കണ്ണൂർ: അറസ്റ്റിലായപ്പോൾ, പൊലീസ് തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്ന് പി.എം.രേഷ്മ. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വാടക വീടു വിട്ടുനൽകിയെന്ന കേസിൽ രേഷ്മ അഭിഭാഷകൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ജാമ്യം ലഭിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ രേഷ്മ ഞായറാഴ്ച വൈകിട്ടോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചത്.

പൊലീസ് മാനുഷിക പരിഗണന നൽകിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ സൈബർ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. തന്റെയും പ്രായപൂർത്തിയാകാത്ത മകളുടെയും ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സൈബർ ആക്രമണം നടത്തിയവർക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. താനും കുടുംബവും ഭർത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണെന്നും രേഷ്മ പരാതിയിൽ പറയുന്നു.

എസ്‌ഐ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്തു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നും മോശം ഭാഷയിൽ അധിക്ഷേപിച്ചു എന്നും പരാതിയിൽ പറയുന്നു. സിപിഎം നേതാക്കളായ എം വി ജയരാജനും കാരായി രാജനും അടക്കമുള്ളവർ സൈബർ ആക്രമണം നടത്തുന്നുവെന്നും പരാതിയിലുണ്ട്.

ന്യൂമാഹി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തനിക്കെതിരെ മനുഷ്യാവകാശലംഘനം നടന്നതായാണ് രേഷ്മയുടെ ആക്ഷേപം. ഇരുപത്തിരണ്ടാം തീയതി പുലർച്ചെ 4.30 ന്ന് വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെയാണ് പൊലീസ് സംഘം വീട്ടിലെത്തി തന്റെയും മകളുടേയും ഫോണുകൾ കൈക്കലാക്കിയത്. ഒമ്പത് മണി മുതൽ രാത്രി വരെ പൊലീസ് സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ചു. ശൗചാലയം ഉപയോഗിക്കാൻ അനുവദിച്ചില്ല.

വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ബിനുമോഹൻ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകൾ ചില പ്രാദേശിക മാധ്യമങ്ങൾ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളിൽ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല.

പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം അനുവദിക്കാവുന്ന വകുപ്പുകൾ ആയിട്ട് പോലും അർദ്ധരാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. കേസിൽ നിരപരാധിയാണ് എന്ന് വ്യക്തമാക്കുന്ന രേഷ്മ താനും ഭർത്താവും സിപിഎം അനുഭാവികൾ ആണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വാർത്താ സമ്മേളനത്തിൽ എം വി ജയരാജൻ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും തന്റെയും കുടുംബത്തിന്റെയും ഫോട്ടോകൾ പരസ്യപ്പെടുത്തുകയും ചെയ്തു. ഫോട്ടോകൾ ചോർത്തി നൽകിയത് പൊലീസ് ആണെന്ന് സംശയിക്കുന്നതായും രേഷ്മ വ്യക്തമാക്കുന്നു.

അതേസമയം രേഷ്മയുടെ വീടിന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അണ്ടല്ലൂരിലെ വീട്ടിലും പരിസരത്തുമായി പത്തോളം ഉദ്യോഗസ്ഥരെയാണ് ചുമതല പ്പെടുത്തിയിട്ടുള്ളത്. രേഷ്മയെ അപായപ്പെടുത്താനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയത്.

ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അദ്ധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ ഇടം നൽകിയത്. നിജിൽ ദാസ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

രേഷ്മ ജോലി രാജിവെച്ചു

തലശ്ശേരി പുന്നോലിലെ അമൃത വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന രേഷ്മ ജോലി രാജി വച്ചു. അമൃത വിദ്യാലയത്തിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് മേധാവിയായിരുന്നു. കഴിഞ്ഞ മാസം മികച്ച അദ്ധ്യാപിക്കുള്ള പുരസ്‌കാരം അടക്കം രേഷ്മ സ്വന്തമാക്കിയിരുന്നു. എന്നാൽ നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ചു എന്നുള്ള പേരിലെ അറസ്റ്റാണ് അവരെ രാജിയിലേക്ക് നയിച്ചത്. കേസിൽ പതിനഞ്ചാം പ്രതിയായി രേഷ്മയുടെ പേരും ചേർത്തിട്ടുണ്ട്.

അറസ്റ്റിലായ ശേഷം അനേകം അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഇവരുടെ പേരിൽ വന്നിരുന്നു. അതിനാൽ തന്നെ അതിയായ മാനസിക വിഷമവും ഇവർക്കുണ്ട്. ഇതാണ് രാജിയിലേക്ക് നയിച്ചത്. ഇവർക്കെതിരെ പല രീതിയിലുള്ള പല വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കേസിൽ അറസ്റ്റിലായവർ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇവർ തയ്യാറായിട്ടില്ല.