ന്യൂഡൽഹി: കോവിഡും ലോക്ഡൗണും ജീവിതത്തെയാകെ മാറ്റി മറിക്കുകയാണ്. ജോലി നഷ്ടപ്പെട്ടും ഉള്ളവർക്ക് വരുമാനം കുറഞ്ഞുമൊക്കെ നിത്യജീവിതത്തിനായി കഷ്ടപ്പെടുന്നതാണ് ഇപ്പോഴത്തെ കാഴ്‌ച്ച.ഈ പ്രതിസന്ധി മനുഷ്യനെ എത്തിക്കുന്നതാകട്ടെ ചില അറ്റകൈ പ്രയോഗങ്ങളിലേക്കും.അത്തരത്തിൽ ഒരു അറ്റകൈ പ്രയോഗം നടത്തിയ യുവതിയുടെ വാർത്തയാണ് ഡൽഹിയിൽ നിന്നും പുറത്ത് വരുന്നത്. ജോലി നഷ്ടപ്പെട്ട് ജീവിക്കാൻ മറ്റുമാർഗ്ഗമൊന്നുമില്ലാതായതോടെ പണം കണ്ടെത്താൻ സ്വന്തം സഹോദരിയുടെ വീട് തന്നെ മോഷ്ടിക്കാനായി തെരഞ്ഞെടുത്തായിരുന്നു യുവതിയുടെ അറ്റ കൈ. പക്ഷെ ശ്രമം പരാജയപ്പെടുകയും പൊലീസ് പിടിയിലാവുകയും ചെയ്തതാണ് സംഭവത്തിന്റെ ക്ലൈമാക്‌സ്.

പശ്ചിമ ഡൽഹിയിലെ മീരാകുഞ്ജിലാണ് സംഭവം ജ്യോതി എന്ന യുവതിയും കൂട്ടാളിയായ സണ്ണിയുമാണ് അറസ്റ്റിലായതെന്ന് ഡിസിപി പർവീന്ദർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.സെക്കൻഡ് ഹാൻഡ് കാർ വിൽക്കുന്ന ഒരു കടയിൽ ജോലി ചെയ്തിരുന്ന ജ്യോതി ലോക്ക്ഡൗൺ ആയതോടെയാണ് തൊഴിൽരഹിതയായത്. അമ്മയും രണ്ട് ഇളയ സഹോദരിമാരും രണ്ട് മൂത്ത സഹോദരിമാരും ഉൾപ്പെടുന്നതാണ് ജ്യോതിയുടെ കുടുംബം. ജോലി പോയതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി.അപ്പോഴാണ് ഇത്തരത്തിലൊരു ചിന്ത മനസ്സിൽ ഉദിക്കുന്നത്. ഒരു സഹോദരിയുടെ വീട്ടിലാണ് കൊള്ള നടത്താൻ ഇവർ പദ്ധതിയിട്ടത്.

തനിച്ച് കൊള്ള നടത്താൻ പറ്റില്ലെന്ന് അറിയാമായിരുന്നു ജ്യോതി സഹായത്തിനായി ഒരാളെ തേടുകയായിരുന്നു. അങ്ങിനെയാണ് പബ്ജി കളിക്കിടെ പരിചയപ്പെട്ട സണ്ണി എന്ന യുവാവുമായി ചേർന്ന് കൊള്ളനടത്താൻ യുവതിയുടെ പദ്ധതിയിടുന്നത്. ഒരു പ്രസിൽ ജോലി ചെയ്യുകയായിരുന്ന സണ്ണിക്ക് ലോക്ക്ഡൗണിനെ തുടർന്ന് പണി നഷ്ടപ്പെട്ടു. തുടർന്ന് ഇയാൾ, ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ്, ജ്യോതിയുമായി പരിചയമായത്. സഹോദരിയുടെ ഭർത്താവിന്റെ കൈയിൽ 60,000 രൂപ ഉണ്ടെന്നും അത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ജ്യോതി സണ്ണിയെ അറിയിക്കുകയും വീട്ടിൽ കയറി ആ പണം കൊള്ളയടിക്കാൻ ഇവർ പദ്ധതിയിടുകയുമായിരുന്നു

