തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ്കുമാറിന്റെ കൊലപാതകത്തിൽ രാഷ്ട്രീയം കൂട്ടിക്കലർത്താനുള്ള സിപിഎം നീക്കം തിരിച്ചടിച്ചു. തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ലെന്നും വ്യക്തിവിരോധം മൂലമാണ് കൊലപാതകമെന്നും പ്രതികൾ തന്നെ വ്യക്തമാക്കിയതോടെയാണ് സിപിഎം വെട്ടിലായത്. കൊല്ലം മൺട്രോ തുരുത്തിലെ കൊലപാതകത്തിൽ രാഷ്ട്രീയം കലർത്താൻ നടത്തിയ ശ്രമം പൊളിഞ്ഞതു പോലെയാണ് പെരിങ്ങരയിലും സംഭവിച്ചത്. സന്ദീപിന്റെ കൊലപാതകം നടന്നതിന് തൊട്ടു പിന്നാലെ തന്നെ ഇതിൽ രാഷ്ട്രീയമില്ലെന്നും ഗുണ്ടാ വിളയാട്ടമാണെന്നും പൊലീസും ഇന്റലിജൻസും കണ്ടെത്തിയിരുന്നു.

ഈ വിവരം അപ്പോൾ തന്നെ അവർ റിപ്പോർട്ട് ചെയ്യുകയും മാധ്യമങ്ങളോട് അതേ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ആദ്യ പ്രതികരണവും ഗുണ്ടാസംഘം സന്ദിപിനെ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ആർ. മനു അടക്കമുള്ളവർ ഫേസ് ബുക്കിൽ പോസ്റ്റിട്ടതും ഗുണ്ടകൾ സന്ദീപിനെ കൊന്നുവെന്നായിരുന്നു.

കുത്തിയത് ജിഷ്ണുവും സംഘവും ആണെന്ന് മനസിലാക്കിയതോടെയാണ് രാഷ്ട്രീയക്കളിക്ക് അരങ്ങൊരുങ്ങിയത്. ജിഷ്ണു മുൻ ആർഎസ്എസുകാരൻ ആണെന്ന് അറിഞ്ഞു കൊണ്ട് കൊലയ്ക്ക് രാഷ്ട്രീയ മാനം കൊണ്ടു വരാൻ ശ്രമിച്ച നേതാക്കൾ അതിനിടയിൽ മറ്റു പ്രതികളുടെ പശ്ചാത്തലം ശ്രദ്ധിക്കാതെ പോയി. സംഭവം നടന്ന് മണിക്കൂറുകൾക്കകം ജിഷ്ണു, പ്രമോദ്, നന്ദുകുമാർ എന്നിവരെ കസ്റ്റഡിയിൽ എടുത്തതോടെയാണ് സിപിഎമ്മിന്റെ നീക്കം പൊളിഞ്ഞത്. തനിക്ക് ബിജെപിയും ആർഎസ്എസുമായി കഴിഞ്ഞ ഒരു വർഷമായി ബന്ധമില്ലെന്ന് ജിഷ്ണു പൊലീസിനോട് പറഞ്ഞു.

മറ്റു രണ്ടു പ്രതികളും തങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകരും അനുഭാവികളുമാണെന്ന് പറയുകയും ചെയ്തു. ഈ വാർത്ത ആദ്യം പുറത്തു വിട്ടത് മറുനാടനാണ്. കൊലയ്ക്ക് കാരണം വ്യക്തിവിരോധമാണെന്നും മൂന്നു പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നുമുള്ള യാഥാർഥ്യം മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചു. ഇങ്ങനെ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ ഡിവൈഎഫ്ഐ സൈബർ സേന ഭീഷണിയുമായി രംഗത്ത് വരികയും ചെയ്തു.

യാഥാർഥ്യം മനസിലാക്കി എല്ലാ മാധ്യമങ്ങളും ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്ന് റിപ്പോർട്ട് ചെയ്തതും സൈബർ സഖാക്കൾ വിമർശന വിധേയമാക്കി. പൊലീസിനെ വലിയ സഖാക്കൾക്ക് പോലും സിപിഎമ്മിന്റെ ഈ നീക്കത്തോട് എതിർപ്പായിരുന്നു. അതു കൊണ്ടു തന്നെയാണ് ഇന്നലെ തിരുവല്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്ന പ്രതികളെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചത്. അവർ തന്നെ തങ്ങളുടെ രാഷ്ട്രീയം തുറന്നു പറഞ്ഞതോടെ സിപിഎം സൈബർ സേനകൾ നിശബ്ദരായിക്കുകയാണ്.

ക്വട്ടേഷൻ സംഘാംഗങ്ങൾ ഏതെങ്കിലും പാർട്ടിയുടെ മേലങ്കി അണിയുന്നത് തങ്ങളുടെ ക്വട്ടേഷനും തുടർന്നുള്ള കേസിനും വഴക്കിനും വേണ്ടി ഉപയോഗിക്കാനാണ്. ഇവരിൽ ഏറെപ്പേരും ഏതെങ്കിലും പാർട്ടിയുടെ ആളായി നടിക്കും. കേസുണ്ടാകുമ്പോൾ ഏതെങ്കിലും പാർട്ടിക്കാർ ചെന്ന് സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടു പോരുകയും ചെയ്യും. ക്വട്ടേഷൻ സംഘങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതുമൊക്കെ വിവിധ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.