കോതമംഗലം: തങ്കളംമലയിൻകീഴ് ബൈപാസിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ സുഹൃത്തക്കളുടെ നിർണ്ണായക വെളിപ്പെടുത്തൽ. ബിജു തങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് വീണതെന്നും ആശുപത്രിയിൽ കൊണ്ടുപോകും വഴി മരിച്ചെന്നു ബോധ്യമായതിനാലും ആശുപത്രിയിൽ നൽകാൻ കാശില്ലാത്തതിനാലും മൃതദ്ദേഹം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞ്. സംഭവത്തിൽ പിടിയിലായ മൂന്നുപേരും മരിച്ച ബിജുവിന്റെ സുഹൃത്തുക്കളാണ്.

തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് ചെഞ്ചേരി കരുണാകരൻ നായരുടെ മകൻ ബിജുവിനെ (47) ആണു കഴിഞ്ഞ ഞായർ രാവിലെ റോഡരികിൽ മരിച്ചനിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി ശ്രീജിത്ത് (36), ഇഞ്ചൂർ മനയ്ക്കപ്പറമ്പിൽ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം കിഴക്കുകുന്നേൽ അനിൽകുമാർ (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. ബിജുവും പ്രതികളും ഒരുമിച്ചു കുമാരന്റെ ഓട്ടോയിൽ സഞ്ചരിച്ചു ഹൈറേഞ്ച് പ്രദേശങ്ങളിൽ കടകളുടെ റോളിങ് ഷട്ടറിനു ഗ്രീസ് ഇടുന്ന ജോലി ചെയ്തുവരികയായിരുന്നു. വരുമാനം മദ്യപാനത്തിനു വിനിയോഗിക്കും. ശനിയാഴ്ച അടിമാലി ഭാഗത്തു ജോലി കഴിഞ്ഞ് എല്ലാവരും മദ്യപിച്ചു രാത്രി മഠംപടിയിലെ ലോഡ്ജിൽ മുറി അന്വേഷിച്ചു ചെന്നു. ഈ സമയം ബിജു കെട്ടിടത്തിന്റെ റോഡ് നിരപ്പിലുള്ള നാലാംനിലയിൽ നിന്നു കാൽവഴുതി രണ്ടാംനിലയുടെ മുൻപിലുള്ള മുറ്റത്തേക്കു വീണു. പരുക്കേറ്റ ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്നു സമീപവാസികളോടു പറഞ്ഞ് ഓട്ടോയിൽ കയറ്റി പോന്നു. യാത്രയ്ക്കിടെ ബിജു മരിച്ചെന്നു മനസ്സിലാക്കി തങ്കളം ബൈപാസിലെത്തി മൃതദേഹം ഉപേക്ഷിച്ചു. പണം ചെലവാക്കേണ്ടി വരുമെന്നതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതിരുന്നത്. വർഷങ്ങൾക്കു മുൻപു നാടുവിട്ടു കോതമംഗലത്തെത്തിയതായിരുന്നു ബിജു.മൃതദേഹത്തിൽ പരുക്കുകൾ കണ്ടതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്