കോഴിക്കോട്: ധർമ്മടത്തുകാരനെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് മടി. മുട്ടിൽ മരം കൊള്ളയിൽ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ നടപടിയെടുത്ത േമപ്പാടി റേഞ്ച് ഓഫിസറെ കുടുക്കാൻ വ്യാജ റിപ്പോർട്ട് ഉണ്ടാക്കി എന്ന ആരോപണം നേരിടുന്ന സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ എൻ.ടി.സാജനെതിരെ സർക്കാർ നടപടി എടുക്കില്ല. ധർമ്മടത്തെ പ്രധാനിയും മാധ്യമ പ്രവർത്തകനുമാണ് സാജനെ കൊണ്ട് ഇത് ചെയ്യിച്ചത്. ഈ മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണുള്ളത്. ഈ അടുപ്പമാണ് സാജന് തുണയാകുന്നത്. ഇതിനെതിരെ വനം വകുപ്പിൽ അതൃപ്തി പുകയുകയാണ്.

സാജനെതിരെയുള്ള സസ്‌പെൻഷൻ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ മടക്കിയതിന് പിന്നിലും ധർമ്മടത്തെ സൗഹൃദങ്ങളാണ്. അന്വേഷണ റിപ്പോർട്ട് അവ്യക്തമാണെന്നും കൂടുതൽ വിശദീകരണങ്ങൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് വനം മന്ത്രിക്ക് തിരിച്ചയച്ചത്. മറുപടി ഉടൻ നൽകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ നാട്ടുകാരനാണ് സാജൻ. ഇതിനൊപ്പം ദീപക് ധർമ്മടത്തിന്റെ കൂട്ടുരാനും. ഇതു രണ്ടും സാജന് തുണയാകും. മുഖ്യമന്ത്രിയുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനെതിരെ നടപടി എളുപ്പമാവില്ലെന്ന് മന്ത്രി ശശീന്ദ്രനും തിരിച്ചറിയുന്നുണ്ട്.

മരം കടത്തിനു ശേഷം ഇൻസ്‌പെക്ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ താൽക്കാലിക ചുമതല 4 ദിവസത്തേക്കു ലഭിച്ചപ്പോഴാണ് എൻ.ടി.സാജൻ മേപ്പാടി റേഞ്ച് ഓഫിസർക്കെതിരെ റിപ്പോർട്ട് നൽകിയത്. മണിക്കുന്ന് മലയിലെ നിക്ഷിപ്ത വന ഭൂമിയിൽ നിന്ന് ഏലിക്കുട്ടി എന്ന ഭൂഉടമ 7 ഈട്ടിമരം മുറിച്ചു കടത്തിയെന്നും ഇതിന് റേഞ്ച് ഓഫിസർ ഒത്താശ ചെയ്തു എന്നുമായിരുന്നു റിപ്പോർട്ട്.

ഇത് വ്യാജ റിപ്പോർട്ടാണെന്നും ഏലിക്കുട്ടിയുടേത് പട്ടയ ഭൂമിയാണെന്നും ഉത്തരമേഖലാ ചീഫ് കൺസർവേറ്റർ ഡി.കെ.വിനോദ് കുമാർ റിപ്പോർട്ട് ചെയ്തു. മുട്ടിൽ മരം കൊള്ള തടഞ്ഞതിന്റെ ദേഷ്യത്തിൽ പ്രതികളുമായി ഒത്തുകളിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയതെന്നും വിനോദ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകനെതിരേയും പരാമർശം ഉണ്ടായിരുന്നു. 24 ന്യൂസിലെ മാധ്യമ പ്രവർത്തകനെതിരെയായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഈ റിപ്പോർട്ടിന്മേലാണ് എപിസിസിഎഫ്: രാജേഷ് രവീന്ദ്രൻ വീണ്ടും അന്വേഷണം നടത്തിയത്.

വിനോദ് കുമാറിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടും. മണിക്കുന്ന് മല സംഭവത്തിൽ റിപ്പോർട്ട് നൽകാൻ സാജൻ അനാവശ്യ തിടുക്കം കാട്ടിയതും സംഭവം നടക്കുമ്പോൾ മേപ്പാടിയിൽ ചുമതല ഇല്ലാതിരുന്ന എം.കെ.സമീറിനെ കുറ്റക്കാരനാക്കി ചിത്രീകരിച്ചതും ഗൂഢോദ്ദേശ്യത്തോടെയാണെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നിൽ ഇപ്പോൾ അറസ്റ്റിലായ ആഗസ്റ്റിൻ സഹോദരങ്ങളുടെ ഇടപെടലായിരുന്നു. അഗസ്റ്റിൻ സഹോദരങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു ദീപക് ധർമ്മടം. ഈ ബന്ധമാണ് സാജനും വിനയായത്.

ആ വിഷയത്തിൽ കള്ളക്കളി നടന്നുവെന്ന തിരിച്ചറിവിലാണ് സാജനെ സസ്‌പെന്റ് ചെയ്യാൻ നിർദ്ദേശിച്ചത്. ഫയൽ കഴിഞ്ഞ 12ന് വനം മന്ത്രിക്ക് നൽകി. ചീഫ് സെക്രട്ടറിയും ശുപാർശ ശരിവച്ചു. 20ന് ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ മാത്രം ഗൗരവം അന്വേഷണ റിപ്പോർട്ടിന് ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ കണ്ടെത്തൽ.

മണിക്കുന്ന് മലയിലെ വിവാദ ഭൂമി നിക്ഷിപ്ത വനമാണോ എന്നത് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല എന്നത് പോരായ്മയായും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് 28ന് മുഖ്യമന്ത്രി ഫയൽ വനം മന്ത്രിക്ക് മടക്കി നൽകുകയായിരുന്നു.