തിരുവനന്തപുരം: കരുവന്നൂർ അടക്കമുള്ള സഹകരണമേഖലയിലെ തട്ടിപ്പുകളുടെ കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സഹകരണമേഖല പിടിക്കാൻ ആർഎസ്എസ് രംഗത്ത്. കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും ചെറുതും വലുതുമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് അവർ കണക്കുകൂട്ടുന്നു. മാത്രമല്ല കള്ളപ്പണം വെളുപ്പിക്കുന്നതിനും പലരും ഈ ബാങ്കുകളെ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടും കേന്ദ്രസർക്കാരിന്റെ പക്കലുണ്ട്. മലപ്പുറം സ്വർണക്കടത്ത് കേസിലും അർജുൻ ആയങ്കിയുടെ സംഘം കണ്ണൂരിലെ ഒരു പ്രമുഖ സഹകരണ ബാങ്കിലെ പണം അനധികൃതമായി ഉപയോഗിച്ചു എന്നും വാർത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ആരംഭിക്കാൻ പോകുന്ന സഹകരണ എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് സഹകരണമേഖല പിടിക്കാൻ ആർഎസ്എസ് തയ്യാറെടുക്കുന്നത്.

അമിത് ഷായെ സഹകരണ വകുപ്പിന്റെ ചുമതല ഏൽപ്പിച്ചത് ചുമ്മാതാണെന്ന് ആരും കരുതുന്നില്ല. സഹകരണമേഖല ശക്തമായ ഗുജറാത്തിനൊപ്പം കേരളത്തിലും ഷായുടെ ഒരു കണ്ണ് ഇനി ഉണ്ടാകുമെന്നാണ് പാർട്ടി പ്രവർത്തകർ കരുതുന്നത്. അമിത് ഷാ തലവനായി സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതിനൊപ്പമാണ് സഹകരണ മേഖലയിലെ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ അന്വേഷിക്കാൻ സഹകരണ എൻഫോഴ്‌സ്‌മെന്റും സ്ഥാപിക്കുന്നത്. സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകളിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന നിയമ പിന്തുണയോടെയാണ് എൻഫോഴ്‌സ്‌മെന്റ് രൂപീകരണമെന്നാണു സൂചന.

റിസർവ് ബാങ്ക് ലൈസൻസുള്ള സഹകരണ സംഘങ്ങളിലെല്ലാം പരിശോധനയ്ക്ക് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് അനുമതിയുണ്ടാകും. കേരള ബാങ്ക് , അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവ റിസർവ് ബാങ്കിന്റെ ലൈസൻസിലാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്.

സിപിഎം മേധാവിത്വമുള്ള സംസ്ഥാന സഹകരണ മേഖലയിൽ ചുവടുറപ്പിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്താൻ സഹകാർ ഭാരതിയോട് ആർഎസ്എസ് നിർദ്ദേശിച്ചിട്ടുണ്ട്. സഹകാർ ഭാരതി 2010 ൽ 'കുടുംബശ്രീ' മാതൃകയിൽ കേരളത്തിൽ തുടങ്ങിയ 'അക്ഷയശ്രീ'യിൽ ഇപ്പോൾ 8400 യൂണിറ്റുണ്ട്. അടുത്ത 2 വർഷം കൊണ്ട് 25,000 യൂണിറ്റുകൾ തുടങ്ങും. ഇവിടെ നിർമ്മിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്നതിനു 'ഗ്രാമീൺ സമൃദ്ധി സ്റ്റോർ' എന്ന പേരിൽ ആരംഭിച്ച സൂപ്പർ മാർക്കറ്റുകൾ വ്യാപിപ്പിക്കാനും ലക്ഷ്യമുണ്ട്.

കേരളത്തിൽ സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിക്കാത്തതിനാൽ മൂന്നും നാലും സംസ്ഥാനങ്ങൾ ചേർന്നു രജിസ്റ്റർ ചെയ്യുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലാണ് ഇപ്പോൾ കേരളത്തിൽ സഹകാർ ഭാരതി സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. കർണാടകയുടെ കാംകോ, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭാരത് അഗ്രോപ്രോസസിങ് ആൻഡ് മാർക്കറ്റിങ് സംഘം (ബാംകോ) തുടങ്ങിയവ കേരളത്തിൽ സജീവമായിക്കഴിഞ്ഞു.

ഇപ്പോൾ കേന്ദ്രഫണ്ട് കേരളത്തിൽ നോഡൽ ഏജൻസിയായ 'കുടുംബശ്രീ' വഴി മാത്രമാണു കിട്ടുന്നത്. 'അക്ഷയശ്രീ'യെയും നോഡൽ ഏജൻസിയാക്കണമെന്ന് സഹകാർ ഭാരതി കേന്ദ്ര സഹകരണ വകുപ്പിന് അപേക്ഷ നൽകിയിരിക്കുകയാണ്. 50 വീടുകൾക്കു മുന്തിയ ഇനം പശുക്കളെ നൽകി പാൽ ഉൽപാദനം വർധിപ്പിക്കുന്ന 'ദേശീയ ഗോകുൽ മിഷൻ' വഴി കേരളത്തിൽ 'അക്ഷയശ്രീ ഗോകുൽ മിഷൻ പദ്ധതി' നടപ്പാക്കുന്നതിനും നടപടിയായിട്ടുണ്ട്. അക്ഷയശ്രീയിലൂടെ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾക്ക് ബിജെപി ഭരിക്കുന്ന ഇതരസംസ്ഥാനങ്ങളിലും വിപണി സൃഷ്ടിക്കാൻ ആർഎസ്എസിന് പദ്ധതിയുണ്ട്.

കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ സഹകരണസ്ഥാപനങ്ങൾ ആരംഭിച്ചും മറ്റുള്ളവ പിടിച്ചെടുത്തും ഈ മേഖലയിൽ കൂടുതൽ വളരുക എന്ന ലക്ഷ്യമാണ് ആർഎസ്എസിനുള്ളത്. അതിന് വേണ്ടി സഹകാർ ഭാരതിയെ ശക്തിപ്പെടുത്താനാണ് ഉദ്ദേശം. അത്തരത്തിൽ കൂടുതൽപേരെ സംഘടനയുമായി അടുപ്പിക്കാമെന്ന് ആർഎസ്എസ് കരുതുന്നു.