ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിൽ എപ്പോഴൊക്കെ സജീവമാകുന്നോ അപ്പോഴൊക്കെ പതിവായി പണി കിട്ടുന്ന ഒരാളുണ്ട്. അത് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര തന്നെയാണ്. ബിനാമി ആസ്തി കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലാണ് വാദ്രയെ അലട്ടുന്ന്. ഇപ്പോൾ വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് അന്വേഷണ ഏജൻസികൾ. ഇതിനെതിരെ വാദ്ര രംഗത്തെത്തുകയും ചെയ്യുന്നു. കേന്ദ്രസർക്കാരിനെതിരെ ചോദ്യമുയരുമ്പോഴെല്ലാം താൻ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്ന് വധേര പറഞ്ഞു. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ തെറ്റായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷ ഏജൻസികൾ എപ്പോഴെല്ലാം ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടോ അപ്പോഴെല്ലാം താൻ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമവുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച എട്ട് മണിക്കൂർ വധേരയെ ചോദ്യം ചെയ്തത്. 'ഞാൻ വിവിധ ഏജൻസികൾക്ക് 2,300 ഓളം രേഖകൾ നൽകിയിട്ടുണ്ട്. 13 തവണ ഡൽഹിയിലെ ഇ.ഡി ഓഫീസിലേക്ക് പോയിട്ടുണ്ട്. അവർ എന്നോട് ഒരേ ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദിക്കുന്നു, എല്ലാ ഉത്തരങ്ങളും റെക്കോർഡുചെയ്യുന്നു', റോബർട്ട് വധേര പറഞ്ഞു.

രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായാലോ എന്ന ചോദ്യത്തിന് ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് രാഹുൽ ഗാന്ധിക്ക് ഉണ്ടെന്നും കോൺഗ്രസിന്റെ പ്രസിഡന്റായി അദ്ദേഹം വരണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു വധേരയുടെ മറുപടി. ഉത്തർപ്രദേശിലെ ബദൗറിൽ കഴിഞ്ഞ ദിവസം നടന്ന ബലാത്സംഗക്കൊലയ്ക്കെതിരെയും വധേര രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ കേൾക്കുമ്പോൾ അങ്ങേയറ്റം ദുഃഖം തോന്നാറുണ്ടെന്നും ഉത്തർപ്രദേശിലെ ക്രമസമാധാനനില പാടെ തകർന്നെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴെല്ലാം എനിക്ക് സങ്കടം തോന്നാറുണ്ട്. യു.പിയിലെ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു. കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും
വധേര പറഞ്ഞു. രാജസ്ഥാനിലെ അതിർത്തി നഗരമായ ബിക്കാനീറിൽ വധേരയുമായി ബന്ധമുള്ള ഒരു സ്ഥാപനം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്ന് ഐ.ടി വകുപ്പ് അധികൃതർ തിങ്കളാഴ്ച പറഞ്ഞിരുന്നു.

കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2015 ൽ വധേരക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്യുകയും 2019 ൽ ഈ കേസിൽ എം.എസ് സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി (പി) ലിമിറ്റഡിന്റെ 4.62 കോടി രൂപയുടെ ആസ്തി എൻഫോഴ്സമെന്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.