തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഇടുക്കി കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. കെപിസിസി. ജനറൽസെക്രട്ടറി റോയി.കെ.പൗലോസ് അടക്കമുള്ള നേതാക്കൾ കൂട്ട രാജിയിലേക്ക്. പീരുമേട് സീറ്റ് റോയി.കെ.പൗലോസിന് നിഷേധിച്ചാൽ ഉടൻ രാജിവയ്ക്കുമെന്നാണ് ഭീഷണി. റോയിക്കൊപ്പം നിരവധി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും, മണ്ഡലം പ്രസിഡന്റുമാരും രാജിവയ്ക്കുമെന്ന് സൂചനയുണ്ട്. ഇവർ റോയി.കെ.പൗലോസിൻെ്റ വീട്ടിൽ രഹസ്യയോഗം കൂടുകയാണിപ്പോൾ. പീരുമേട് സീറ്റ് സിറിയക്ക് തോമസിനു നൽകാനാണ് നിലവിൽ കോൺഗ്രസ് തീരുമാനം.

എന്നാൽ ഈ സീറ്റ് നൽകിയാൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാവുകയും ഇടുക്കിയിലെ വിവിധ മണ്ഡലത്തിലെ വിജയങ്ങളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സിപിഐ സ്ഥാനാർത്ഥി ഇ.എസ്.ബിജിമോൾ എംഎ‍ൽഎ വിജയിച്ച സീറ്റാണ് പീരുമേട്. ഇത്തവണ ബിജിമോൾക്ക് പാർട്ടി ഇവിടെ സീറ്റു നിഷേധിക്കുകയും പകരം മുതിർന്ന നേതാവ് വാഴൂർ സോമനു സ്ഥാനാർത്ഥിത്വം നൽകിയും കഴിഞ്ഞു. വാഴൂർ സോമൻ ഇവിടെ പ്രചരണവും തുടങ്ങി കഴിഞ്ഞു. കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് പീരുമേട്. തോട്ടം തൊഴിലാളി മേഖലയാണ് ഇവിടം കൂടുതൽ.

കഴിഞ്ഞ തവണയും ഇവിടെ കോൺഗ്രസ് സീറ്റു നിർണയം വിവാദമായിരുന്നു. റോയി.കെ.പൗലോസ് അടക്കമുള്ളവർ ഇവിടെ സീറ്റിനായി രംഗത്തുണ്ടായിരുന്നു. എന്നാൽ അന്നും സീറ്റ് നൽകാൻ ഹൈക്കമാൻഡ് തയാറായില്ല. കോൺഗ്രസ് വോട്ടുകളിൽ അന്ന് അടിയൊഴുക്ക് ഉണ്ടാവുകയും സിറിയക്ക് തോമസ് നിസാര വോട്ടുകൾക്ക് ബിജിമോളോട് പരാജയപ്പെടുകയുമായിരുന്നു. തോട്ടം മേഖലയിൽ സിറിയക്കിന് നിർണായക സ്വാധീനമുണ്ട്.

അതു മുൻപിൽ കണ്ടാണ് സിറിയക്കിനു ഈ തവണയും സീറ്റു നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ മുൻ ഡി.സി.സി.പ്രസിഡന്റ് കൂടിയായ റോയി.കെ.പൗലോസിനാണ് ഇവിടെ വിജയസാധ്യത കൂടുതലെന്നാണ് മറു വിഭാഗത്തിൻെ്റ വാദം. ഇവരാണ് ഇപ്പോൾ സീറ്റു നിഷേധത്തിനെതിരെ ഇപ്പോൾ രാജി ഭീഷണി മുഴക്കി എത്തിയിരിക്കുന്നത്. ഇതിനിടയിൽ പീരുമേട്ടിലേക്ക് മുൻ ഇടുക്കി എംപിയും, നിവിൽ തൃത്താല എംഎ‍ൽഎയുമായ പി.ടി.തോമസിനെ കൊണ്ടുവരാനും നീക്കം നടത്തിയിരുന്നു. എന്നാൽ പി.ടി.തോമസ് തൃത്താലയിൽ നിന്ന് മാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.