ചെങ്ങന്നൂർ: അടിമുടി രാഷ്ട്രീയക്കാരനാണ് സജി ചെറിയാൻ. സിപിഎം നേതാക്കൾക്ക് വേണ്ട ജനകീയതയും രാഷ്ട്രീയ ഗൗരവവും ഒരുപോലെയുള്ള വ്യക്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ എസ്എഫ്‌ഐ അംഗമായി തുടങ്ങിയതാണ് അദ്ദേഹത്തിന്റെ രാഷ്ടീയം. പിന്നീട് ഇടതു രാഷ്ട്രീയത്തിന്റെ ഓരോ ഘടകങ്ങളിലും പ്രവർത്തിച്ചാണ് അദ്ദേഹം ഒടുവിൽ മന്ത്രിപദവിയിൽ എത്തുന്നത്.

പരേതനായ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ ടി.ടി. ചെറിയാന്റെയും മുൻ സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ശോശാമ്മയുടെയും മകനായ സജി ചെറിയാന് മാതാവിന്റെ മൂത്ത സഹോദരനാണു കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പ്രചോദനം. 25 വർഷത്തെ കെ.എസ്.യു. ഭരണം അവസാനിപ്പിച്ചു മാവേലിക്കര ബിഷപ്പ്മൂർ കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി.

തിരുവനന്തപുരം ലോ-അക്കാദമി ലോ-കോളേജിൽനിന്ന് നിയമവിദ്യാഭ്യാസം. 1980-ൽ സിപിഎം. അംഗമായി. എസ്.എഫ്.ഐ. ജില്ലാപ്രസിഡന്റ്, ജില്ലാസെക്രട്ടറി, ഡിവൈഎഫ്ഐ. ജില്ലാപ്രസിഡന്റ്, സെക്രട്ടറി, സിഐ.ടി.യു. ജില്ലാപ്രസിഡന്റ്, സ്‌പോർട്സ് കൗൺസിൽ ജില്ലാപ്രസിഡന്റ്, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് എക്സിക്യുട്ടീവ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

സിപിഎം. നേതാവ് എന്നതിനോടൊപ്പം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എന്നനിലയിലാണ് ചെങ്ങന്നൂരിൽ ജനകീയ അടിത്തറ വിപുലപ്പെടുത്തിയത്. 2018-ൽ ചെങ്ങന്നൂരിൽനടന്ന ഉപതിരഞ്ഞെടുപ്പിൽ എംഎ‍ൽഎ. ആയി. സിപിഎം. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി, ജില്ലാസെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു.

2006ൽ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു 2018 ൽ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണു മത്സരം. ഉപതെരഞ്ഞെടുപ്പിലൂടെ എത്തി പൊതുതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷം നേടിയ സജി ചെറിയാൻ ഉപതിരഞ്ഞെടുപ്പിലെ വിജയം പൊതുതെരഞ്ഞെടുപ്പിലും ആവർത്തിച്ച സജി ചെറിയാൻ ഇത്തവണ നേടിയതും വൻ ഭൂരിപക്ഷം. നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു സ്ഥാനാർത്ഥി നേടുന്ന വലിയ ലീഡായ 31,984 വോട്ടുകൾ നേടിയാണ് സജി ചെറിയാൻ ചെങ്ങന്നൂരിന്റെ സാരഥിയായത്. ഇപ്പോൾ മന്ത്രിസഭയിലേക്കും.

ഭാര്യ: ക്രിസ്റ്റീന. മക്കൾ: ഡോ.നിത്യ, ഡോ.ദൃശ്യ, ശ്രവ്യ (കാരക്കോണം മെഡിക്കൽ എംബിബിഎസ് വിദ്യാർത്ഥിനി). മരുമക്കൾ: അലൻ തോമസ് കണ്ണാട്ട്, ജസ്റ്റിൻ പ്രദീപ് ഗ്രീൻവാലി.