കൊല്ലം: കുറഞ്ഞ വിലക്ക് മൊബൈൽ ലഭിച്ചയാൾ സംശയം പൊലീസിനെ അറിയിക്കുകയും അന്വേഷണത്തിനൊടുവിൽ പിടിയിലാകുകയുമായിരുന്നു. നവംബർ ഏഴാം തീയതി രാത്രിയിലാണ് പൂയപ്പള്ളി ചാവടിയിൽ ബിൽഡിങ്ങിൽ നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേർന്ന് നടത്തുന്ന ആൽഫാ മൊബൈൽസിൽ മോഷണം നടന്നത്. കണ്ണനല്ലൂർ പാലമുക്ക്, ഹെൽത്ത് സെന്ററിന് സമീപം ദേവകി ഭവനിൽ സജിലാൽ (21), കണ്ണനല്ലൂർ വടക്ക് മൈലക്കാട് നെല്ലിക്കാവിള വീട്ടിൽ അരുൺ (21), കണ്ണനല്ലൂർ ചേരിക്കോണം ചിറയിൽ വീട്ടിൽ മാഹീൻ (21) എന്നിവരെയാണ് പൂയപ്പള്ളി സിഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

അതിവിദഗ്ധമായി മൊബൈൽ കടയുടെ ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് മാറ്റിയാണ് പ്രതികൾ അകത്ത് കടന്നത്. ഈ സമയം പ്രദേശത്തെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതിരുന്നതും എതിർ വശത്തെ കടയിലെ സിസി ടിവി കാമറയിൽ ദൃശ്യം പതിയാതിരുന്നതും പ്രതികൾക്ക് രക്ഷയായിരുന്നു.

കടയിൽ നിന്ന് 7 സ്മാർട്ട് ഫോണുകളും 15,000 രൂപയും കവർന്നിരുന്നു. റെഡ്മി കമ്ബനിയുടെ രണ്ടും റിയൽമി കമ്പനിയുടെ അഞ്ചും സ്മാർട്ട് ഫോണുകളാണ് അപഹരിച്ചിരുന്നത്. നോക്കിയ, ലാവാ, ജിയോ കമ്പനികളുടെ 10 കീപാടുകൾ, ഹെഡ്‌സെറ്റുകൾ, ചാർജറുകൾ, ബ്ലുടൂത്ത് ഹെഡ്‌സെറ്റുകൾ എന്നിവയും കവർന്നിരുന്നു.

മോഷണമുതലുമായി ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ പോകുന്ന വഴിയിൽ മുട്ടക്കാവിൽ കണ്ണനല്ലൂർ പൊലീസിന്റെ പരിശോധന ഉണ്ടായിരുന്നു. എന്നാൽ, ബൈക്കിന് കൈകാണിച്ചെങ്കിലും നിർത്താതെ വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

തൃക്കോവിൽ വട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ചേരിക്കോണം കോളനിയിലെ ഒരാൾക്ക് കുറഞ്ഞ വിലയ്ക്ക് പ്രതികളിൽ ഒരാളായ സജിലാൽ മൊബൈൽ ഫോൺ വിറ്റിരുന്നു. മൊബൈൽ വാങ്ങിയയാൾക്ക് അസ്വഭാവികത തോന്നിയതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മൊബൈൽഫോൺ വിൽപന നടത്തിയ സജിലാലിനെ പൊലീസ് നിരീക്ഷിച്ചിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ മോഷണം നടത്തിയതായി തെളിഞ്ഞു.

തുടർന്ന് കൂട്ടു പ്രതികളായ അരുൺ, മാഹീൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച മൊബൈൽഫോണുകൾ, ഹെഡ്‌സെറ്റുകൾ, ചാർജ്ജറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തു. പ്രതികൾ മോഷണത്തിന് ഉപയോഗിച്ച് ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രതികളെ പൂയപ്പള്ളി ജങ്ഷനിലെ മോഷണം നടത്തിയ കടയിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ മാഹീൻ, സജിലിൽ എന്നിവർക്കെതിരെ നിരവധി അടിപിടി കേസുകളും കൊട്ടിയം പൊലീസ് സ്റ്റേഷനിൽ വിദേശയിനത്തിൽപ്പെട്ട തത്തകളെ മോഷ്ടിച്ചതിന് അരുണിന്റെ പേരിലും കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

പൂയപ്പള്ളി സിഐ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അഭിലാഷ്, സജി ജോൺ, അനിൽ കുമാർ, എഎസ്‌ഐമാരായ രാജേഷ്, സഞ്ജീവ് മാത്യൂ, സി.പി.ഒ ലിജു വർഗീസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.