കോഡെർമ: ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായെന്നും വിവാഹം നിയമപരമാക്കാൻ ഉടൻ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി സ്വവർ​ഗാനുരാ​ഗികളായ യുവതികൾ. ഝാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി പ്രണയത്തിലായിരുന്ന യുവതികൾ നവംബർ എട്ടിനാണ് വിവാ​ഹിതരായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

24 വയസ്സുള്ള ബിരുദധാരിയും ഇവരുടെ ബന്ധുകൂടിയായ 20കാരിയുമാണ് തങ്ങൾ വിവാഹിതരായെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയത്. വിവാഹം ഉടൻ രജിസ്റ്റർ ചെയ്യുമെന്നും ഇരുവരും അറിയിച്ചു. ഇരുവരും ബന്ധുക്കളാണ്. കഴിഞ്ഞ അഞ്ച് വർഷമായി പ്രണയത്തിലാണ്. ബന്ധുക്കൾ എതിർത്തതിനെ തുടർന്ന് ഇരുവരും ഡൽഹിയിലേക്ക് മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇവർ വീടിന് ആറ് കിലോമീറ്റർ സമീപം വീട് വാടകക്കെടുത്തു. ഇവർ എത്തിയതറിഞ്ഞ ബന്ധുക്കൾ സ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കിയെങ്കിലും പൊലീസ് സ്ഥലത്തെത്തി. ഇരുവരും പ്രായപൂർത്തിയായതിനാൽ മറ്റാർക്കും ഇടപെടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞ് മാധ്യമങ്ങൾ എത്തിയതോടെ ഇവർ താമസം മാറിയിരുന്നു.

'കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. കുടുംബത്തിൽ നിന്ന് ഭീഷണിയുണ്ട്. പക്ഷേ ഞങ്ങൾ കാര്യമാക്കുന്നില്ല. ക്ഷേത്രത്തിൽ നിന്ന് ഞങ്ങൾ വിവാഹിതരായി. വിവാഹം നിയമപരമാക്കാൻ ഉടൻ കോടതിയെ സമീപിക്കും'-ഇരുവരും പറഞ്ഞു. 24കാരി ബിരുദധാരിയാണ്. 20കാരി ഷോപ്പിങ് മാളിൽ ജോലി ചെയ്യുകയായിരുന്നു. സ്വവർഗ ബന്ധത്തിനെതിരെയാണ് നിലപാടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. സ്വവർഗ പ്രണയം ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.