മീരാ കുഞ്ജിലെ നിലോതി എക്സ്റ്റൻഷനിലാണ് ജ്യോതിയുടെ സഹോദരിയുടെ വീട്. ഇവിടെയാണ്, കഴിഞ്ഞ ദിവസം സണ്ണിയും കൂട്ടകാരനും ഇവരുടെ ഭർത്താവിനെ തിരക്കി എത്തിയത്. ഭർത്താവിന്റെ സുഹൃത്തുക്കൾ ആണെന്ന ധാരണയിൽ വാതിൽ തുറന്ന് ഇവരെ വീട്ടിലേക്ക് പ്രവേശിപ്പിച്ചു. പെട്ടെന്ന്, അവരിലൊരാൾ കൈത്തോക്ക് ചൂണ്ടുകയും മറ്റേയാൾ ഇവരുടെ വായ തുണി കൊണ്ട് മൂടിക്കെട്ടുകയും ചെയ്തു. തുടർന്ന്, വീടു മുഴുവൻ പരിശോധിച്ചു. അതിനിടെ, മുഖത്തെ കെട്ടഴിച്ച, ജ്യോതിയുടെ സഹോദരി ബഹളമുണ്ടാക്കുകയും കൊള്ളനടത്താനെത്തിയവർ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിനു ശേഷം, ഇവർ പൊലീസിനെ വിളിച്ച് വിവരമറിയിച്ചു.

സി സി ടി വി പരിശോധിച്ചപ്പോൾ, വീടിന്റെ കുറച്ചകലെ സ്‌കൂട്ടർ നിർത്തിയാണ് ഇവർ അകത്തേക്ക് ചെന്നതെന്ന് വ്യക്തമായി. പരിഭ്രമിച്ച് ഓടുന്നതിനിടെ, സ്‌കൂട്ടർ എടുക്കാതെയാണ് ഇവർ ഓടിരക്ഷപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ, അമർ എന്നൊരാൾ മൂന്ന് വർഷം മുമ്പ് വിറ്റ വണ്ടിയാണ് ഇതെന്ന് കണ്ടെത്തി. വണ്ടി കൊണ്ടുപോവാൻ സംഘം വരുമെന്ന ധാരണയിൽ ഒരു പൊലീസുകാരനെ സ്‌കൂട്ടറിനടുത്ത് രഹസ്യമായി നിയോഗിച്ചു.

മണിക്കൂറുകൾക്കു ശേഷം, സ്‌കൂട്ടർ എടുക്കാൻ സണ്ണി എത്തിയപ്പോൾ പൊലീസ് പിടികൂടി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ജ്യോതിയുടെ പങ്ക് വെളിച്ചത്തായത്. അതിനെ തുടർന്ന്, ജ്യോതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ, ജ്യോതി നടന്നതെല്ലാം തുറന്നുസമ്മതിച്ചതായി പൊലീസ് പറയുന്നു.

ചോദ്യം ചെയ്യലിൽ ജ്യോതി പറഞ്ഞത് ഇങ്ങനെ; പെയിന്റ് ബിസിനസ് ചെയ്യുന്ന സഹോദരീ ഭർത്താവായ ബ്രിജേഷ് എപ്പോഴും വീട്ടിൽ പണം സൂക്ഷിക്കാറുണ്ടെന്ന് തനിക്കറിയാമായിരുന്നു. ഇദ്ദേഹം അറുപതിനായിരം രൂപ വീട്ടിൽ കൊണ്ടുവെച്ചതായി അറിഞ്ഞതോടെ പിറ്റേന്ന് ബ്രിജേഷ് ജോലിക്കുപോയ ഉടൻ തന്നെ സണ്ണിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഒരു കളിത്തോക്കുമായി വീട്ടിലേക്ക് ചെന്നു. എന്നാൽ, വീട്ടിൽ സൂക്ഷിച്ച പണം തൊഴിലാളികൾക്ക് കൂലി നൽകുന്നതിനായി ബ്രിജേഷ് കൊണ്ടുപോയതിനാൽ, അത് കണ്ടെത്താനായില്ല. അതിനിടെയാണ്, ജ്യോതിയുടെ സഹോദരി ബഹളം വെച്ചതും ഇവർ രക്ഷപ്പെട്ടതും. ഇവർ ഉപയോഗിച്ച കളിത്തോക്ക് കണ്ടെത്തിയതായും സംഘത്തിലെ മറ്റേയാൾക്കു വേണ്ടി അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.