റിയാദ്: കോവീഷീൽഡ് ഉൾപ്പടെ സൗദി അംഗീകൃത വാക്സിനുകൾ എടുത്ത ഉംറ തീർത്ഥാടകർക്ക് സൗദിയിൽ എത്തിയ ശേഷം ക്വാറന്റീൻ വേണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. സൗദി അംഗീകാരമുള്ള വാക്സിൻ ഡോസുകൾ പൂർണമായി സ്വീകരിച്ച് വിദേശങ്ങളിൽ നിന്ന് ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർക്കാണ് ഇളവ്. ഇവർക്ക് മക്കയിലെത്തിയാലുടൻ നേരിട്ട് ഉംറ നിർവഹിക്കാം.

സൗദി അറേബ്യ അംഗീകരിച്ചിട്ടില്ലാത്ത, ലോകാരോഗ്യ സംഘടനാ അംഗീകാരമുള്ള കോവാക്സിൻ പോലുള്ള വാക്സിൻ ഡോസുകൾ സ്വീകരിച്ചവർക്ക് രാജ്യത്തെത്തിയ ശേഷം മൂന്നു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീൻ ബാധകമാണ്. സൗദിയിലെത്തി 48 മണിക്കൂറിനു ശേഷം ഇവർ പി.സി.ആർ പരിശോധന നടത്തണം. നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം ലഭിക്കുന്നതോടെ ഇവർക്ക് നേരെ വിശുദ്ധ ഹറമിലെത്തി ഉംറ കർമം നിർവഹിക്കാവുന്നതാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

ഫൈസർ, അസ്ട്രാസെനിക്ക (കോവിഷീൽഡ്), മോഡേണ, ജോൺസൺ എന്നീ നാലു വാക്സിനുകൾക്കാണ് സൗദി അറേബ്യയുടെ അംഗീകാരമുള്ളത്. തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കൽ സൗദി അറേബ്യയുടെ അടിസ്ഥാന ലക്ഷ്യമാണെന്ന് ഹജ്ജ് - ഉംറ മന്ത്രാലയ വക്താവ് എൻജി. ഹിശാം സഈദ് പറഞ്ഞു.