ന്യൂഡൽഹി: രാജ്യത്തെ സംവരണ കേസിൽ നിർണായക വിധി. മറാഠാ സംവരണം 50 ശതമാനത്തിനു മേൽ കടക്കരുതെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിക് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. സംവരണം 50ശതമാനം കടക്കരുത് എന്ന 1992-ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.

സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളിൽ ആവരുതെന്ന് കോടതി വ്യക്തമാക്കി. ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചത്. മറാഠാ സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുകയാണെങ്കിൽ മഹാരാഷ്ട്രയിൽ അത് 65 ശതമാനമായി ഉയരുമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി.

മറാഠകൾക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകാൻ 2017 നവംബറിൽ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ ഏതെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കിയ 102 ആം ഭരണഘടന ഭേദഗതിയുടെ സാധുത സംബന്ധിച്ചും ഇന്ന് ഭരണഘടന ബെഞ്ച് നിലപാട് വ്യക്തമാക്കുന്നുണ്ട്.

നേരത്തെ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തിൽ കൂടുതൽ ആകരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളവും ആവശ്യപ്പെട്ടിരുന്നു. നിലവിൽ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള ഘടകമാണ്. സംവരണ വിഷയത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ആകണമെന്നും കേരളം സുപ്രീം കോടതിയിൽ വാദിക്കുകയുണ്ടായി. സുപ്രീംകോടതി വിധിയോടെ സാമ്പത്തിക സംവരണം നടക്കിലാക്കി കേരളത്തിൽ അടക്കം തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഇന്ദിര സാഹ്നി കേസിൽ വ്യക്തമാക്കിയ അമ്പതു ശതമാനത്തിൽ ഉൾപ്പെടുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട സംവരണമെന്നും കേരളം ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കാൻ ഉയർന്ന ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും സുപ്രീംകോടതി നേരത്തെ കേസ് പരിഗണിക്കവേ പരാമർശം നടത്തിയിരുന്നു.