പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലർ ഫ്രണ്ട് നേതാവാണ് പിടിയിലായത്.

അന്വേഷണഘട്ടത്തിലായതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നെന്മാറ സ്വദേശിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

തെളിവെടുപ്പിനുശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് റിമാൻഡിലായ പ്രതി.

ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോൾ തടഞ്ഞ് നിർത്തി വെട്ടിവീഴ്‌ത്തുകയായിരുന്നു.

തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷക് പ്രമുഖ്, എലപ്പുള്ളി എടുപ്പുകുളം ശരത് നിവാസിൽ ആറുച്ചാമിയുടെ മകൻ സഞ്ജിത് (27) ആണു കൊല്ലപ്പെട്ടത്. കിണാശ്ശേരി മമ്പ്രത്താണു കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

റോഡിൽ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അർഷികയ്ക്കു മുന്നിൽവച്ചാണു വടിവാളുമായി ആക്രമിച്ചത്. സംഭവസ്ഥലത്തു രക്തത്തിൽ കുളിച്ചു കിടന്ന സഞ്ജിത്തിനെ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തിൽ 30 വെട്ടുകളുണ്ടായിരുന്നു. തലയ്‌ക്കേറ്റ 6 വെട്ടുകളാണു മരണകാരണമെന്നാണു നിഗമനം.

സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

സംഭവത്തിൽ ഉൾപ്പെട്ടവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ രഹസ്യമായി കഴിയുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതേ തുടർന്ന് മറ്റ് ജില്ലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സഞ്ജിത്തിന്റെ കൊലപാതകത്തിൽ തിങ്കളാഴ്ചയാണ് ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. നെന്മാറ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. സംഭവ സമയത്ത് വാഹനം ഓടിച്ചത് ഇയാളാണെന്നാണ് വിവരം.