തിരുവനന്തപുരം സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ പൊലീസ് അന്വേഷണം വേണമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ്. സിങിനെ പ്രതിക്കൂട്ടിലാക്കും വിധത്തിൽ വിവാദങ്ങൾ ഉയരുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ഋഷിരാജ് സിങ് ആവശ്യപ്പെടുന്നത്.

ഇത് സംബന്ധിച്ച് ഋഷിരാജ് സിങ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് കത്ത് നൽകി. ശബ്ദരേഖ റെക്കോർഡ് ചെയ്ത സ്ഥലം, തീയതി, വ്യക്തി എന്നിവ കണ്ടെത്തണമെന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ശബ്ദസന്ദേശത്തിന്റെ ആധികാരികത, ഇത് വാർത്താ പോർട്ടലിന് ലഭിച്ചത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അന്വേഷണിക്കണമെന്നും കത്തിൽ പറയുന്നു.

സ്വപ്നയുടെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷണം നടത്താൻ നേരത്തെ ജയിൽ ഡിഐജി. അജയകുമാറിനെ ഋഷിരാജ് സിങ് ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അട്ടക്കുളങ്ങര ജയിലിൽ പരിശോധന നടത്തുകയും സ്വപ്നയുടെ മൊഴിയെടുക്കുകയും ചെയ്തു. ശബ്ദസന്ദേശം ജയിലിൽവെച്ച് റെക്കോർഡ് ചെയ്തതല്ലെന്നായിരുന്നു വിശദീകരണം. ശബ്ദരേഖയിലെ ശബ്ദം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് ശരിവെച്ച് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി വ്യക്തമാക്കിയിരുന്നു.

അതേസമയം, പുറത്തുവന്ന ശബ്ദം തന്റേതാണെന്നും എന്നാൽ എപ്പോൾ റെക്കോർഡ് ചെയ്തതാണെന്ന് ഓർമ്മയില്ലെന്നുമാണ് സ്വപ്നയുടെ മൊഴി. ഇക്കാര്യം ഡിഐജിയും സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച അട്ടക്കുളങ്ങര ജയിലിലെത്തി ഡി.ഐ.ജി സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നിർബന്ധിച്ചതായി സ്വപ്ന സുരേഷ് പറയുന്ന ശബ്ദരേഖ ഓൺലൈൻ പോർട്ടലായ 'ദ ക്യൂ'വാണ് പുറത്ത് വിട്ടത്. മുഖ്യമന്ത്രിക്കായി ശിവശങ്കറിന്റെ കൂടെ യു.എ.ഇയിൽ പോയി സാമ്പത്തിക വിലപേശൽ നടത്തിയെന്ന് മൊഴിനൽകാനാണ് ഇ.ഡി നിർബന്ധിച്ചതെന്നും ശബ്ദരേഖയിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകിയാൽ മാപ്പു സാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായും, രേഖപ്പെടുത്തിയ തന്റെ മൊഴി കൃത്യമായി വായിച്ച് നോക്കാൻ അനുവദിച്ചില്ലെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ വീണ്ടും ജയിലിൽ വരുമെന്നും ശബ്ദരേഖയിൽ പറയുന്നു.