ ഇടനാഴിയിലെ സംസാരം എന്നും വിവരം പുറത്തു വന്നിട്ടുണ്ട്. ഏറ്റവും പ്രധാനമാകുന്നത് വിസ അനുവദിക്കുന്നതില്‍ എണ്ണപരിധി നിശ്ചയിക്കാന്‍ ഉള്ള സാധ്യതയാണ്. എങ്കില്‍ സകല യോഗ്യതകള്‍ ഉള്ളവര്‍ക്ക് പോലും ബ്രിട്ടനില്‍ എത്താന്‍ നീണ്ട കാലത്തെ കാത്തിരിപ്പ് വേണ്ടി വരും എന്ന സൂചനയും ഇപ്പോള്‍ ലഭ്യമാകും.

നിയമ വിദഗ്ധന്‍ കൂടിയായ കീര്‍ സ്റ്റര്‍മാര്‍ ബ്രിട്ടന്റെ കടുപ്പക്കാരനായ പ്രധാനമന്ത്രി ആയിരിക്കും എന്ന സന്ദേശമാണ് തുടക്കത്തിലേ ലഭിക്കുന്നത്, വമ്പന്‍ ഭൂരിപക്ഷം ഉണ്ടായിട്ടും ഉപപ്രധാനമന്ത്രി കൂടി വന്നപ്പോള്‍ തന്നെ സൂചനകള്‍ വ്യക്തമായിരുന്നു. കാര്യങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയും കൃത്യതയും ആണ് ലേബര്‍ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം എന്ന് ഉറപ്പാക്കുന്ന നിലയിലാണ് മന്ത്രിസഭാ രൂപീകരണം പോലും ഉണ്ടായത്. പ്രതിവര്‍ഷം കുടിയേറ്റ നിരക്ക് മൂന്നര ലക്ഷം എന്ന നിലയിലേക്ക് അതിവേഗം താഴ്ത്താന്‍ ലേബര്‍ തീരുമാനിച്ചതിലൂടെ ശക്തമായ നിയന്ത്രണ നടപടികളാകും കാണേണ്ടി വരിക.

കഴിഞ്ഞ വര്‍ഷം എത്തിയത് ഏഴു ലക്ഷം പേരാണ് എന്ന കണക്കുകള്‍ മുന്നില്‍ നില്‍ക്കെ അതിന്റെ നേര്‍ പാതയിലേക്ക് കുടിയേറ്റ നിരക്ക് കുറയ്ക്കണമെങ്കില്‍ അതീവ ഗൗരവത്തോടെയുള്ള നിയന്ത്രങ്ങള്‍ ആവശ്യമായി വരും. തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ ഏറ്റവും ഗുണകരമായ തരത്തില്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ലേബര്‍ പാര്‍ട്ടി നിരബന്ധിതമാണ്. അതിനാല്‍ കുടിയേറ്റം കുറയ്ക്കാന്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ പോലും വന്നേക്കാം എന്നാണ് ആദ്യ സൂചനകള്‍.

സ്‌കില്‍ഡ് ജീവനക്കാര്‍, അപ്രന്റീസ്ഷിപ് വിഭാഗത്തില്‍ പെടുന്നവര്‍, മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി, ഫാമിലി റൂട്ട്, കെയര്‍ വിസക്കാരുടെ ആശ്രിതര്‍ക്കുള്ള വിസ തുടങ്ങിയ കാര്യങ്ങളില്‍ ഒക്കെ മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ തന്നെ തുടരും, അതും കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ. കുടിയേറ്റ കാര്യത്തില്‍ ബ്രിട്ടന്റെ സമീപകാല ഭാവിയിലെ ഏറ്റവും ഉദാസീന നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഋഷി സുനക് എന്ന് തിരഞ്ഞെടുപ്പ് സമയത്തെ ടിവി ചര്‍ച്ചയില്‍ കീര്‍ സ്റ്റര്‍മാര്‍ കുറ്റപ്പെടുത്തിയിരുന്നു.

