ദുബൈ: 2019 ൽ ദുബൈ അൽഐൻ റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസിന് രണ്ട് മില്യൺ ദിർഹം( ഏകദേശം നാലു കേടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ ഉത്തരവ്. ദുബൈയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ നിയമപോരാട്ടത്തിൽ ദുബൈ കോടതിയാണ് മലയാളിക്കനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

യുഎഇയിലെ സാമൂഹികപ്രവർത്തകനും നിയമവിദഗ്ധനുമായ സലാം പാപ്പിനിശ്ശേരിയാണ് വിനുവിന് വേണ്ടി നിയമ നടപടികൾക്കായി മുന്നിട്ടിറങ്ങിയത്. മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, വിനുവിന്റെ സഹോദരൻ വിനീഷ്, ബന്ധുക്കളായ അലെൻ, ജിനു എന്നിവരുടേയും കൂട്ടായ പ്രവർത്തനങ്ങൾ കേസ് നടത്തിപ്പിന് സഹായകരമായി.

അപകടത്തെ തുടർന്ന് ഓർമ ശക്തി നഷ്ടപ്പെട്ടതടക്കം ഗുരുതര പരുക്കുകളാണ് വിനുവിന് സംഭവിച്ചിട്ടുള്ളത്. പരസഹായമില്ലാതെ നിത്യജോലികൾ ചെയ്യാൻ പോലും സാധിക്കാത്തതിനാൽ തുടർച്ചയായ വിദഗ്ധ ചികിത്സയും പരിചരണവും നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.