കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അടി പറ്റിയതോടെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകുന്ന ഒദ്യോഗിക പക്ഷത്തിനെതിരെ ബിജെപിയിൽ അടിയൊഴുക്ക് തുടങ്ങി. കണ്ണുരിൽ മുരളീധരനെ ശക്തമായി എതിർത്തു വന്നിരുന്ന പി.കെ കൃഷ്ണദാസാണ് ആർ.എസ്.എസ് പിൻതുണയോടെ കിട്ടിയ അവസരം മുതലെടുത്തു കൊണ്ട് മുരളിധരനും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമെതിരെ കരുക്കൾ നീക്കുന്നത്.

ഒരേ സമയം പരിവാർ രാഷ്ട്രീയത്തിലൂടെ ഉയർന്നു വരികയും കണ്ണുരിൽ നിന്നും ദേശീയ തലത്തിൽ വരെ എത്തുകയും ചെയ്ത നേതാക്കളാണ് മുരളീധരനും കൃഷ്ണദാസും. ഒരാൾ പാനൂർ ചെണ്ടയാട് പ്രദേശക്കാരനാണെങ്കിൽ മറ്റൊരാൾ തലശേരി തിരുവങ്ങാട് സ്വദേശിയാണ്. എ.ബി.വി.പിയിലുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്കെത്തുകയും നെഹ്രു യുവ ക് കേന്ദ്ര യിലൂടെ സ്വാധീനമുറപ്പിക്കുകയും ചെയ്ത നേതാവാണ് മുരളീധരൻ. ഹിന്ദിയും ഇംഗ്ലീഷുമടക്കമുള്ള ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും ബിജെപി ദേശീയ നേതാക്കളുമായുള്ള ഉറ്റ ബന്ധവുമാണ് മുരളിധരനെ രണ്ടാം മോദി മന്ത്രിസഭയിലെ കാബിനറ്റിൽ എത്തിച്ചത്.

എന്നാൽ ആർ.എസ്.എസ് ശാഖയിലുടെ തുടങ്ങി ജനസംഘത്തിലുടെയും ബിജെപിയിലുടെയും പ്രവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും ദേശീയ കൗൺസിൽ അംഗവുമായ നേതാവാണ് കൃഷ്ണദാസ്' സംഘർഷഭരിതമായ കണ്ണുരിലെ അക്രമ രാഷ്ട്രീയത്തിനിടെയിലുടെയാണ് അദ്ദേഹത്തിന്റെ വളർച്ച പാർട്ടി പ്രവർത്തകരിൽ ഏറെ സ്വാധീനവും ബന്ധങ്ങളുമുള്ള ഇദ്ദേഹം വർഷങ്ങൾക്ക് മുൻപ് സ്‌കുൾ അദ്ധ്യാപക ജോലിയിൽ നിന്നും സ്വയം വിരമിച്ചാണ് ഫുൾ ടൈം രാഷ്ട്രീയക്കാരനായി മാറിയത്.

പാർട്ടി ദേശീയ നിർവാഹക സമിതിയംഗമെന്ന നിലയിൽ ആന്ധ്രാപ്രദേശ ട ക്കമുള്ള സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും കൃഷ്ണദാസിനുണ്ടായിരുന്നു.എന്നാൽ പി.എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായി പോയതോടെ പാർട്ടി സംസ്ഥാന നേതൃത്വം പിടിക്കാനുള്ള കൃഷ്ണദാസ് വിഭാഗം നേതാക്കളെ നിഷ്പ്രഭമാക്കിയാണ് വി.മുരളീധരൻ ഡൽഹിയിൽ നിന്നും നടത്തിയ ചരടുവലിയിൽ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയത്. കൃഷ്ണദാസ് വിഭാഗക്കാരായ എം ടി രമേശുൾപ്പെടെ തഴയപ്പെട്ടു.

