തിരുവനന്തപുരം: രണ്ടരവർഷം മുൻപ് കോഴിക്കോട് നഗരത്തിൽ ട്രാൻസ്ജെൻഡർ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കാഴ്‌ച്ച ഫിലിം ഫോറം പ്രതിസ്ഥാനത്ത്. കാഴ്‌ച്ചയുടെ സ്ഥാപകരിലൊരാളും പ്രമുഖ സംവിധായകനുമായ സനൽകുമാർ ശശിധരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ജീവനും ഭീഷണിയുണ്ടെന്ന് കാണിച്ച് അദ്ദേഹം പൊലീസിനെ സമീപിച്ചു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കാഴ്‌ച്ചയുടെ ഓഫീസിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്‌ബുക് പോസ്റ്റിലൂടെ ആശങ്ക പങ്കുവെച്ച സനൽ, തുടർന്ന് താൻ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കുമയച്ച പരാതിയുടെ പകർപ്പും പങ്കുവെച്ചിട്ടുണ്ട്.

എന്തുതന്നെ സംഭവിച്ചാലും താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ പോകുന്നില്ലെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ കാഴ്ചയിൽ നടക്കുന്ന സംഭവങ്ങൾക്കെതിരെയുള്ള അന്വേഷണത്തിന് പൊതുജനം ശബ്ദമുയർത്തണമെന്നും സനൽ പറഞ്ഞു. കാഴ്‌ച്ചയിൽ നിന്നുമിറങ്ങുമ്പോൾ എന്തോ ഒന്ന് തനിക്ക് പിറകെ വരുന്നതായും, അതിന് പിന്നിൽ താൻ കരുതുന്നതിനേക്കാൾ വലിയ കാര്യങ്ങളുണ്ടെന്നും സനൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ആരോപണം തെളിവുകൾ സഹിതം

കണ്ണൂർ സ്വദേശിയും മൈസൂരുവിൽ സ്ഥിരതാമസവുമാക്കിയ ശാലു എന്ന ട്രാൻസ്ജെൻഡർ യുവതിയെ (40) 2019 ഏപ്രിൽ ഒന്നിനാണ് കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനലിനു പിന്നിലുള്ള ശങ്കുണ്ണിനായർ റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ലോക്കൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ അന്വേഷണം 2020 മാർച്ചിൽ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. തെളിവുകളുടെ അഭാവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഒരിടത്തുമെത്താതെ ഇഴയുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരിക്കുന്നത്.

ശാലുവിന്റെ മൃതദേഹം മൂടിയിരുന്ന ബെഡ്ഷീറ്റ് കാഴ്ച ഫിലിം ഫോറത്തിന്റെ ഓഫിസിലുണ്ടായിരുന്നതാണെന്നാണ് സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഓഫിസിലുള്ള ബെഡ്ഷീറ്റ് എങ്ങനെ കോഴിക്കോട്ടെത്തി എന്നതിൽ സംശയമുണ്ടെന്നും സനൽ പറയുന്നു. കാഴ്ചയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരു സംവിധായകന്റെ കാർ ഏറെക്കാലം കാണാതായിരുന്നു. ഇയാൾക്കെതിരെ മീ ടൂ ആരോപണവും ഉയർന്നിരുന്നു. കാഴ്ചയുടെ ഓഫിസിൽ ട്രാൻസ്ജെൻഡർ വ്യക്തികളെ താനറിയാതെ ചില പ്രവർത്തകർ കൊണ്ടുവന്നിരുന്നതായി സനൽ വ്യക്തമാക്കിയിരുന്നു.

മൃതദേഹം ബെഡ്ഷീറ്റിൽ തൂക്കിയെടുത്തു കൊണ്ടുവന്ന് മതിലിനരികിൽ കൊണ്ടുവച്ച രീതിയിലാണ് കാണപ്പെട്ടതെന്നു സനൽ ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞു. ഇതുസംബന്ധിച്ചുള്ള പരാതിയിൽ സനലിന്റ മൊഴി എടുത്തിരുന്നെങ്കിലും പിന്നീടൊന്നും നടന്നില്ലെന്നും സനൽ ആരോപിക്കുന്നുണ്ട്. ഈ സംശയം തന്റെ സുഹൃത്തായിരുന്ന മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപുമായി സംസാരിച്ചിരുന്നു. പിന്നീട് ഒരു വാഹനാപകടത്തിൽ പ്രദീപ് കൊല്ലപ്പെട്ടിരുന്നു. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സമാന്തര സിനിമാകൂട്ടായ്മയായ കാഴ്ച ഫിലിം ഫോറത്തിന്റെ സ്ഥാപകരിലൊരാളായ സനൽകുമാർ തന്റെ ജീവനുതന്നെ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഓഫിസുമായി ബന്ധപ്പെട്ട് ചില റാക്കറ്റുകൾ പ്രവർത്തിക്കുന്നു എന്ന ആരോപണവുമായി സനൽകുമാർ കാഴ്ചയുടെ ഓഫിസ് അടച്ചുപൂട്ടിയിരുന്നു.

അനന്തമായി അന്വേഷണം

വാക്കുതർക്കത്തെ തുടർന്നുണ്ടായ കൊലപാതകമെന്നായിരുന്നു കേസന്വേഷിച്ച പൊലീസിന്റെ നിഗമനം. കഴുത്തിൽ സാരി കുരുക്കി ശ്വാസംമുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയത്. ശരീരത്തിൽ മുറിവുകളുമുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു. പ്രതിഷേധങ്ങളും ആരോപണങ്ങളും ഉണ്ടാവാനുള്ള സാധ്യതകൾ കണക്കിലെടുത്ത് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഉടനുണ്ടാവുമെന്നു പറഞ്ഞെങ്കിലും നടന്നില്ല. കസ്റ്റഡിയിലെടുത്ത യുവാവ് നിരപരാധിയായിരുന്നു. നടക്കാവ് പൊലീസായിരുന്നു കേസ് അന്വേഷിച്ചത്.

കോഴിക്കോട് എത്തുന്നതിനു മുൻപ് ശാലു വിളിച്ചിരുന്നതായും ആരോ നിരന്തരം ഉപദ്രവിക്കുന്നതായും പറഞ്ഞിരുന്നതായി പുനർജനി പ്രവർത്തക സിസിലി ജോൺ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ പരിചയക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ ശാലു മരിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

വെളിവെടുത്തൽ കൊല്ലപ്പെടുമെന്ന ഭയം മൂലം

ജനകീയ കൂട്ടായ്മയിലൂടെ പണം കണ്ടെത്തി നിർമ്മിച്ച ഒരാൾപ്പൊക്കം എന്ന സിനിമയിലൂടെ ദേശീയ പുരസ്‌കാരങ്ങൾ നേടിയ സംവിധായകനാണ് സനൽകുമാർ ശശിധരൻ. സനലിന്റെ ഒഴിവുദിവസത്തെ കളി എന്ന സിനിമ മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടിയിരുന്നു. മഞ്ജുവാരിയർ നിർമ്മിച്ച് നായികയായി അഭിനയിക്കുന്ന 'കയറ്റം' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. നിരവധി രാജ്യാന്തര മേളകളിൽ ഇതിനകം കയറ്റം കയ്യടി നേടിക്കഴിഞ്ഞിട്ടുണ്ട്. താൻ ആക്രമിക്കപ്പെടുമെന്നും കൊല്ലപ്പെടുമെന്നുമുള്ള ഭയം കാരണമാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് ഫേസ്‌ബുക് ലൈവിൽ സംവിധായകൻ വ്യക്തമാക്കിയിരുന്നു.