റാന്നി: സ്വകാര്യ സന്ദർശനത്തിന് പോയ മന്ത്രി റോഷി അഗസ്റ്റിന്റെ വാഹനം തടഞ്ഞ മൂന്നു സിപിഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മന്ത്രിക്ക് പരാതി ഇല്ലെന്ന് അറിയിച്ചതിനാൽ പെറ്റിക്കേസ് എടുത്ത് വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ജണ്ടായിക്കലിൽ വച്ചാണ് സംഭവം. റാന്നിയിലെ പാർട്ടി പരിപാടി കഴിഞ്ഞ പ്രമോദ് നാരായണൻ എംഎൽഎയ്ക്കൊപ്പം ജണ്ടായിക്കലിലുള്ള വ്യക്തിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മൂന്നു പേർ ചേർന്ന് വാഹനം കൈ കാണിച്ച് നിർത്തിയത്.

പ്രമോദ് നാരായണൻ എംഎൽഎയുടെ വാഹനത്തിന് തൊട്ടു പിന്നിലായിരുന്നു മന്ത്രിയുടെ വാഹനം. സ്വകാര്യ സന്ദർശനമായിരുന്നതിനാൽ പൊലീസ് അകമ്പടി ഉണ്ടായിരുന്നില്ലെന്നും പറയുന്നു. ഈ സമയത്താണ് പ്രദേശവാസികളും സിപിഎം പ്രവർത്തകരുമായ ജോസി, സനു, റോഷൻ എന്നിവർ ചേർന്ന് വാഹനത്തിന് കൈ കാണിച്ച് നിർത്തിയത്.

തൊട്ടടുത്തുള്ള കണ്ണന്താനം ക്രഷർ യൂണിറ്റിലെ മലിന ജലം യാതൊരു മാനദണ്ഡവും പാലിക്കാതെ റോഡിലേക്കും തോട്ടിലേക്കും ഒഴുക്കുന്നുവെന്നായിരുന്നു യുവാക്കളുടെ പരാതി. ഇവിടെ നിന്നുള്ള പൊടിപടലവും മറ്റ് മാലിന്യങ്ങളും ജനജീവിതം ദുസഹമാക്കുന്നുവെന്നും യുവാക്കൾ പറഞ്ഞു. ഇതിനിടെ ആരോ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.

മന്ത്രി തനിക്ക് പരാതി ഇല്ലെന്ന് അറിയിച്ചതോടെ പൊലീസ് ഇവരെ പൊതുസ്ഥലത്ത് ബഹളം വച്ചതിന് പെറ്റിക്കേസ് എടുത്ത് വിട്ടയയ്ക്കുകയായിരുന്നു. സിപിഎമ്മിന്റെ സജീവ പ്രവർത്തകരാണ് അറസ്റ്റിലായ മൂന്നു പേരും. തങ്ങളുടെ സമീപത്തെ പരിസ്ഥിതി പ്രശ്നം മന്ത്രിയെ അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് യുവാക്കൾ പറയുന്നത്.