തിരവല്ല: സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ പിടിയിൽ. ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങൽ നന്ദു ഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുത്തംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ(22) എന്നിവരാണ് പിടിയിലായത്.

ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. മുഖ്യപ്രതി ജിഷ്ണു ആർഎസ്എസിന്റെ പ്രവർത്തകനാണ്. പ്രമോദ്, നന്ദു, ഫൈസൽ എന്നിവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് പറയുന്നു. ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയയെന്നാണ് സൂചന.

സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട ആദ്യ മൂന്നു പ്രതികളെ ഇന്നു പുലർച്ചെയോടെ മൊബൈൽ ടവർ ലൊക്കേഷൻ നോക്കി ആലപ്പുഴ കരുവാറ്റിയിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാത്തങ്കരിയിൽ ഡോ. ജോസഫ് മണക്കിന്റെ വീടിന് സമീപമുള്ള ആദ്യത്തെ കലുങ്കിൽ വച്ചാണ് സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത്.

രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. കൃത്യം നടത്തുന്നതിന് മുൻപ് സന്ദീപ് കലുങ്കിൽ ഇരിക്കുന്നതായി പ്രതികൾ സമീപത്തെ മാടക്കടയിൽ ചെന്ന് ഉറപ്പു വരുത്തിയിരുന്നു. സാധാരണ രാത്രി 9.30 വരെ സന്ദീപും കൂട്ടുകാരും ഈ കലുങ്കിൽ വന്നിരിക്കാറുണ്ട്.

സംഭവത്തിന് ശേഷം ആദ്യം അവിടെയെത്തിയ രാകേഷ് എന്ന ചെറുപ്പക്കാരനെ കൊലയാളി സംഘം തടഞ്ഞിരുന്നു. സന്ദീപിനെ കുത്തി വീഴ്‌ത്തിയ ശേഷം ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ നിൽക്കുമ്പോഴാണ് രാജേഷ് അവിടെ എത്തിയത്. സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട് എന്നായിരുന്നു ജിഷ്ണു പറഞ്ഞത്. രാജേഷിനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാജേഷ് ഓടി കൊലയാളി സംഘം പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ സന്ദീപ് അവിടെ കുത്തിയിരിക്കുകയായിരുന്നു. ശ്വാസമെടുക്കാൻ പാടുപെടുകയും ചെയ്യുന്നുണ്ടായിരുന്നു. സുഹൃത്തുക്കളെ വിളിച്ചു വരുത്തി ബൈക്കിൽ കയറ്റിയാണ് മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അങ്ങു ചെന്നു കഴിഞ്ഞപ്പോഴേക്കും സന്ദീപ് മരിച്ചു പോയിരുന്നു.

ജിഷ്ണുവും സന്ദീപുമായി വ്യക്തിവൈരാഗ്യം നില നിന്നിരുന്നു. പാർട്ടി പരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ തിരുവല്ല താലൂക്കിൽ ഹർത്താൽ നടത്തുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി പറഞ്ഞു.