മോസ്‌കോ: പടിഞ്ഞാറൻ റഷ്യയിലെ റ്യാസൻ പ്രവിശ്യയിൽ ഗൺ പൗഡർ നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 16 പേർ മരിച്ചെന്ന് ടാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒമ്പത് പേരെ കാണാനില്ല. വെള്ളിയാഴ്ചയാണ് അപകടം നടന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

12 പേർ മരിച്ചെന്ന് എമർജൻസീസ് മന്ത്രാലയം സ്ഥിരീകരിച്ചു. സാങ്കേതിക തകരാർ മൂലമാണ് പൊട്ടിത്തെറിയെന്നും റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണകിഴക്ക് മോസ്‌കോയിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. കാണാതായ നാല് പേരും മരിച്ചെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും അമ്പതോളം ഫയർ എൻജിനുകളും തീയണച്ചു. സുരക്ഷയിൽ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.