കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച ക്രിസ്ത്യൻ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് കേരള ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് യുനിവേഴ്സിറ്റിക്കടുത്തുള്ള നീരോൽപ്പാലത്തെ ഷിനി എന്ന ഷാനിബക്കും മകനുമാണ് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് ഹൈക്കോടതി അനുമതി നൽകിയത്. യുവതിയുടെ ഭർത്താവ് എന്നവകാശപ്പെട്ട് നീരോൽപ്പാലം സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്ന പി ടി ഗിൽബർട്ട് നൽകിയ ഹരജിയിലാണ് വിധി. ഷാനിബയുടെ സഹോദരിയുടെ ഭർത്താവാണ് ഗിൽബർട്ട്.

ഭാര്യയെയും പതിമ്മൂന്നുകാരനായ മകനെയും തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്നും ഇരുവരെയും തടഞ്ഞുവെച്ചിരിക്കയാണെന്നും ആരോപിച്ചായിരുന്നു ഗിൽബർട്ട് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. കോടതിയിൽ ഹാജരായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് അറിയിച്ചു. മകൻ മതം മാറിയിട്ടില്ലെന്നും വിശദീകരിച്ചു. ഇതുകണക്കിലെടുത്താണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

മാത്രമല്ല, വിവാഹിതരാണെന്ന വാദവും യുവതി തള്ളി. ഔദ്യോഗികമായി വിവാഹിതരല്ലാത്ത ഗിൽബർട്ടും യുവതിയും ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസും കോടതിയെ അറിയിച്ചു. ഗിൽബർട്ടിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു യുവതി. ഗിൽബർട്ട് തന്റെയും മകന്റെയും കാര്യം നോക്കാറില്ലെന്നും യുവതി കോടതിയെ അറിയിച്ചു. യുവതിയോടും കുട്ടിയോടും നേരിട്ടു സംസാരിച്ചാണ് കോടതിയുടെ തീരുമാനം. കുട്ടിയെ വിട്ടുകിട്ടുന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിക്കാരന് കുടുംബകോടതിയിൽ ഉന്നയിക്കാമെന്നും കോടതി നിർദേശിച്ചു.

കണ്ണൂർ സ്വദേശിയായ ഹർജിക്കാരൻ തേഞ്ഞിപ്പലത്ത് ടാക്‌സി ഡ്രൈവറാണ്. യുവതി അവിടെയുള്ള ഒരു ബേക്കറിയിൽ ജോലിക്കു പോകുന്നുണ്ടായിരുന്നു. ബേക്കറിയുടമ അടക്കമുള്ളവരുടെ സമ്മർദത്തെത്തുടർന്ന് യുവതിയും മകനും ഇസ്ലാംമതം സ്വീകരിച്ചുവെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. മതപരിവർത്തനത്തിനുപിന്നിൽ തീവ്രവാദഗ്രൂപ്പുണ്ടെന്ന് സംശയമുണ്ടെന്നും ഇരുവരെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ടെന്നും ആരോപിച്ചിരുന്നു.

കോഴിക്കോട് തർബിയത്തുൽ ഇസ്ലാം സംഘത്തിലായിുന്നു ഇരുവരും മതപഠനത്തിൽ ഏർപ്പെട്ടിരുന്നത്. ഇരുവരെയും ഒരാഴ്ചക്കകം കോടതിയിൽ ഹാജരാക്കാനും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഇന്നലെ ഇരുവരും കോടതിയിൽ ഹാജരായപ്പോഴാണ് ഷാനിബ മതപഠനം തുടരാനുള്ള തീരുമാനം അറിയിച്ചത്. മാതാവിനൊപ്പം പോകാനാണ് താൽപര്യമെന്ന് മകനും വ്യക്തമാക്കി.

അതേസമയം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതിനെതിരേ പരാതിയുമായി രംഗത്തെത്തിയ ഗിൽബർട്ടിനെ പാർട്ടി പുറത്താക്കിയിരുന്നു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി ഗിൽബർട്ടിനെ ആണ് സിപിഎം പുറത്താക്കിയത്. സിപിഎം നീരോൽപ്പാൽ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമാണ് ഗിൽബർട്ട്. പഞ്ചായത്ത് മെമ്പർ നസീറ, ഭർത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിർബന്ധിത മത പരിവർത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗിൽബർട്ട് ആരോപിച്ചിരുന്നു.

ടാക്സി ഡ്രൈവറായ താൻ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ സമീപ വാസികളായ ഈ മുസ്ലിം സ്ത്രീകൾ വീട്ടിലെത്തി ക്യാൻവാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്. ഇസ്മായിലിന്റെ ബേക്കറിയിലാണ് ഭാര്യ ജോലിക്കു പോകുന്നത്.മതം മാറിയാൽ 25 ലക്ഷവും വീടും നൽകാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നു. എന്നാൽ ഭാര്യാ മാതാവും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായതെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

കാണാതായ ഭാര്യയെയും മകനെയും കുറിച്ചുള്ള ഗിൽബർട്ടിന്റെ അന്വേഷണം അവസാനിച്ചത് കോഴിക്കോടുള്ള മതപഠന കേന്ദ്രമായ തർബിയത്തിലാണ്. 'കേരളത്തിൽ തന്നെയാണോ നമ്മൾ ജീവിക്കുന്നത് എന്നു തോന്നും വിധമുള്ള ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷമാണ് അവിടെയുള്ളത്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറാൻ പോലും പറ്റാത്ത സാഹചര്യം. പൊലീസുകാരെ പോലും കയറ്റിവിടാൻ സമ്മതിക്കാത്ത അവസ്ഥയാണ് അവിടെ. എന്റെ കുട്ടിയോടൊ, ഭാര്യയോടെ ഒന്ന് സംസാരിക്കാനുള്ള സാഹചര്യം പോലും ലഭിച്ചില്ല. തർബിയത്തിൽ ചെല്ലുമ്പോൾ എന്നേക്കാൾ പ്രായമായ ആളുകൾ സുന്നത്ത് ചെയ്തതിന്റെ വേദനയിൽ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത്കണ്ടു. നിരവധി ആളുകൾ ഇത്തരത്തിൽ ഇസ്ലാം മതത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് എനിക്ക് അവിടെ ചെന്നപ്പോൾ മനസിലാക്കാൻ സാധിച്ചതെന്നായിരുന്നു ഗിൽബർട്ട് പറഞ്ഞിരുന്നത്.