കൊല്ലം: കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലകൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല. ഇത് കേസിന് പുതിയ ട്വിസ്റ്റാകുകയാണ്. യുവതികൾക്കായി ഇത്തിക്കരയാറിൽ തെരച്ചിൽ നടക്കുകയാണ്.

അറസ്റ്റിലായ രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. യുവതികൾക്കായി ഇത്തിക്കരയാറിൽ പൊലീസ് തെരച്ചിൽ തുടങ്ങി. കാണാതായവർക്ക് 23ഉം 22ഉം വയസ്സു മാത്രമാണുള്ളത്.

ഇതിൽ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈലാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് ഇവരെ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചത്. ഇതോടെ തന്നെ ഇവർ പരിഭ്രാന്തരായിരുന്നു. ഇവർ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്ന സിസിടിവി കണ്ടെത്തിയിട്ടുണ്ട്. ഇതിന് അടുത്ത് എലിവിഷത്തിന്റെ കവറും പൊലീസിന് കിട്ടി. ഈ സാഹചര്യത്തിലാണ് ഇത്തിക്കരയാറ്റിലെ പരിശോധനം. ഈ സംഭവത്തോടെ ഈ കേസിന് പുതിയ തലം വരികയാണ്.

ഈ വർഷം ജനുവരി അഞ്ചിന് പുലർച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദർശനൻ പിള്ളയുടെ വീട്ടുവളപ്പിൽ നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദർശനൻ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്.

എന്നാൽ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദർശനൻ പിള്ളയുടെ മകൾ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെയായിരുന്നു സ്ഥിരീകരണം. വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭർത്താവ് വിഷ്ണുവിൽ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗർഭം ധരിച്ചത്. എന്നാൽ രണ്ടാമത് ഗർഭിണിയായ വിവരം രേഷ്മ ഭർത്താവടക്കം വീട്ടുകാർ എല്ലാവരിൽ നിന്നും മറച്ചുവെച്ചു.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്. ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിർദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. എന്നാൽ ഇതൊന്നും പൊലീസ് ഇനിയും പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഇതിനിടെയാണ് രണ്ട് യുവതികളെ കാണാതാകുന്നത്.

ജനുവരി 5 ന് പുലർച്ചെ വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയിൽ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് പൂർണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ യുവതി പ്രസവ വേളയിൽ തന്നെ കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി വിവരവും പുറത്തു വന്നിട്ടുണ്ട്. പ്രസവ വേദന ആരംഭിച്ചപ്പോൾ വീടിനു പുറത്തെ കുളിമുറിയിൽ കയറി വയറ്റിൽ അമർത്തി പിടിച്ചു. ശക്തമായി അമർത്തിയാൽ കുഞ്ഞിന്റെ ജീവൻ പോകുമെന്നു കരുതി. ജീവനോടെ ജനിച്ചാൽ കുഞ്ഞു നിലത്തു വീഴണം എന്ന ലക്ഷ്യത്തോടെ പ്രസവ വേളയിൽ എഴുന്നേറ്റു നിൽക്കുകയും ചെയ്തു. എന്നാൽ വേദന കലശലായപ്പോൾ കുഞ്ഞിനെ താങ്ങിപ്പിടിച്ചുപോയി. പൊക്കിൾക്കൊടി പൂർണമായും മുറിച്ചു മാറ്റാതെ തന്നെ ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ചെന്നും രേഷ്മ മൊഴി നൽകിയതായി അന്വേഷണത്തിനു നേതൃത്വം നൽകുന്ന പാരിപ്പള്ളി ഇൻസ്‌പെക്ടർ ടി.സതികുമാർ പറഞ്ഞു. പ്രസവിച്ച സ്ഥലം വൃത്തിയാക്കി ഒന്നും സംഭവിക്കാത്ത തരത്തിൽ മുറിയിലെത്തി വേദനസംഹാരി ഗുളികകൾ കഴിച്ചു കിടന്നുറങ്ങി.

പിറ്റേന്ന്, കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്നുള്ള തെളിവെടുപ്പിനിടെ 3 വയസ്സുള്ള മകളെയും എടുത്തു റബർ തോട്ടത്തിൽ ഒരു മണിക്കൂറോളം പൊലീസിനൊപ്പം രേഷ്മ നടക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മ കൂട്ടത്തിൽ ഉണ്ടെങ്കിൽ കുറച്ചുദൂരം നടക്കുമ്പോൾ ക്ഷീണിതയാകുമെന്നു കണ്ടു രേഷ്മ ഉൾപ്പെടെ പ്രദേശത്തെ സ്ത്രീകളെ പൊലീസ് മനഃപൂർവം കൂട്ടുകയായിരുന്നു. അന്നും അടുത്ത ദിവസവും മൊഴി നൽകാൻ വളരെ നേരം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കാത്തു നിന്ന രേഷ്മ വേദന മറച്ചുവച്ചാണു ചോദ്യങ്ങൾക്കു മറുപടി നൽകിയത്.

വയർ വീർത്തു വരുന്നതു മറയ്ക്കാൻ പ്രത്യേക ഇലാസ്റ്റിക് ബെൽറ്റ് രേഷ്മ ധരിക്കുകയും ചെയ്തിരുന്നുവത്രെ. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് ആദ്യം രേഷ്മ നൽകിയത്. ഒരു കുട്ടി കൂടി ജനിക്കുന്നതു ഭർത്താവിനു ഇഷ്ടമല്ലാത്തതിനാൽ മറച്ചു വച്ചതാണെന്നാണ് ആദ്യത്തെ മൊഴി. ചോദ്യങ്ങൾ മുറുകിയപ്പോൾ കുഞ്ഞിനെ വളർത്താൻ കാശില്ലെന്നായി. ഫോൺ വിവരങ്ങൾ ശേഖരിക്കുമെന്നു പറഞ്ഞപ്പോൾ ഇതുവരെ കാണാത്ത കാമുകനൊപ്പം ജീവിക്കാനാണു ഇങ്ങനെ ചെയ്തതെന്നു വെളിപ്പെടുത്തി. കാമുകനെ കാണാൻ ഒരിക്കൽ വർക്കലയിൽ പോയെങ്കിലും അയാൾ വന്നില്ല.

മടങ്ങി വന്നപ്പോൾ ഭർത്താവ് ഫോൺ പിടിച്ചുവാങ്ങി നശിപ്പിച്ചു. തുടർന്നു അമ്മയുടെ ഫോണിലൂടെയാണു കാമുകനുമായി ബന്ധപ്പെട്ടത്. കുറ്റബോധം മൂലം മറുപടി പറയാൻ വയ്യെങ്കിൽ എഴുതി നൽകാൻ പറഞ്ഞു പൊലീസ് പേപ്പറും പേനയും നൽകിയെങ്കിലും ഒരക്ഷരം പോലും എഴുതിയില്ല. രഷ്മ പറഞ്ഞ വിവരങ്ങൾക്കു സമാനമായ ഫെയ്‌സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മറ്റാരെയോ സംരക്ഷിക്കാൻ കാമുകനെക്കുറിച്ചു കളവായ വിവരങ്ങൾ നൽകിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തിൽ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലുടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു.