മുംബൈ: വളർത്തുമൃഗങ്ങളുടെ രസകരമായ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ക്രിക്കറ്റ് കളിക്കുന്ന ഒരു ജർമൻ ഷെപ്പേർഡിന്റെ വീഡിയോ ആണ് അത്തരത്തിൽ സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചതാകട്ടെ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും.

രണ്ട് കുട്ടികൾക്കൊപ്പമാണ് ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ ക്രിക്കറ്റ് കളിക്കുന്നത്. പന്ത് പിടിക്കുന്നതിൽ അപാരമായ കഴിവുള്ളയാൾ എന്ന് കുറിച്ചാണ് സച്ചിൻ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഒരു സുഹൃത്തിൽ നിന്നാണ് തനിക്ക് ഈ വീഡിയോ കിട്ടിയതെന്നും സച്ചിൻ കുറിച്ചു. ഒരേ സമയം വിക്കറ്റ് കീപ്പറുടെയും ഫീൽഡറുടെയും ഇരട്ട റോളാണ് നായ ചെയ്യുന്നത്. 'നമ്മൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർമാരെയും ഫീൽഡർമാരെയും ഓൾ റൗണ്ടർമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ ഇതിന് എന്ത് പേരിടും?'- വീഡിയോ പങ്കുവച്ചുകൊണ്ട് സച്ചിൻ കുറിച്ചു. ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.

വീഡിയോ വൈറലായതോടെ ക്രിക്കറ്റ് പ്രേമികളും നായ് പ്രേമികളും സ്‌നേഹം അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. ഈ നായയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എടുക്കാമോ എന്നുവരെ പലരും തമാശയ്ക്ക് കമന്റ് ചെയ്യുന്നുമുണ്ട്.