കുടിയേറ്റക്കാരുടെ പ്രതിനിധിയാണ് സുനക് എന്ന മട്ടില്‍ ഉള്ള ആക്ഷേപണങ്ങളും ആ സമയത്ത് അദ്ദേഹം കേള്‍ക്കേണ്ടി വന്നിരുന്നു. അതിനാല്‍ അത്തരം ലഘു സമീപനം ഒരിക്കലും തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല എന്ന നിലപാടാണ് ഇപ്പോള്‍ സ്റ്റാര്‍മാര്‍ ഉറപ്പിച്ചു പറയുന്നത്. ഇതിനര്‍ത്ഥം ഋഷി സുനക് കണ്ണടച്ച് വിട്ടത് കൊണ്ടാണ് കുടിയേറ്റ നിരക്ക് ഇത്രയും ഗണ്യമായി ഉയര്‍ന്നത് എന്നും സ്റ്റാര്‍മര്‍ പറയാതെ പറയുകയാണ്.

ഇപ്പോള്‍ നിലവില്‍ ഇരിക്കുന്ന നിയമങ്ങള്‍ കൊണ്ട് തന്നെ കുടിയേറ്റ പരിധി മൂന്നര ലക്ഷമാക്കാന്‍ കഴിയും എന്നാണ് സ്റ്റാര്‍മറിന് ലഭിച്ചിരിക്കുന്ന ഉപദേശം. അതിനാല്‍ നിലവിലെ നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ശ്രമിക്കുക എന്ന നിര്‍ദേശം വന്നു കഴിഞ്ഞ സ്ഥിതിക്ക് ഒരിളവിനും തത്ക്കാലം സാധ്യതയില്ല. ആയിരക്കണക്കിന് മലയാളി കുടിയേറ്റക്കാരാണ് ലേബര്‍ സര്‍ക്കാര്‍ എന്തെങ്കിലും ഇളവുകള്‍ നല്‍കിട്ടിയേക്കും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞിരുന്നത്.

പക്ഷെ അത്തരം ഒരു പ്രതീക്ഷ പോലും അടുത്ത ഏതാനും വര്‍ഷത്തേക്ക് വേണ്ടെന്ന സൂചനയും ലേബര്‍ നല്‍കുകയാണ്. കുടിയേറ്റ നിരക്ക് കുറയ്ക്കാനായാല്‍ സര്‍ക്കാരിന്റെ കടബാധ്യതയിലും ഇളവുകള്‍ വന്നു തുടങ്ങും എന്ന് വ്യക്തമാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലക്കും ചെറുകിട ബിസിനസിനും നല്‍കിയ പിന്തുണ കളഞ്ഞു കുളിക്കരുത് നിന്നും സ്റ്റാര്‍മറിന്റെ ചിന്തകള്‍ക്ക് പ്രതികരണം എത്തിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ പോളിസികള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സ്പോണ്‍സര്‍മാരും ശ്രദ്ധിക്കണം എന്ന സന്ദേശം ഇതിനകം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.

ലേബറിന്റെ കര്‍ക്കശ പദ്ധതികളില്‍ ചിലത്:

പ്രാദേശികമാമായി ജീവനക്കാരെ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയാത്ത കമ്പനികള്‍ക്ക് സ്പോണ്‍സര്‍ പദവി നഷ്ടമാകും
വര്‍ക് ഫോഴ്‌സ് പ്ലാന്‍ നടപ്പിലാക്കിയില്ലെങ്കില്‍ ആ മേഖലയിലെ ജോലികള്‍ ഒക്യുപ്പേഷന്‍ പട്ടികയില്‍ നിന്നും ഇല്ലാതാകും
തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിഴ
മൈഗ്രേഷന്‍ കമ്മിറ്റിയെ ശക്തിപെടുത്തല്‍
സ്‌കില്‍ഡ് വിസക്ക് ഉയര്‍ന്ന ശമ്പള പരിധി നീശ്ചയിച്ചതും കെയര്‍മാര്‍ക്ക് ആശ്രിത വിസ ഇല്ലാതാക്കിയതും കൂടുതല്‍ പരിശോധനകളിലേക്ക്