പാട്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആർജെഡി. പന്ത്രണ്ട് സീറ്റുകളിലാണ് ആർജെഡി അട്ടിമറി ശ്രമം ആരോപിക്കുന്നത്. നിതീഷ് കുമാറും സുശീൽ കുമാർ മോദിയും ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നതായി ആർജെഡി ആരോപിക്കുന്നു. റിട്ടേണിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ആർജെഡി വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയെ പിന്തള്ളി ആർജെഡി ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. 75 സീറ്റുകളിലാണ് നിലവിൽ മുന്നേറ്റം. തൊട്ടുപിന്നിൽ 73 സീറ്റുകളിൽ ബിജെപിയും മുന്നേറുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ ഇടത് പക്ഷം തുടക്കത്തിൽ ഉയർത്തിയ മുന്നേറ്റം നിലനിർത്തി 18 സീറ്റുകളിൽ മുന്നിലാണ്. അതേ സമയം 20 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. മഹാസഖ്യത്തിൽ വലിയ തിരിച്ചടി നൽകിയത് കോൺഗ്രസ് ആണെന്നാണ് വിലയിരുത്തൽ.

ഒരുഘട്ടത്തിൽ പിന്നോട്ട് പോയെങ്കിലും കേവലഭൂരിപക്ഷം തിരിച്ചുപിടിച്ച എൻഡിഎ 125 സീറ്റുകളിൽ മുന്നേറുകയാണ്. മഹാസഖ്യം 111 സീറ്റുകളിലും ഇടതുപാർട്ടികൾ 18 ഇടത്തും മുന്നിലാണ്. എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലിന്റെ തുടക്കത്തിൽ മഹാസഖ്യം വലിയ മുന്നേറ്റം സൃഷ്ടിച്ചെങ്കിലും എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി എൻഡിഎ ഒരുപടി മുന്നിൽ കുതിച്ചു. അസദുദ്ദീൻ ഒവൈസിയുടെ ഓൾഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അഞ്ചു സീറ്റുകളിലും ബിഎസ്‌പി ഒരു സീറ്റിലും മുന്നേറുന്നുണ്ട്. രണ്ട് സ്വതന്ത്രരും ലീഡ് ചെയ്യുന്നു. തൂക്കുസഭ വരികയാണെങ്കിൽ ഈ കക്ഷികളുടെ നിലപാട് നിർണായകമാകും. തൂക്കുസഭ മുന്നിൽ കണ്ട് ഇരു മുന്നണികളും ദേശീയ-സംസ്ഥാന തലങ്ങളിൽ മാരത്തൺ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

മഹാസഖ്യത്തിൽ ആർജെഡിക്ക് പുറമെ കോൺഗ്രസ് 20, സിപിഐ (എം.എൽ) 12 സിപിഐ 3, സിപിഐം 3 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ മുന്നണിയിൽ ബിജെപിക്കും ജെഡിയുവിനും പുറമെ വിഐപി അഞ്ചിടത്തും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്യുലർ) മൂന്നിടങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ട്.