മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ കേസുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ്. സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ സഹോദരൻ സൗവിക് ചക്രബർത്തിയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാണ്ടയെയും നാർകോട്ടിക് കംട്രാൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. ഡ്രഗ് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.

സൗവികിന്റെ നിർദേശ പ്രകാരമാണ് മയക്കുമരുന്ന് സംഘടിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണി ബസിത് പരിഹാർ എൻ.സി.ബിയോട് വെളിപ്പെടുത്തിയിരുന്നു. ബസിത് പരിഹാർ, അറസ്റ്റിലായ മറ്റൊരു പ്രതി സായിദ് വിലത്ര എന്നിവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി സാമുവലും സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ സുശാന്തിനു മയക്കുമരുന്ന് നൽകിയതായി സൗവികും സമ്മതിച്ചതായി എൻ.സി. ബി വൃത്തങ്ങൾ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ റിയയുടെയും സാമുവൽ മിറാണ്ടയുടെയും വീടുകളിൽ എൻ.സി.ബി റെയിഡ് നടത്തിയിരുന്നു. രാവിലെ ആറിന് തുടങ്ങിയ റെയിഡ് ഉച്ചയോടെയാണ് അവസാനിച്ചത്. തുടർന്ന് സൗവികിനെയും സാമുവലിനെയും എൻ.സി.ബി കാര്യാലയത്തിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. എൻ.സി.ബി കോടതിയിൽ സമർപ്പിച്ച ബസിത് പരിഹാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇയാൾ സൗവികിന്റെ നിർദേശ പ്രകാരമാണ് മയക്കുമരുന്ന് സംഘടിപ്പിച്ചതെന്ന് പറയുന്നുണ്ട്. സുശാന്തിന്റെ മരണ ശേഷവും സാമുവൽ മിറാണ്ട മയക്കുമരുന്ന് വാങ്ങിയതായി സായിദ് വിലത്ര മൊഴിനൽകയിട്ടുണ്ട്.

റിയയുടെ വാട്‌സ് ആപ്പ് ചാറ്റിൽ നിന്നാണ് മയക്കുമരുന്ന് കേസിന്റെ പിറവി. റിയ, സുശാന്തിന്റെ മുൻ മാനേജർ ശ്രുതി േമാദി, ജയ ഷാ എന്നിവരെയും എൻ.സി.ബി ചോദ്യം ചെയ്യും. ഇതിനിടയിൽ, സുശാന്തിനെ വിഷാദ രോഗത്തിന് ചികിത്‌സിച്ച രണ്ട് ഡോക്ടർമാരെ സി.ബി.െഎ ചോദ്യം ചെയ്തു.