ഡൽഹി: ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പലതരത്തിലുള്ള സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്. മിക്കവയും വായനക്കാരിൽ ആശങ്കകൾ നിറയ്ക്കുന്നവയുമാണ്. വീണ്ടും ഒരിടവേളക്കുശേഷം കോറോണ ജനങ്ങളിൽ ഭീതി പരത്തുമ്പോൾ ആശ്വാസകരമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് രാജീവ് പട്ടത്തിൽ എന്ന പ്രൊഫസർ. പുതിയ വകഭേദം സംബന്ധിച്ച ആശങ്കകളിൽ കഴമ്പില്ലെന്നാണ് കുറിപ്പിലൂടെ ഇദ്ദേഹം വ്യക്തമാക്കുന്നത്.

യുകെയിൽ പുതിയ വൈറസുണ്ടോയെന്ന് വാട്‌സാപ് സന്ദേശങ്ങളുടെ പെരുമഴയാണ്. വൈറസിനെ പറ്റി ഇവിടുള്ളതിനേക്കാൾ വേവലാതി പുറത്താണെന്ന് പെട്ടെന്ന് തോന്നുമെങ്കിലും ജാഗ്രത പാലിച്ചാൽ മാത്രം മതിയെന്നും ആശങ്ക വേണ്ടെന്നും സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പിൽ രാജീവ് പട്ടത്തിൽ പറയുന്നു.

പുതിയ വൈറസ് എന്ന പ്രയോഗം ശരിയല്ലെന്നും കൊറോണ വൈറസിന്റെ പുതിയ വകഭേദം എന്നുതന്നെ പറയണമെന്നും രാജീവ് പറയുന്നു. വൈറസുകളിലെ ജനിതകമാറ്റം സാധാരണമാണ്. മുൻ വൈറസിനേക്കാൾ സാംക്രമികശേഷി കൂടുതലാണെന്ന കണ്ടെത്തലാണ് പ്രശ്‌നമായിരിക്കുന്നത്.റീപ്രൊഡക്ഷൻ റേറ്റ് മുൻ വൈറസിനെക്കാളും 0.4 മുതൽ 0.5 വരെ കൂടുതലാണെന്നാണ് ചില കണക്കുകൾ. വൈറസ് വ്യാപനം എക്‌സ്‌പൊണൻഷ്യൽ ഗ്രോത്ത് ആയതിനാൽ ചെറിയ വ്യതിയാനങ്ങൾപോലും വലിയ തരത്തിലുള്ള വ്യാപനമുണ്ടാക്കും രാജീവ് എഴുതുന്നു.സെപ്റ്റംബറിലാണ് ലണ്ടനിൽ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. കൂടുതലും ലണ്ടനിലാണെങ്കിലും യുകെയുടെ പല ഭാഗങ്ങളിലും യൂറോപ്പിൽ തന്നെയും പുതിയ വകഭേദം ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും മരണനിരക്ക് ഒറിജിനൽ വൈറസിന്റേതിനേക്കാൾ കുറവാണെന്നും ചില സൂചനകളുണ്ട്. അതിനൊരു കാരണം പോസിറ്റീവ് കേസുകളിൽ വലിയ വർധന ഉണ്ടായിട്ടും കോവിഡ് മരണങ്ങൾ കൂടിക്കാണുന്നില്ല എന്നതാണ്. യുകെയിൽ ഏകദേശം 5 ലക്ഷത്തോളം ജനങ്ങൾക്ക് വാക്‌സിനേഷൻ കിട്ടി എന്നാണ് കണക്ക്. ഏപ്രിൽ ആവുമ്പോഴേക്കും മിക്കവർക്കും വാക്‌സിനേഷൻ നൽകാനാണ് പ്ലാൻ.ഇപ്പോഴുള്ള ഫൈസർ വാക്‌സിൻ വൈറസിന്റെ പ്രോട്ടീൻ സ്ട്രക്ച്ചറിനെ അനുസരിച്ചുള്ളതാണെങ്കിലും സ്ട്രക്ച്ചറിൽ ചെറിയ വ്യതിയാനങ്ങൾ മാത്രമേ ഉള്ളൂവെങ്കിൽ ഇപ്പോഴുള്ള വാക്‌സിൻ തന്നെ മതിയാവും. പക്ഷേ ഫ്‌ളൂ പോലെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വൈറസ് ആണെങ്കിൽ വാക്‌സിനും അതനുസരിച്ച് മാറേണ്ടി വരും. ഇവിടുത്തെ ഫ്ളൂ വാക്‌സിനുകൾ ഇപ്പോൾത്തന്നെ അങ്ങനെയാണ് നൽകുന്നത്. നേരത്തെയുള്ള ക്ലീഷേ സന്ദേശം പോലെ ഭയമല്ല; ജാഗ്രതയാണ് വേണ്ടത്. പ്രത്യേകിച്ചും ക്രിസ്മസ് കാലത്ത് രാജീവ് പറയുന്നു.

ഇതിനുപുറമെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി എന്ന രീതിയിലാണ് മറ്റൊരു സന്ദേശം പ്രചരിക്കുന്നത്. ഇതിന് കൃത്യമായ നിർദ്ദേശവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്.യു.കെയിൽ കണ്ടെത്തിയ വ്യാപനശേഷി കൂടിയ ജനിതക മാറ്റം വന്ന മഹാമാരി വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആരും പരിഭ്രാന്തരാകേണ്ട. എന്നാൽ നാം ജാഗ്രത പാലിക്കണം. യു.കെയിൽ കണ്ടെത്തിയ വൈറസിന്റെ ജനികമാറ്റം സംഭവിച്ച വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

' നീതി ആയോഗ് അംഗവും സർക്കാരിന്റെ വൈറസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗവുമായ ഡോ. വി.കെ. പോൾ പറഞ്ഞു.ഇന്ത്യയിലെ വൈറസ് വ്യാപന സാഹചര്യം വിശദീകരിക്കുന്നതിനായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ഡോ. വി.കെ. പോൾ ഇക്കാര്യം വ്യക്തമാക്കിയത്.ജനിതകമാറ്റം വന്ന വൈറസിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗത്തിന്റെ തീവ്രതയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

' നമ്മുടെ രാജ്യത്തും മറ്റും രാജ്യങ്ങളിലും വികസിപ്പിച്ച് കൊണ്ടിരിക്കുന്ന വാക്‌സിനുകളുടെ പുരോഗതിയേയും ഇത് ഇതുവരെ ബാധിച്ചിട്ടില്ല. ' അദ്ദേഹം കൂട്ടിച്ചേർത്തു.ജാഗ്രതാ മുൻകരുതൽ എന്ന നിലയ്ക്ക്, യു.കെയിൽ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും ഡിസംബർ 31 വരെ ഇന്ത്യ പിൻവലിച്ചിട്ടുണ്ട്. സാധാരണ വൈറസിൽ നിന്നും 70 ശതമാനം വ്യാപനശേഷി കൂടിയതാണ് ഇപ്പോൾ യു.കെയിൽ കണ്ടെത്തിയിരിക്കുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ്. ഇന്ത്യയ്ക്ക് പുറമേ കാനഡ, തുർക്കി, ബെൽജിയം, ഇറ്റലി, ഇസ്രയേൽ എന്നീ രാജ്യങ്ങളും യു.കെയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.