തിരുവനന്തപുരം: പേട്ടയിൽ അയൽവീട്ടിൽ കോളജ് വിദ്യാർത്ഥി അനീഷ് ജോർജിനു (19) കുത്തേറ്റത് അബദ്ധത്തിലല്ലെന്നും മുൻവൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ടെങ്കിലും ദുരൂഹത നീങ്ങുന്നില്ല. മകളുമായുള്ള പ്രണയവും വീട്ടിൽ അനീഷ് വരുന്നതും സൈമണിനെ പ്രകോപിപ്പിച്ചിരുന്നെന്നു പൊലീസ് അറിയിച്ചു. ക്രിസ്മസിനു തലേന്നു രാത്രി അനീഷ് മകളെ കാണാൻ വരുമെന്നു കരുതി സൈമൺ ഉറക്കമിളച്ചു കാവലിരുന്നു. ആയുധവും കരുതിയിരുന്നു. എന്നാൽ അനീഷ് വന്നില്ല. പക്ഷേ ആ കാത്തിരിപ്പ് തൊട്ടടുത്ത ദിവസം തന്നെ സൈമൺ കൊലപാതകമാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ട്.

ഈ കേസിൽ സൈമണിന്റെ ഭാര്യയേയും മകളേയും പൊലീസ് ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യൽ നിർണ്ണായകമാകും. ഇവരാണ് കേസിലെ ദൃക്‌സാക്ഷികൾ. ഇവർ നൽകുന്ന മൊഴി കേസിൽ അതിനിർണ്ണായകമാകും. അതിനിടെ അനീഷും തന്റെ മകളും തമ്മിലുള്ള സൗഹൃദമാണ് വിരോധത്തിനു കാരണമെന്നു പ്രതി സൈമൺ ലാലൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അനീഷിനെ കുത്തിയതു പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ലെന്നും ദിവസങ്ങൾ നീണ്ട ആലോചനയ്‌ക്കൊടുവിലാണെന്നുമാണു പൊലീസ് നിഗമനം.

അനീഷിനെ തടഞ്ഞുവച്ചു സൈമൺ നെഞ്ചിലും മുതുകിലും കുത്തിയെന്നും ഭാര്യയും മകളും എതിർത്തിട്ടും പിന്മാറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാരകമായി മുറിവേറ്റ അനീഷ് നിലത്തു വീണു. തുടർന്ന് വാട്ടർ മീറ്റർ ബോക്‌സിൽ കത്തി ഒളിപ്പിച്ച ശേഷം സൈമൺ അടുത്തുള്ള പേട്ട പൊലീസ് സ്റ്റേഷനിലേക്കു പോയി. പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അനീഷ് മരിച്ചിരുന്നു. സംഭവത്തിൽ ഭാര്യയും മകളും സൈമണിനെതിരായാണു മൊഴി നൽകിയത്. അറിഞ്ഞു കൊണ്ടാണ് കുത്തിമലർത്തിയതെന്ന് അവർ പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. വിശദ ചോദ്യം ചെയ്യൽ ഇനി നടക്കും.

അനീഷിന്റെ അമ്മയുടെ മൊബൈൽ ഫോണിലേക്കു പ്രതി സൈമൺ ലാലന്റെ ഭാര്യ വിളിക്കുന്നത് അനീഷ് കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപ്. പുലർച്ചെ 3.20ന് ആയിരുന്നു ഈ ഫോൺ വിളി. പക്ഷേ ഉറക്കത്തിൽ അവർ അതു കേട്ടില്ല. 10 മിനിറ്റിനകം സൈമണിന്റെ കുത്തേറ്റ് അനീഷ് വീണു. പുലർച്ച് 1.37 ന് അനീഷിന്റെ ഫോണിൽ നിന്നു സൈമണിന്റെ മകളുടെ ഫോണിലേക്കു വിളി പോയിട്ടുണ്ട്. വീട്ടിൽ അനീഷ് എത്തുന്നതിനു തൊട്ടുമുൻപായിരിക്കണം ഈ വിളിയെന്നു കരുതുന്നു.

പേട്ടയിൽ അനീഷ് ജോർജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്ന് ഇതോടെ അന്വേഷണസംഘം സ്ഥിരീകരിക്കുകയാണ്. അനീഷ് ഇടയ്ക്കിടെ തന്റെ വീട്ടിൽ വരുന്നുണ്ടെന്നു മനസ്സിലാക്കി, അനീഷിനെ ആക്രമിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു പ്രതിയായ സൈമൺ ലാലൻ. ക്രിസ്മസ്- ആഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തിൽ ലാലൻ രാത്രിയിൽ ഉറങ്ങാതെ കാത്തിരുന്നതായും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണിൽനിന്ന് രാത്രി 1.37 വരെ പെൺസുഹൃത്തിന്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നതായി പൊലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് ഈ വീട്ടിലേക്കെത്തിയത്. അനീഷും ലാലനുമായി വാക്കുതർക്കം നടന്നിരിക്കാമെന്നും പൊലീസ് കണക്കുകൂട്ടുന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് അനീഷിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണമുണ്ടാകുമെന്ന് അറിയാത്തതിനാൽ പ്രതിരോധിക്കാനുള്ള സമയം അനീഷിനു ലഭിച്ചിരുന്നില്ല. കുത്തുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.

നിലവിൽ റിമാൻഡിലുള്ള ലാലനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥനായ പേട്ട സിഐ. റിയാസ് രാജ പറഞ്ഞു. അനീഷ് ജോർജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന പൊലീസ് നിഗമനത്തിനിടെ അനീഷ് ഉപയോഗിച്ചിരുന്ന ഫോണിലെ വിവരങ്ങൾ പുറത്തുവന്നു. അനീഷിന്റെ അമ്മയുടെ ഫോണിലേക്ക്, പെൺസുഹൃത്തിന്റെ അമ്മയുടെ ഫോണിൽനിന്ന് പുലർച്ചെ കോൾ വന്നിട്ടുണ്ടെന്ന രേഖകളാണ് പുറത്തുവന്നത്. പുലർച്ചെ 3.20-നാണ് അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെൺസുഹൃത്തിന്റെ അമ്മയുടെ ഫോണിൽനിന്ന് മിസ്ഡ് കോൾ വന്നത്. പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് അനീഷ് കൊല്ലപ്പെടുന്നത് 3.30-നാണ്. എന്നാൽ, തന്റെ ഫോണുമായാണ് അനീഷ് പെൺകുട്ടിയുടെ വീട്ടിലേക്കു പോയതെന്ന് അനീഷിന്റെ അമ്മ പറയുന്നു.

3.30-ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലർച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് കോളുകൾ വരുന്നുണ്ടായിരുന്നു. ഫോൺ എടുത്ത പെൺസുഹൃത്തിന്റെ അമ്മ, അനീഷിന്റെ അമ്മയോട് പൊലീസ് സ്റ്റേഷനിലേക്കു പോകാനും മറ്റൊന്നും തങ്ങൾക്കറിയില്ല എന്നും പറയുകയായിരുന്നു. പൊലീസിന്റെ പക്കലായിരുന്ന ഫോൺ ഇന്നലെയാണ് അനീഷ് ജോർജിന്റെ കുടുംബത്തിനു ലഭിച്ചത്. ഇതിനു ശേഷമാണ് ഫോൺ രേഖകൾ പുറത്തായത്. സൈമൺ ലാലൻ അനീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോർജിന്റെ അമ്മ ഡോളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.