കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് സൂചന നൽകി നായകൻ വിരാട് കോലി. ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ മൂന്നാം ടെസ്റ്റിൽ കളിക്കുമെന്ന് സ്ഥിരീകരിച്ച വിരാട് കോലി രണ്ടാം ടെസ്റ്റിനിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കില്ലെന്നും വ്യക്തമാക്കി.

'ഞാൻ പൂർണമായും കളിക്കാൻ ഫിറ്റാണ്. പക്ഷേ, സിറാജിന്റെ കാര്യം സംശയമാണ്. അദ്ദേഹം പരുക്കിന്റെ പിടിയിൽനിന്ന് മോചിതനാകുന്നതേയുള്ളൂ. അദ്ദേഹത്തിന് മൂന്നാം ടെസ്റ്റിൽ കളിക്കാനാകുമോയെന്ന കാര്യത്തിൽ സംശയമുണ്ട്' കോലി പറഞ്ഞു.

'ഫാസ്റ്റ് ബോളറെന്ന നിലയിൽ 110 ശതമാനം ഫിറ്റല്ലാത്ത താരത്തെ കളിപ്പിച്ച് റിസ്‌ക് എടുക്കാനാകില്ല. നിലവിൽ പരുക്ക് അത്ര ഗുരുതരമല്ലെങ്കിലും അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കില്ല' കോലി പറഞ്ഞു.

അതേസമയം, സിറാജിനു പകരം ആരാണു കളിക്കുകയെന്ന കാര്യം കോലി വെളിപ്പെടുത്തിയില്ല. 'ഞാൻ മുൻപു പറഞ്ഞതുപോലെ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഞാനും പരിശീലകൻ രാഹുൽ ദ്രാവിഡും വൈസ് ക്യാപ്റ്റനും ഒന്നിച്ചിരുന്ന് ഇക്കാര്യം സംസാരിച്ച് തീരുമാനിക്കും' കോലി പറഞ്ഞു.

ഫോമിലല്ലാത്ത അജിങ്ക്യാ രഹാനെയെയും ചേതേശ്വർ പൂജരായയെും മൂന്നാം ടെസ്റ്റിൽ പുറത്തിരുത്തണമെന്ന ആവശ്യം ശക്തമായിരിക്കെ ഇക്കാര്യങ്ങളിലും മത്സരത്തലേന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കോലി പ്രതികരിച്ചു.

ടീമിലെ തലമുറമാറ്റം നടക്കേണ്ടത് സ്വാഭാവികമായാണ്. അല്ലാതെ ഏതെങ്കിലും സീനിയർ കളിക്കാരെ പുറത്താക്കിക്കൊണ്ടല്ലെന്നും കോലി പറഞ്ഞു. ടീമിൽ എപ്പോഴാണ് തലമുറ മാറ്റം നടക്കുക എന്ന് എനിക്ക് കൃത്യമായി പറയാനാവില്ല. കഴിഞ്ഞ ടെസ്റ്റിൽ പൂജാരയും രഹാനെയും ബാറ്റ് ചെയ്ത രീതി എല്ലാവരും കണ്ടതാണല്ലോ. അവരുടെ പരിചയസമ്പത്ത് ടീമിന് വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെ ടീമിൽ തലമുറ മാറ്റം സംഭവിക്കും, അത് സ്വാഭാവികമായിട്ടായിരിക്കുമെന്നും കോലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'നമ്മുടെ ടീമിൽ പകരക്കാരുടെ നിര അതിശക്തമാണ്. എല്ലാവരും നന്നായിത്തന്നെ ബോൾ ചെയ്യുകയും ബാറ്റു ചെയ്യുകയുമൊക്കെ ചെയ്യുന്നതിനാൽ ആരെയാണ് കളിപ്പിക്കേണ്ടതെന്ന് ആലോചിച്ചേ തീരുമാനിക്കാനാകൂ. എല്ലാവരുമായി സംസാരിച്ച് ടീമിന് ഏറ്റവും നല്ലതെന്നു കരുതുന്ന തീരുമാനമാകും കൈക്കൊള്ളുക' കോലി പറഞ്ഞു.

രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകൾ സ്വന്തമാക്കാൻ രാഹുൽ സർവ അടവും പയറ്റിയതാണ്. പക്ഷേ, ദക്ഷിണാഫ്രിക്ക നല്ല രീതിയിൽ ബാറ്റു ചെയ്തു. അദ്ദേഹത്തിന് കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമായിരുന്നുവെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, ഞാനാണെങ്കിൽ വ്യത്യസ്തമായ രീതിയിൽ ചില ശ്രമങ്ങൾ നടത്തുമായിരുന്നു. രണ്ടായാലും ലക്ഷ്യം ഒന്നുതന്നെ. ഓരോരുത്തർക്കും ടീമിനെ നയിക്കുന്നതിൽ അവരുടേതായ ശൈലികളുണ്ട്.

പിഴവുകളിൽനിന്ന് ഋഷഭ് പന്ത് പാഠം പഠിച്ചിട്ടുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ കൂടുതൽ നല്ല കളിക്കാരനായും മാറുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തോടു ഞങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹം തെറ്റുകൾ തിരുത്തി കൂടുതൽ പക്വതയുള്ള താരമായി മാറിയെന്നാണ് ഞാൻ കരുതുന്നത്.

രവീന്ദ്ര ജഡേജയുടെ മൂല്യം നമുക്കെല്ലാം അറിയാം. അദ്ദേഹം ടീമിനായി നൽകിയിരുന്ന സംഭാവനകളും നമുക്കറിയാം. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും രവിചന്ദ്രൻ അശ്വിൻ ആ റോൾ ഭംഗിയായി ചെയ്യുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ ബോളിങ്, പ്രത്യേകിച്ചും വിദേശത്തെ ബോളിങ് നല്ല രീതിയിൽ മാറിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ പര്യടനം മുതൽ നാം അതു കാണുന്നുമുണ്ട്. കഴിഞ്ഞ ടെസ്റ്റിൽ അദ്ദേഹം പുറത്തെടുത്ത ബാറ്റിങ് പ്രകടനവും രണ്ടാം ഇന്നിങ്‌സിലെ ബോളിങ്ങും ടീമിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. ടീമിനായി എന്തു സേവനവും ചെയ്യാൻ തയാറുള്ള താരമാണ് അദ്ദേഹം.

ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തോൽവി വഴങ്ങിയെങ്കിലും അജിങ്ക്യാ രഹാനെയും ചേതേശ്വർ പൂജാരയും രണ്ടാം ഇന്നിങ്‌സിൽ അർധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. രഹാനെയായിരുന്നു രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ.

സമീപകാലത്ത് മോശം ഫോമിലായിരുന്ന ഇരുവരെയും പുറത്താക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇരുവർക്കും അവസരം നൽകിയേക്കുമെന്നാണ് കോലിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. വിരാട് കോലി തിരിച്ചെത്തുമ്പോൾ രണ്ടാം ടെസ്റ്റിൽ കളിച്ച ഹനുമാ വിഹാരിയാവും പുറത്തുപോകുക.

രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കില്ലെന്ന് കോലി വ്യക്തമാക്കിയിട്ടുണ്ട്. സിറാജിന്റെ അഭാവത്തിൽ ഇഷാന്ത് ശർമയോ ഉമേഷ് യാദവോ അവസാന ടെസ്റ്റിൽ പ്ലേയിങ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.