കൊച്ചി: സ്ത്രീധന സമ്പ്രദായത്തിനെതിരെ തുറന്നടിച്ച് നടൻ സലിംകുമാർ. മലയാളി മനസിൽ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്റെ പേരിലുണ്ടാകുന്ന അതിക്രമങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പ്രതികരിച്ചു. കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കും പങ്കുണ്ടെന്നും വിസ്മയയുടെ ഭർത്താവിന് ലഭിക്കുന്ന അതേ ശിക്ഷക്ക് താനും അർഹനാണെന്നും സലീം കുമാർ പറഞ്ഞു.

'സ്ത്രീധന ഭാരത്താൽ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജിവിതങ്ങൾ' എന്ന് സന്ദേശം ഉയർത്തി ഡിവൈഎഫ്ഐ നടത്തിയ യുവജന ജാഗ്രതാ സദസിൽ സംസാരിക്കുകയായിരുന്നു സലീം കുമാർ. ആത്മവിമർശനം കൂടി പങ്കുവച്ചാണ് സലിം കുമാർ സ്ത്രീധന സമ്പ്രദായത്തിനെതിരെ പ്രതികരിച്ചു രംഗത്തുവന്നത്.

ഓരോ പെൺകുട്ടികളും മരിച്ച് വീഴുമ്പോൾ ഇത്തരം ചർച്ചകൾ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോൾ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയിൽ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. ക്രൈം ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ള ആയിരത്തി എൺപതോളം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയൽ ചെയ്യുന്നത്.

ഇവിടെ സ്ത്രീകൾ ദുരൂഹമായ സാഹചര്യത്തിൽ മരിക്കുന്നതിന്റെ കാരണങ്ങളിൽ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാൾ മാരകമായ വിപത്താണ്. കൊവിഡിന് വാക്സിനേഷൻ ഉണ്ട്. എന്നാൽ കാലങ്ങളായി ഈ സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരത്തിനെതിരെ വാക്സിനേഷൻ കണ്ടെത്താൻ സാധിച്ചിട്ടില്ല.

വിസ്മയയുടെ മരണത്തിൽ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭർത്താവിന് കൊടുക്കുന്ന ശിക്ഷക്ക് അതേ ഉത്തരവാദിയാണ് സലീം കുമാറും. ഈ കോവിഡിന്റെ ഭീതിജനകമായ സാഹചര്യത്തിൽ ആ പെൺകുട്ടിക്ക് വീട്ടിൽ വന്നു നിൽക്കാമായിരുന്നു. സൈക്യാർടിസ്റ്റിന്റെ ഉപദേശങ്ങൾ തേടാമായിരുന്നു. 20 ാം തിയ്യതിയാണ് ആ പെൺകുട്ടി കൊല്ലപ്പെടുന്നതെങ്കിൽ അതിന്റെ എത്രയോ ദിവസങ്ങൾക്ക് മുമ്പ് ആ പെൺകുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു.

മലയാളി മനസിൽ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങൾ ഒഴിവാക്കുകയുള്ളൂ. ആൺകുട്ടികൾ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാൻ. ആ ത്രാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആൺമക്കളാണ്. എന്റെ വീട്ടിലും ത്രാസ് ഉണ്ട്. അത് ഒഴിവാക്കുകയാണ്.- സലിം കുമാർ പറഞ്ഞു.