മാത്രമല്ല സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതോടെ പല ജില്ലകളിൽ നിന്നും കൃഷ്ണദാസ് വിഭാഗത്തെ ഒതുക്കി. ശോഭാ സുരേന്ദ്രനടക്കമുള്ള നേതാക്കൾ പാർശ്വവൽക്കരിക്കപ്പെട്ടു.സിപിഎമ്മിൽ പിണറായി ചെയ്തതുപോലെ എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് നായകനായി സുരേന്ദ്രൻ മാത്രമാണ് നിറഞ്ഞു നിന്നത്. കോന്നിയിലും മഞ്ചേശ്വരത്തും സ്ഥാനാർത്ഥിയായി മത്സരിച്ച സുരേന്ദ്രൻ രണ്ടിടങ്ങളിലും പ്രചാരണം നടത്തിയത് ഹെലികോപ്റ്ററിലാണ് ' എന്നാൽ സംസ്ഥാന നിയമസഭയിൽ നിലവിലുള്ള നേമം സീറ്റുകൂടി നഷ്ടപ്പെട്ട് അതിദയനീയമായ അവസ്ഥയിലാണ് ബിജെപി സംസ്ഥാന നേതൃത്വം.ബിജെപി ദേശീയ നേതൃത്വവും ആർ.എസ്.എസും കടുത്ത അതൃപ്തിയിലാണ്.

മുരളീധരന്റെ ഗ്രൂപ്പുകളി കാരണം പാർട്ടിക്ക് വൻ തിരിച്ചടിയുണ്ടായെന്ന വിമർശനം താഴെ തട്ടിൽ പ്രവർത്തകരിൽ നിന്നുമുയർന്നിട്ടുണ്ട്. കടുത്തരോഷമാണ് സംഘ് പരിവാർ പ്രവർത്തകർ തങ്ങളുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഇതു സംബന്ധിച്ച് പ്രകടിപ്പിക്കുന്നത്. മുരളീധരനെ പേരെടുത്തു പറഞ്ഞാണ് ഇവർ വിമർശിക്കുന്നത്. കെ.സുരേന്ദ്രൻ അധികാര മോഹിയാണെന്നും പാർട്ടി താൽപ്പര്യമല്ല ഗ്രുപ്പ് താൽപര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നുമാണ് വിമർശനം. മുതിർന്ന നേതാവായ ഒ.രാജഗോപാലിന്റെ പിണറായി പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്തുവെന്നും പ്രവർത്തകർ വിമർശിക്കുന്നു.

ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ആർ.എസ്.എസ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. തങ്ങളുടെ നോമിനികളായ സ്ഥാനാർത്ഥികൾക്ക് വോട്ടു കുറഞ്ഞത് ബിജെപി സംസ്ഥാന നേതാക്കളുടെ ഗ്രൂപ്പുകളി കാരണമാണെന്നാണ് ആർ.എസ്.എസിന്റെ വിമർശനം. ഈ അനുകൂല ഘടകങ്ങൾ മുതലെടുത്തു കൊണ്ട് പാർട്ടിയിൽ പിടിമുറുക്കാൻ ശ്രമിക്കുകയാണ് കൃഷ്ണദാസ് വിഭാഗം. കേരളത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി നേതൃമാറ്റമാണ് ഇവർ ആവശ്യപ്പെടുന്നത്. കണ്ണുരടക്കമുള്ള ജില്ലാ കമ്മിറ്റികളുടെ തലപ്പത്തും സംസ്ഥാന സമിതിയിലും അഴിച്ചുപണി വേണമെന്നാണ് കൃഷ്ണദാസ് വിഭാഗം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കൃഷ്ണദാസ് ഈ വിഷയം ഉന്നയിച്ചുവെന്നാണ് സൂചന.

ബിജെപിയിൽ നടമാടുന്ന ഗ്രൂപ്പിസവും സ്വജനപക്ഷപാതവും ഇനിയും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ആർ.എസ്.എസ്. കൃഷ്ണദാസിനെ മുൻനിർത്തി ഒരു ശുദ്ധികലശത്തിനാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. നേമത്ത് കുമ്മനം രാജശേഖരൻ, തൃശുരിൽ സുരേഷ് ഗോപി, പാലക്കാട് ഇ.ശ്രീധരൻ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ, കൂത്തുപറമ്പിൽ സി.സദാനന്ദൻ എന്നിവരുടെ തോൽവി ഗൗരവതരമാണെന്നാണ് ആർ.എസ്.എസിന്റെ വിലയിരുത്തൽ.