മോസ്‌ക്കോ: ഒരു സമ്പൂർണ്ണ സൈനിക നടപടിക്കെന്നപോലെ ഉക്രെയിൻ അതിർത്തിയിലാകെ ടാങ്കുകളും മിസൈലുകളും ആയിരക്കണക്കിന് സൈനികരേയും വിന്യസിച്ചിരിക്കുകയാണ് റഷ്യ. റഷ്യൻ നടപടിക്ക് മറുപടിയായി അമേരിക്ക രണ്ടു യുദ്ധക്കപ്പലുകളെ അടുത്തയാഴ്‌ച്ച കരിങ്കടലിലേക്ക് അയയ്ക്കും. അടുത്തിടെ റഷ്യയോട് കൂട്ടിച്ചേർത്ത ക്രിമിയയിലും ഒപ്പം റഷ്യൻ പിന്തുണയുള്ള വിമതരുടെ കീഴിലുള്ള ഡോൺബാസ്സ് മേഖലയോട് ചേർന്ന പ്രദേശത്തും ടാങ്കുകളും ട്രക്കുകളുമായാണ് സൈനിക വിന്യാസം നടത്തിയിരിക്കുന്നത്.

മാത്രമല്ല വൊറോനെഷ്, ക്രാസ്നോഡർ മേഖലകളിൽ റഷ്യൻ സൈനിക കാമ്പുകൾ തീർത്തതിന്റെ ഉപഗ്രഹ ചിത്രങ്ങളും ലഭ്യമായിട്ടുണ്ട്. ഡോൺബാസിന് കിഴക്കുമാറിയാണ് ഈ മേഖല സ്ഥിതിചെയ്യുന്നത്. കിഴക്കൻ ഉക്രെയിനിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നുംഅത് ഒരു സൈനിക ഇടപെടലിലേക്ക് നയിച്ചേക്കാം എന്നും ക്രെംലിൻ വക്താവ് ഡിമിത്രി പെസ്‌കോവ് അറിയിച്ചു. അതേസമയം , റഷ്യയുടെ നീക്കങ്ങൾ പൂർണ്ണമായും പ്രതിരോധത്തിൽ ഊന്നിയുള്ളതാണെന്നാണ് പുട്ടിൻ പറയുന്നത്.

സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും സൈനികവേഷം ധരിച്ച് ഉക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി അതിർത്തിയിലെത്തിയിരുന്നു. അതേസമയം മേഖലയിലെ ഏതെങ്കിലും റഷ്യൻ പൗരനു നേരെ ആക്രമമുണ്ടായാൽ അത് ഉക്രെയിനിന്റെ അവസാനമായിരിക്കുമെന്ന് പുട്ടിന്റെ ഒരു വക്താവ് ഇന്നലെ മുന്നറിയിപ്പ് നൽകി. തങ്ങളായിട്ട് ഒരു യുദ്ധത്തിന് ആരംഭമിടുകയില്ലെന്നും റഷ്യൻ വക്താവ് വ്യക്തമാക്കി.

അതിനിടയിലാണ് റഷ്യയുടെ പ്രകോപനപരമായ സമീപനത്തിന് ഒരു ഉത്തരമെന്നോണം കരിങ്കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകൾ അയക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്നത്. കപ്പൽ ബോസ്ഫോറസിലൂടെ നീങ്ങാനുള്ള അനുമതിക്കായി അമേരിക്ക തുർക്കിയെ സമീപിച്ചിട്ടുണ്ട്.വീതികുറഞ്ഞ ഈ കടലിടുക്കിലൂടെ ഏപ്രിൽ 14 നും 15 നും അമേരിക്കൻ കപ്പലുകൾ കടന്നുപോകുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടലിടുക്കിൽ തുർക്കിക്ക് അധികാരമുള്ളതിനാലാണ് അന്താരാഷ്ട്ര നിയമമങ്ങൾ പ്രകാരം അമേരിക്ക തുർക്കിയുടെ അനുമതി തേടിയത്.

ഇത്തരം യുദ്ധക്കപ്പലുകളുടെ നീക്കങ്ങൾ എന്നും റഷ്യയെ അലസോരപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും, ഉക്രെയിൻ പാശ്ചാത്യ ശക്തികളുമായി ചേർന്ന് പ്രതിരോധ സംവിധാനങ്ങൾ വിപുലപ്പെടുത്താൻ ശ്രമിക്കുന്ന അവസരത്തിൽ. നാറ്റോ സഖ്യത്തിൽ ചേരുവാനും ഉക്രെയിനിന് ഉദ്ദേശ്യമുണ്ട്. ഇതും റഷ്യയെ ചൊടിപ്പിക്കുന്നുണ്ട്. അമേരിക്കയുടെ നിരീക്ഷണ വിമാനങ്ങളും ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.