മുംബൈ: സുശാന്ത് സിങ്് രജ്പുത്തിന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തി അറസ്റ്റിൽ. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് റിയയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസമായി റിയയെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതിനൊടുവിലാണ് നടി അറസ്റ്റിലായിരിക്കുന്നത്. റിയക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അവകാശപ്പെടുന്നത്.

മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലാണ് ഇവരെ തുടർച്ചയായി ചോദ്യം ചെയ്തത്. ഇതിനിടെ, സുശാന്തിന് തെറ്റായ മരുന്ന് നൽകിയെന്ന റിയയുടെ പരാതിയിൽ നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. രാവിലെ പത്ത് മുപ്പതോടെയാണ് റിയ ചക്രവർത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു.

എൻസിബി കസ്റ്റഡിയിൽ കഴിയുന്ന റിയയുടെ സഹോദരൻ ഷൊവിക് ചക്രവർത്തി, നടന്റെ മുൻ മാനേജർ സാമുവേൽ മിരാന്റ, വീട്ടു ജോലിക്കാരൻ ദീപേഷ് സാവന്ത് എന്നിവരെ ഇന്ന് വീണ്ടും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലെത്തിച്ചു. ഇവർക്കൊപ്പമിരുത്തിയും ചോദ്യം ചെയ്യലിന് ശേഷമാണ് നടിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. അതിനിടെ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. പ്രിയങ്ക സുശാന്തിന് തെറ്റായ മരുന്ന് നൽകിയെന്ന റിയയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി. എഫ്‌ഐആർ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ബാന്ദ്ര പൊലീസ് സ്റ്റേഷൻ റിയയുടെ രണ്ടാം വീടായി മാറിയെന്ന് സുശാന്തിന്റെ കുടുംബവക്കീൽ വികാസ് സിങ് പ്രതികരിച്ചു. കേസെടുത്ത മുംബൈ പൊലീസിന്റെ നടപടി സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

റിയ ചക്രബർത്തിയുടെ പേര് കേസിന്റെ തുടക്കം മുതൽ ഉയർന്നു കേട്ടിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നുവെന്നും റിയയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സുശാന്ത് തനിക്ക് സന്ദേശമയച്ചതായി, നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ടെ ബിഹാർ പൊലീസിന് മൊഴികുകയും ചെയ്തു. സുശാന്തിന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയാ ചക്രബർത്തിക്കെതിരെ മോഷണവും, വഞ്ചനയും ആത്മഹത്യാപ്രേരണയും അടക്കം നിരവധി കുറ്റങ്ങൾ ആരോപിച്ചാണ് സുശാന്തിന്റെ പിതാവ് കൃഷ്ണകുമാർ സിങ് രംഗത്തെത്തിയത്. പാറ്റ്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം എടുത്ത എഫ്‌ഐആറിൽ റിയയ്ക്കും കുടുംബത്തിനും എതിരെ ഗുരുതര കുറ്റങ്ങൾ തന്നെയാണ് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് ഒടുവിലാണ് കേസ് അന്വേഷിക്കാൻ സിബിഐ എത്തിയത്.

സുശാന്തിന്റെ മനോനില തെറ്റിച്ചത് ആര്?

സുശാന്തിന്റെ മനോനില തകരാറിലായതിനാണ് മഹേഷ് ഭട്ട് സടക് 2 എന്ന ചിത്രത്തിൽ നിന്ന് താരത്തെ മാറ്റിയതിനു കാരണമായി പറഞ്ഞു കേട്ടിരുന്നു. പക്ഷേ, ആ ചിത്രത്തിന്റെ തിരക്കഥ വായിച്ചതിനുശേഷം സുശാന്ത് തന്നെ ആ പ്രൊജക്ടിൽ നിന്നു പിന്മാറായതാണെന്ന് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇതിൽ അസ്വസ്ഥനായ മഹേഷ് ഭട്ട് സുശാന്തിന്റെ മനോനില തകരാറിലാണെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. റിയ ചക്രവർത്തിയെ സുശാന്തിൽ നിന്ന് അകറ്റുന്നതിനും ബോധപൂർവം ഇടപെട്ടത് മഹേഷ് ഭട്ടാണെന്നും ചിലർ ആരോപിക്കുന്നു. അതിനാൽ സുശാന്തിന്റെ മരണത്തിനു പിന്നിൽ മഹേഷ് ഭട്ടിന്റെ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇവർ വാദിക്കുന്നു.

സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ പൊലീസിനോടു സമ്മതിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിയയും സുശാന്തും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാൻ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാൽ ലോക്ഡൗണിനിടെ ഒരു വഴക്കുണ്ടാവുകയും റിയ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്തു. എന്നാൽ അതിന് ശേഷവും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും റിയയെ സുശാന്ത് വിളിച്ചിരുന്നു.

സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചിരുന്നത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. മരുന്ന് കഴിക്കാൻ തയ്യാറായില്ലെന്നും റിയ പറഞ്ഞു.കൂടുതൽ അന്വേഷണത്തിനായി റിയ, തന്റെ ഫോൺ പൊലീസിന് കൈമാറിയിരുന്നു. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.

ബോളിവുഡിനെ ഞെട്ടിച്ചാണ് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്തയെത്തുന്നത്. 34കാരനായ താരത്തെ മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 1986ൽ ബിഹാറിലെ പാട്നയിലാണ് സുശാന്ത് ജനിച്ചത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി', പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാർനാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകൾ. കഴിഞ്ഞ വർഷം പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം.