ന്യൂഡൽഹി: കോൺഗ്രസിലെ ഹൈക്കാമാൻഡിന്റെ ഭാഗമാണ് ഇപ്പോൾ മലയാളി നേതാവ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ. വയനാട് പാർലമെന്റ് മണ്ഡലത്തിലേക്ക് രാഹുലിനെ കൈപിടിച്ചു കൊണ്ടുവന്നവരിൽ പ്രധാനി. ഇപ്പോൾ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിന് ഇപ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങളുമുണ്ട്. അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ ഒഴിഞ്ഞു കിടക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ അഭാവം നികത്താൻ കെ സി തന്നെ ശ്രമം നടത്തുന്നുണ്ട്. എന്നാൽ, ഇത് വേണ്ട വിധത്തിൽ ഫലിക്കുന്നുണ്ടോ എന്ന സംശയയവും ശക്തമാണ്. മാത്രമല്ല, കൂടുതൽ അധികാരം കിട്ടിയപ്പോൾ കെസി രാഹുൽ ഗാന്ധിയുടെ വിശ്വസ്തർക്കും അനഭിമതരാകുന്നു എന്നാണ ദേശീയ രാഷ്ട്രീയത്തിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ.

കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ്‌സ് യൂണിയന്റെ (എൻഎസ്‌യുഐ) ചാർജുള്ള ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത കോൺഗ്രസ് വിട്ടുതിന്റെ പഴിയും കേൾക്കേണ്ടി വന്നത് വേണുഗോപാലാണ്. സംഘടനാ തലത്തിലുണ്ടാകുന്ന കാലതാമസങ്ങളാണു തീരുമാനത്തിനു കാരണമെന്നു രുചി പറഞ്ഞു. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ പഴിചാരിയാണ് അവർ പാർട്ടി വിടുന്നത്.

തന്റെ വിശസ്തയായ രുചിയെ രാഹുൽ ഗാന്ധി തന്നെയാണ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. തന്റെ സ്ഥാനം രാജിവയ്ക്കുകയാണെന്നും കോൺഗ്രസ് വിടുകയാണെന്നും രുചി ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. സംഘടനാപരമായ മാറ്റങ്ങൾക്കു കാലതാമസം സൃഷ്ടിക്കുന്നതു കെ.സി.വേണുഗോപാലാണ്. പാർട്ടി പ്രസിഡന്റിന്റെ തലത്തിലേക്ക് എല്ലായ്‌പ്പോഴും വിഷയങ്ങൾ എത്തിക്കാനാവില്ലെന്നും രാജി അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിൽ അവർ പറഞ്ഞു.

എൻഎസ്‌യുഐയുടെ വാട്‌സാപ് ഗ്രൂപ്പിൽ അയച്ച സന്ദേശത്തിലാണ് രുചി ഇക്കാര്യം വ്യക്തമാക്കിയത്. എൻഎസ്‌യുഐയുടെ സംസ്ഥാന യൂണിറ്റുകൾ പുനഃസംഘടിപ്പിക്കുന്നതിൽ വേണുഗോപാൽ തടസ്സം സൃഷ്ടിക്കുന്നെന്നും പറഞ്ഞു. സംഘടനാ തലത്തിൽ വരുത്തുന്ന കാലതാമസം പാർട്ടിയെ നാശത്തിലേക്കു നയിക്കും. കോൺഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമുണ്ട്. അതിലൂടെ മാത്രമേ പല ദിശയിൽ സഞ്ചരിക്കുന്ന പാർട്ടിയെ ഒന്നാക്കാനാകൂ. രാഹുൽ ഗാന്ധിക്കു മാത്രമേ ആ നേതൃത്വം നൽകാനാകൂവെന്നും രുചി പറഞ്ഞു.

'ദേശീയ സമിതി ഒരു വർഷവും മൂന്നുമാസവുമാണ് എടുത്തത്. മാസങ്ങളായി സംസ്ഥാന പ്രസിഡന്റുമാരുടെ കാര്യം തീർപ്പാക്കാതെ കിടക്കുകയാണ്. പുതിയ പ്രവർത്തകർക്ക് ഇടമുണ്ടാക്കുന്നതിനായി നിരവധി സംസ്ഥാന യൂണിറ്റുകൾ കാത്തിരിക്കുകയാണ്', രുചി ഗുപ്ത രാജിക്കത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ കാലതാമസം സംഘടനയെ ദോഷകരമായി ബാധിക്കും, എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം കോൺഗ്രസ് പ്രസിഡന്റിനോട് ആവർത്തിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിന് മുൻകൈയെടുത്തതും കെ സി വേണുഗോപാലായിരുന്നു. സംഘടനയിൽ വലിയ രീതിയിലുള്ള അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടർന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേർത്തത്. കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ ശക്തമായ നേതൃത്വം വേണമെന്ന ആവശ്യമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്.

കഴിഞ്ഞ ദിവസം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങിവന്നേക്കുമെന്ന സൂചന നൽകി പാർട്ടി നേതാവും വക്താവുമായ രൺദീപ് സുർജേവാല രംഗത്തെത്തിയിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകൾ ഉടൻ തുടങ്ങുമെന്നും സുർജേവാല പറഞ്ഞിരുന്നു. എ.ഐ.സി.സി അംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും പ്രക്രിയയിൽ ഭാഗമാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളം, ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ അതിന് മുൻപ് അധ്യക്ഷനെ തീരുമാനിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

കോൺഗ്രസിന്റെ സംഘടനയെ ചലിപ്പിച്ചത് അഹമ്മദ് പട്ടേലിന്റെ പരിശ്രമങ്ങളായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അഭാവം കോൺഗ്രസിനെ ഏതു വിധത്തിൽ ബാധിക്കുമെന്ന് വ്യക്തമല്ല. ആ സ്ഥാനത്തേക്ക് എത്താനുള്ള പരിശ്രമത്തിലാണ് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ അദ്ദേഹം സോണിയക്കും പ്രിയങ്കയ്ക്കു അടുപ്പക്കാരനാണ് താനും. എങ്കിലും സംഘടനാ കാര്യങ്ങളിലെ വീഴ്‌ച്ച കെ സിക്ക് തിരിച്ചടയാകുമെന്ന വിമർശനങ്ങളാണ് പൊതുവേ ഉയരുന്നത്.