തിരുവനന്തപുരം:ബാർകോഴക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച പിണറായിക്ക് മറുപണി നൽകാൻ ഒരുങ്ങി ചെന്നിത്തല.മദ്യത്തിന്റെ വില കൂട്ടിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മദ്യവില വർദ്ധിപ്പിച്ചതിൽ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി.

മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എം.ഡി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില വർദ്ധിപ്പിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.മദ്യം നിർമ്മിക്കുന്നതിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായത്. ഏഴ് ശതമാനമാണ് വില വർദ്ധിപ്പിച്ചത്. ഇത് ഒരു പ്രത്യേക കമ്പനിയെ സഹായിക്കാൻ വേണ്ടിയിട്ടാണ്. അവർക്ക് 200 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കാൻ വേണ്ടിയിട്ടാണ് ഇത്തരം ഒരു നടപടി ക്രമം സർക്കാർ ചെയ്തതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

നേരത്തെ എക്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില ഉയർന്ന സാഹചര്യത്തിൽ പോലും നാല് ശതമാനം മാത്രമാണ് വർദ്ധനവ് ആണ് ഉണ്ടായത്. ഈ സർക്കാർ വന്ന ശേഷം രണ്ട് തവണ എക്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വില വർദ്ധനവ് ചൂണ്ടിക്കാട്ടി മദ്യത്തിന്റെ വില വർദ്ധിപ്പിച്ചിരിക്കുന്നു. ഇത് മദ്യകമ്പനികളെ സഹായിക്കാനാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബിവറേജസ് കോർപ്പറേഷൻ എം.ഡി ഇവർക്കെതിരെ അന്വേഷണം വേണമെന്നാണ് രമേശ് ചെന്നിത്തല നൽകിയിരിക്കുന്ന കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.