സ്വീഡിഷ് കമ്പനിയായ Autoliv.inc നൂറുകോടിയുടെ പ്ളാന്റ് ചെന്നെയിൽ സ്ഥാപിക്കാൻ തിരുമാനിച്ചിരിക്കുന്നു. കാറുകളുടെ എയർബാഗ്, സീറ്റ് ബെൽറ്റ് സ്റ്റിയറിങ് വീൽ ഇവ നിർമ്മിക്കുന്ന നമ്പർ.1 കമ്പനിയായ ഓട്ടോലിവ് വിയറ്റ്നാം നീട്ടിയ വാഗ്ദാനങ്ങളെ മറികടന്നാണ് തമിഴ്‌നാട്ടിൽ നിലയുറപ്പിക്കുന്നത്.

ഇന്ത്യയുടെ ഡെട്രോയിറ്റായി ചെന്നൈ മാറിയിരിക്കുന്നു.ആഗോള ഓട്ടൊമൊബൈൽ ഭീമന്മാരുടെയെല്ലാം മാനുഫാക്ചറിങ് പ്ളാന്റുകൾ ഇന്ന് ചെന്നെയിലുണ്ട്.മലയാളി പരമപുച്ഛത്തോടെ കാണുന്ന പാണ്ടികളുടെ നാട്ടിൽ മുതൽമുടക്കുവാൻ ആഗോളകമ്പനികൾ ക്യൂ നില്ക്കുന്നു.നാടിന്റെ മുഖച്ഛായ മാറ്റുന്നതിൽ സ്വകാര്യ നിക്ഷേപങ്ങൾക്കുള്ള മാന്ത്രികശക്തി തിരിച്ചറിഞ്ഞ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും അതിനപ്പുറം വ്യവസായസൗഹൃദ അന്തരീക്ഷവും ഒരുക്കി വമ്പൻ കമ്പനികളെ തമിഴൻ വശീകരിക്കുന്നു.

ബാംഗ്ലൂർ ഐറ്റി ഹബ്ബായപ്പോൾ ചെന്നൈ ഓട്ടോമൊബൈൽ ഹെഡ് ക്വാർട്ടേഴ്സ് ആയി തലയുയർത്തി നിൽക്കുന്നു.അതേസമയം കേരളം കുത്തകവിരുദ്ധ കൊഞ്ഞനംകുത്തലുമായി കാലം കഴിക്കുന്നു. അംബാനിയെ പൂട്ടിക്കണം, ജിയോയെ തകർക്കണം, അദാനിയുടെ കൂമ്പിടിച്ച് കലക്കണം തുടങ്ങിയ വിധ്വംസക സ്വപ്നങ്ങളുമായി കാലത്തെഴുന്നേല്ക്കുന്ന മലയാളരാജ്യത്തിന്റെ ഏഴയലത്ത് പോലും ജീവനിൽ കൊതിയുള്ള ഒരു നിക്ഷേപകനും എത്താൻ പോകുന്നില്ല. അറേബ്യൻ ആടുജീവിതവുമായി യൗവനം ഹോമിച്ചുകളഞ്ഞ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയമുറിവുകളിൽ നിന്ന് ഇറ്റിറ്റ ചോര വീണ് ചുവന്ന മണ്ണുകൂടിയാണ് കേരളം.

നിക്ഷേപകരെ ആകർഷിച്ച് വികസനവന്ധ്യതയിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ പിണറായി വിജയൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷെ ഒരു ആഗോള ബ്രാൻഡും കേരളത്തിൽ പ്ളാന്റുകൾ സ്ഥാപിക്കാൻ തയ്യാറാവുന്നില്ല. ചൈനയെ ചങ്കിലേറ്റുന്ന കമ്മ്യൂണിസ്റ്റ് കേരളത്തെ കണ്ടഭാവം നടിക്കാതെ തമിഴ്‌നാട്ടിലാണ് ഷവോമി അടുത്തിടെ അവരുടെ മൊബൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചത്. സ്വകാര്യ മൂലധനത്തിനെതിരെ ഇപ്പോഴും യുദ്ധം ചെയ്യുന്ന വരട്ടുതത്വവാദികളുടെ സ്വന്തം നാടെന്ന പേരുദോഷമാണ് കേരളത്തെ വ്യവസായികളുടെ വിലക്കപ്പെട്ട സംസ്ഥാനമാക്കി മാറ്റിയത്.

ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ആത്യന്തികമായി നാട് നന്നാവണം. നാട്ടിലെ ചെറുപ്പക്കാർക്ക് ജോലിയും വേലയും കിട്ടണം എന്നൊരു ചിന്താധാര നമ്മുടെ രാഷ്ട്രീയ ട്രേഡ് യുണിയനുകൾക്കുണ്ടാവണം. അഞ്ചുവർഷം ഫുൾ വിധ്വംസക സംഘർഷ സമരം നടത്തിയതിന് ശേഷം ഭരണത്തിലെത്തുമ്പോൾ എത്ര നിക്ഷേപക സംഗമം നടത്തിയാലും വിജയിക്കില്ല.

മനോഭാവത്തിലാണ് മാറ്റം സംഭവിക്കേണ്ടത്. അങ്ങനെയൊരു സർഗാത്മക മാറ്റം സംഭവിച്ചില്ലെങ്കിൽ ഗർഭപാത്രത്തിൽ വച്ചുതന്നെ ഗൾഫുവിസാ ഒപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഭ്രൂണങ്ങളുടെ സ്റ്റേറ്റായി കേരളം കുപ്രസിദ്ധി നേടും. കാൽനൂറ്റാണ്ട് മുമ്പൊരു ഡെംഗ് സിയാവോ പിങ് മാർക്സിസ്റ്റ് പാർട്ടിയിൽ അവതാരമെടുത്തിരുന്നെങ്കിൽ കേരളം മറ്റൊരു ഷാംഗ്ഹായ് തിളക്കമാകുമായിരുന്നു. ജിയോയുടെ ടവറുകൾ ആരെങ്കിലും തല്ലിത്തകർക്കുന്നത് ഗൾഫിലെ തീച്ചൂളയിലിരുന്ന് കണ്ട് കൈകൊട്ടി ചിരിക്കാനാണ് നമുക്ക് യോഗം. മറ്റെന്ത് പറയാൻ...!