കൊച്ചി: മോഡലുകൾ മരിച്ച കാറപകടക്കേസിൽ രണ്ടാംപ്രതി സൈജു എം. തങ്കച്ചൻ ഉപയോഗിച്ചിരുന്ന ഔഡി കാറിലുള്ളത് നക്ഷത്ര വേശ്യാലയത്തെ വെല്ലുന്ന സംവിധാനങ്ങൾ. ഈ കാറിലേക്ക് മോഡലുകളെ നിർബന്ധിച്ച് കയറ്റാനായിരുന്നു ചെയ്‌സിങ്. ഇത് മനസ്സിലാക്കിയാണ് അതിവേഗം കാർ പാഞ്ഞതും അപകടത്തിൽപ്പെട്ടതും. എങ്ങനേയും സൈജുവിൽ നിന്ന് രക്ഷപ്പെടാനായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. ഒടുവിൽ ആരാണ് സൈജുവെന്ന് പൊലീസ് തിരിച്ചറിയുകയാണ്. ആ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരു ഡസനോളം ഗർഭനിരോധന ഉറകൾ, ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ, ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, പെഗ് മെഷറും ഗ്‌ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ, ഡി.ജെ പാർട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോഫോൺ- മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കാറിൽ നിന്ന് കണ്ടെത്തി. സൈജുവിന്റെ ഫോണിൽ ഞെട്ടിക്കുന്ന തെളിവുകളുമുണ്ടായിരുന്നു. പല യുവതികളേയും മയക്കു മരുന്ന് നൽകി ഇയാൾ ചൂഷണം ചെയ്തിരുന്നു. ഇനി അന്വേഷണം നീളേണ്ടത് നമ്പർ 18 ഹോട്ടൽ ഉടമയ്ക്ക് നേരെയാണ്.

മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച കാർ ഇന്നലെ രാവിലെയാണ് കാക്കനാട് രാജഗിരി വാലിയിലെ ലാവൻഡർ അപ്പാർട്ട്‌മെന്റിലെ പാർക്കിങ് ഏരിയയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സൈജുവിന്റെ ചൂഷണത്തിന് ഇരയായ യുവതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തോട് കാര്യമായി സഹകരിക്കുന്നില്ല. മയക്കുമരുന്നിന് അടിമയായതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.

ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഭാര്യ നേരത്തെ ഇയാളിൽനിന്ന് അകന്നിരുന്നു. സഹോദരൻ മാവേലിക്കരയിലാണ് താമസം. ബന്ധുക്കളാരും ഇയാളെത്തേടി എത്തിയിട്ടില്ല. 20 ലക്ഷം രൂപയ്ക്ക് തൃശൂർ സ്വദേശിയിൽനിന്നാണ് സൈജു കാർ വാങ്ങിയത്. കാറിന്റെ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല. ഇതിന് പിന്നിൽ ലോണെടുക്കൽ കഥ പ്രചരിപ്പിച്ചിരുന്നു. ഇതെല്ലാം കളവാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മയക്കു മരുന്ന് മാഫിയയുമായി അടുത്ത ബന്ധമാണ് സൈജുവിനുള്ളത്.

അതേസമയം, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയശേഷം സൈജു പോയത് ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാനാണെന്ന് പൊലീസ് പറയുന്നു. നമ്പർ 18 ഹോട്ടലിൽ സൈജു സ്ഥിരമായി ഡി.ജെ പാർട്ടി നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിഐപിക്കൾക്കായി അഫ്റ്റർ പാർട്ടിയും. ഇതിനൊപ്പം കാർ പാർട്ടിയെന്ന സൗകര്യവും വേണ്ടപ്പെട്ടവർക്ക് സൈജു ഒരുക്കി. ഇതിന് തെളിവാണ് പൊലീസ് പിടിച്ചെടുത്ത കാർ.

സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ. പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു, പാർട്ടിക്കെത്തിയിരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താൻ മോഡലുകളുടെ കാറിനെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

തെറ്റായ ഉദ്ദേശ്യത്തോട് കൂടിയാണ് ഇയാൾ മോഡലുകളെ പിന്തുടർന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളിലേക്ക് അന്വേഷണം കൂടുതൽ കേന്ദ്രീകരിച്ച ഘട്ടത്തിലാണ് ചില നിർണായക തെളിവുകളും പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണിൽ മറ്റ് ചിലർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ട് എന്നതും പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചവർ ആരൊക്കെയെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അവരെയെല്ലാം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. മാത്രമല്ല ഈ ഡി.ജെ പാർട്ടികളിൽ എത്താറുള്ള പെൺകുട്ടികളെ ലഹരി നൽകി ദുരുപയോഗം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്നതാണ് പൊലീസിന് മനസ്സിലായിട്ടുള്ളത്. അത്തരം ചില ദൃശ്യങ്ങളും പൊലീസിന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ചില യുവതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇയാൾക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുമുണ്ട്.