ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ചൈനയെ പ്രകീർത്തിച്ചും ഇന്ത്യയെ വിമർശിച്ചും വീണ്ടും എസ് രാമചന്ദ്രൻപിള്ള . ചൈനീസ് വളർച്ച സോഷ്യലിസത്തിന്റെ നേട്ടമെന്ന് പറഞ്ഞ എസ്ആർപി, ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമെന്നും പറഞ്ഞു. എന്നാൽ കാര്യങ്ങൾ പറയുമ്പോൾ മാധ്യമങ്ങൾ വിവാദമാക്കുന്നു എന്നും അദ്ദേഹം വിമർശിച്ചു.

ചൈനയിൽ ദാരിദ്രം പൂർണ്ണമായും നിർമ്മാർജനം ചെയ്തു. ലോകത്ത് 70 ശതമാനം ദാരിദ്ര്യം ഇല്ലാതാക്കുന്നതിൽ ചൈനീസ് സർക്കാർ വലിയ പങ്ക് വഹിച്ചു. അതേസമയം, ലോകത്ത് 60 ശതമാനം ദരിദ്രരരേയും സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും എസ് രാമചന്ദ്രൻ പിള്ള ആരോപിച്ചു. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും എസ് രാമചന്ദ്രൻപിള്ള ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പറഞ്ഞു.

ചൈന ദാരിദ്യം പൂർണമായി നിർമ്മാർജനം ചെയ്തു. മറ്റ് രാജ്യങ്ങളെ നോക്കുമ്പോൾ വളർച്ചയിൽ 30 ശതമാനം സംഭാവന നൽകുന്ന രാജ്യം ആണ്. മറ്റ് രാജ്യങ്ങളക്ക് പണം കടം നൽകുന്ന രാജ്യമാണ് ചൈന. ഇത് വസ്തുത ആണ്. ഇക്കാര്യങ്ങൾ പറയുമ്പോൾ ചൈനയെ പ്രകീർത്തിച്ച് എന്ന് പറഞ്ഞ് മാധ്യമങ്ങൾ വിവാദമാക്കി.

താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്. ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്നും എസ് രാമചന്ദ്രൻപിള്ള ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടികളുടെയും മറ്റു രാജ്യങ്ങളിലെ വർക്കേഴ്‌സ് പാർട്ടികളുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് സിപിഎം. നേതൃത്വത്തെ അംഗങ്ങൾ തീരുമാനിക്കുന്നു. രാഷ്ട്രീയ നയം തീരുമാനിക്കുന്നത് അംഗങ്ങളാണ്. ഇടത് പാർട്ടികൾക്കൊഴികെ മറ്റൊരു പാർട്ടിക്കും ഇത്തരം ജനാധിപത്യം അവകാശപ്പെടാനില്ല. ബിജെപി നയം ആർഎസ്എസാണ് തീരുമാനിക്കുന്നത്. കോൺഗ്രസിൽ അമ്മയും രണ്ടു മക്കളും അവരോട് അടുപ്പമുള്ളവരുമാണ് നയങ്ങൾ തീരുമാനിക്കുന്നതെന്നും എസ്ആർപി വിമർശിച്ചു. പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യം ഇല്ലാത്തത് വലിയ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലും എസ് രാമചന്ദ്രൻ പിള്ള ചൈനയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. ചൈനയെ വളയാനും കടന്നാക്രമിക്കാനും രാജ്യാന്തര തലത്തിൽ അമേരിക്ക രൂപീകരിച്ച സഖ്യത്തിൽ ഇന്ത്യയും പങ്കു ചേർന്നിരിക്കുകയാണെന്നായിരുന്നു ആരോപണം. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ചൈനയ്ക്ക് മാത്രമേ കഴിയൂ. ചൈനയുടെ വളർച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും ഇന്ത്യയിൽ ചൈനയ്ക്കെതിരെയുള്ള എതിർപ്പ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ തകർക്കാൻ വേണ്ടിയുള്ളതാണെന്നും എസ്ആർപി ആരോപിച്ചിരുന്നു.

പ്രസ്താവന വിവാദമാവുകയും സിപിഎമ്മിന്റെ ചൈനീസ് പ്രീണനം കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാൽ സിപിഎം കാസർഗോഡ് സമ്മേളനത്തിലും ചൈന കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എസ്.രാമചന്ദ്രൻ പിള്ള രംഗത്തെത്തിയിരുന്നു. പ്രകീർത്തിക്കാനല്ല, വസ്തുതകൾ പഠിക്കാനും പ്രാവർത്തികമാക്കാനുമാണ് ചൈനയിലെ കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നായിരുന്നു എസ് ആർ പിയുടെ വിശദീകരണം.