കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ നേതൃ ചുമതല ആർഎസ്എസ് ദേശീയ നേതൃത്വം ഏറ്റെടുക്കുന്നു. ആർ എസ് സിന്റെ ദേശീയ നേതാക്കൾ ക്യാമ്പ് ചെയ്ത് കാര്യങ്ങൾ നീക്കം. ക്രൈസ്തവ സഭയെ അടുപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ പദ്ധതി. ഇതിന് ആർ എസ് എസും തന്ത്രങ്ങളൊരുക്കും. കേരളത്തിലെ പരിവാർ നേതൃത്വത്തിന് ഇതിനുള്ള കരുത്തില്ലെന്ന് മനസ്സിലാക്കി മുതിർന്ന ദേശീയ നേതാക്കളെ ആ ദൗത്യം ഏൽപ്പിക്കും. ഇന്ന് ഓർത്തഡോക്സ് സഭാ മെത്രാപ്പൊലീത്തമാർ ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യയുമായിട്ടാണ് കൂടിക്കാഴ്ച. കേരളത്തിലെ ക്രൈസ്തവ വോട്ടുകൾ അടുപ്പിക്കണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന് പിന്നാലെയുള്ള ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്താണ് ചർച്ച നടന്നത്. രണ്ടു ബിഷപ്പുമാരാണ് ചർച്ചയ്ക്കെത്തിയത്. അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവർഗീസ് മാർ യൂലിയോസ് കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാണ് മന്മോഹൻ വൈദ്യയുമായി കൂടിക്കാഴ്ച നടത്തിയത്.

ബിഷപ്പുമാർ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയെന്നതും ശ്രദ്ധേയമാണ്. ആർ എസ് എസിന്റെ ദേശീയ നേതാക്കളിൽ പ്രമുഖനാണ് മന്മോഹൻ വൈദ്യ. സർസംഘചാലക് മോഹൻ ഭാഗവതിന്റെ നിർദ്ദേശം കണക്കിലെടുത്തായിരുന്നു ചർച്ച. പള്ളി തർക്കവും കേരളത്തിലെ രാഷ്ട്രീയവും ചർച്ച ചെയ്തതാണ് വിവരം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദൻ വിവിധ സഭാ അധ്യക്ഷന്മാരുമായി ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഓർത്തഡോക്‌സുകാരുടെ ചേപ്പാട് പള്ളിയെ പുരാവസ്തു സംരക്ഷിത സ്മാരകമാക്കി പൊളിക്കൽ നടപടിയിൽ നിന്ന് കേന്ദ്ര സർ്ക്കാർ ഒഴിവാക്കിയിരുന്നു.

ദീർഘനാളത്തെ ഓർത്തോഡ്ക്‌സുകാരുടെ ആവശ്യമാണ് ഇത്. ബിജെപി ജയം പ്രതീക്ഷിക്കുന്ന ചെങ്ങന്നൂരു പോലുള്ള മണ്ഡലത്തിൽ ഓർത്തഡോക്‌സ് സഭയ്ക്ക് നിർണ്ണായക സ്വാധീനമുണ്ട്. ഇത് ബിജെപിക്ക് അനുകൂലമാക്കാനായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെയാണ് സഭാ നേതാക്കൾ ആർ എസ് എസുമായി ചർച്ച നടത്തുന്നത്. ചെങ്ങന്നൂരിലെ ബിജെപി സാധ്യത പട്ടികയിലെ ഒന്നാം പേരുകാരൻ ആർ ബാലശങ്കറുമായി ഏറെ അടുപ്പമുള്ള നേതാവാണ് മന്മോഹൻ വൈദ്യ. ചെങ്ങന്നൂരിൽ വിജയം ഉറപ്പിക്കാനാണ് മന്മോഹൻ വൈദ്യുയുടെ ശ്രമം എന്നാണ് സൂചന. ഓർത്തഡോക്‌സ് സഭക്കാരായ സ്ഥാനാർത്ഥികളെ ബിജെപി നിർത്തുമെന്ന് സൂചനയുണ്ട്.

ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സംരക്ഷിക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ദേശീയപാത വികസനത്തിന്റെ പേരിൽ അതിപുരാതനവും നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടതുമായ ഈ ദേവാലയം പൊളിക്കാനുള്ള ശ്രമത്തെ അവർ എതിർക്കുകയും ചെയ്തു. ഒടുവിൽ അതിന് പരിഹാരമുണ്ടാവുകയാണ്. ഈ പള്ളിയെ കേന്ദ്ര സർക്കാർ സംരക്ഷിക്കും. അതും ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ്. പള്ളിയിലെ പ്രാർത്ഥനകളും മറ്റും മുടക്കമില്ലാതെ നടത്തുകയും ചെയ്യാം. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ബാലശങ്കറായിരുന്നു.

നാടിന്റെ പൊതുവികസന ആവശ്യങ്ങൾക്കായി സഭാവക സ്ഥലങ്ങൾ വിട്ടുനൽകാൻ സഭ ഒരിക്കലും വൈമുഖ്യം കാട്ടിയിട്ടില്ല. ചരിത്ര പ്രാധാന്യമുള്ളതും സമുദായ സൗഹാർദത്തിന്റെ പ്രതീകവും സംരക്ഷിത മന്ദിരവുമെന്ന നിലയിലും, മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാർ ദീവന്നാസിയോസിന്റെ ഖബറിടം സ്ഥിതി ചെയ്യുന്നതുമായ പള്ളി കേരള ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണെന്നായിരുന്നു മലങ്കര സഭയുടെ നിലപാട്. എന്നാൽ ആർക്കും ഒന്നും ചെയ്യാനായില്ല. ഇതിനിടെയാണ് ബിജെപിയിലെ ആർഎസ്എസ് സൈദ്ധാന്തിക മുഖമായ ബാലശങ്കർ വിഷയത്തിൽ ഇടപെട്ടത്. ഇതോടെയാണ് കേന്ദ്ര സർക്കാർ ഇടപെടുന്നതും. ഇതോടെ ചെങ്ങന്നൂരിൽ ഓർത്തഡോക്സുകാരുടെ പിന്തുണ ഉറപ്പിച്ചെന്നാണ് ബിജെപിക്കാരുടെ വിലയിരുത്തൽ.

മുൻ നിശ്ചയിച്ചിരുന്ന പാതയുടെ അലൈന്മെന്റ് മാറ്റി പകരം പള്ളിയെ ഇല്ലാതാക്കാൻ നടന്നുവരുന്ന നടപടി ദുരുദ്ദേശ്യപരമാണെന്നായിരുന്നു ഓർത്തഡോക്സുകാരുടെ നിലപാട് ചേപ്പാട് ദേവാലയത്തിന് നാശനഷ്ടം ഉണ്ടാകാത്ത തരത്തിൽ തയാറാക്കിയിരുന്നതും അന്തിമമായി അംഗീകരിക്കപ്പെട്ടിരുന്നതുമായ അലൈന്മെന്റ് പ്ലാൻ അശാസ്ത്രിയമായും അകാരണമായും പെട്ടന്ന് മാറിയതിലെ സഭയുടെ ഉൽകണ്ഠ ബാവാ തിരുമേനി തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു.

എന്നാൽ നടപടി ഒന്നും ഉണ്ടായില്ല. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം ബാലശങ്കർ കൊണ്ടു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ വിഷയം ധരിപ്പിക്കുകയും ഇടപെടൽ നടത്തിക്കുകയും ചെയ്തു. അങ്ങനെയാണ് പുരാവസ്തു വകുപ്പ് ഇടപെടുന്നത്.