തിരുവല്ല. സി പി എം പെരിങ്ങഴ ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിൽ ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ നേരിട്ടുള്ള ഇടപെടൽ നിർണ്ണായകമായി. സംഭവം നടന്ന് ഏറെ താമസിയാതെ സ്ഥലത്തെത്തിയ എസ് പി , 4 പ്രതികളെ പിടികൂടി , ചോദ്യം ചെയ്യലും നടപടി ക്രമങ്ങളും ഏറെക്കുറെ പൂർത്തിയാക്കി രാവിലെ 6.30 തോടെയാണ് പുളിക്കീഴ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.

കുത്തേറ്റ സന്ദീപിനെ രാത്രി 9 മണിയോടുത്താണ് തിരിവല്ല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. 11 കുത്തേറ്റിട്ടുണ്ടെന്നും ഇടതുനെഞ്ചിലെ കുത്ത് ആഴത്തിലുള്ളതാണെന്നും ജീവൻ രക്ഷപെടുന്ന കാര്യത്തിൽ 80 ശതമാനം സാധ്യതയില്ലെന്നുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഇവിടെ എത്തിയ പൊലീസ് സംഘത്തെ അറിയിച്ചത്. തുടർന്നാണ് പൊലീസ് സംഘം എസ് പിയെ വിവരം അറിയിക്കുന്നത്. സമീപത്തെ എല്ലാ സ്റ്റേഷനുകളിലെയും സി ഐ മാർക്ക് വിവരം കൈമാറാൻ എസ് പി പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി.

തൊട്ടുപിന്നാലെ എസ് പി പുളിക്കീഴ് സ്റ്റേഷനിലെത്തി. ഈ സമയം തിരുവല്ല ഡി വൈ എസ് പിയും സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയും സി ഐ മാരിൽ ഒട്ടുമിക്കവരും സ്റ്റേഷിനിൽ എത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസിന് ലഭിച്ച വിവരങ്ങളുടെ വിശകലനവും ഭാവിപരിപാടികൾ സംബന്ധിച്ച കർമ്മപദ്ധതി തയ്യാറാക്കലും മിനിട്ടുകൾ കൊണ്ട് പൂർത്തിയായി. പിന്നാലെ എസ് പി സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. തിരിച്ച് സ്റ്റേഷനിലെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി, അന്വേഷണത്തിന് സി ഐ മാരുടെ നേതൃത്വത്തിൽ സംഘങ്ങളെ തിരിച്ച്, ചുമതലയേൽപ്പിച്ചു.

തിരുവല്ല, കീഴ് വായ്പൂർ, കോഴിപ്പുറം, പന്തളം തുടങ്ങിയ സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരുടെ നേതൃത്വത്തിൽ ഉടൻ പൊലീസ് സംഘം പലവഴിക്കായി അന്വേഷണം തുടങ്ങി. സ്പെഷ്യൽ ബ്രാഞ്ചിന്റെയും സൈബർ സെല്ലിന്റെയും സമായസമയങ്ങളിലുള്ള ഇടപെടൽ അന്വേഷണത്തിന് കരുത്തായി. ഏകദേശം രാത്രി 11 മണിയോടുത്ത് ജിഷ്ണുവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ ആലപ്പുഴ തകഴി ആണെന്ന് സൈബർ സെൽ കണ്ടെത്തി. പിന്നീട് ഇയാൾ മൊബൈൽ സ്വച്ച് ഓഫ് ചെയ്തതിനാൽ ലോക്കേഷൻ കണ്ടെത്താൻ മാർഗ്ഗമില്ലാതായി.

അന്വേഷണത്തിൽ കരുവാറ്റ ഭാഗത്ത് ജിഷ്ണുവിന് ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് ഇവിടുത്തെ കോളനി പ്രദേശത്ത് വ്യാപകമായി തിരച്ചിൽനടത്തുകയും ജിഷ്ണുവിനെയും മൂന്ന് കൂട്ടാളികളെയും ഇവിടുത്തെ ഒരു വീട്ടിൽ നിന്നും പിടികൂടുകയുമായിരുന്നു. മുമ്പ് ജിഷ്ണു ഈ വീട്ടിൽ താമസിച്ചിരുന്നെന്നും ഈ പിരചയം വച്ചാണ് ഇയാൾ വീണ്ടും ഇവിടേയ്ക്കെത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

മുഹമ്മദ് ഫൈസലിനെ കുറ്റപ്പുഴയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് പൊലീസ് പൊക്കിയത്. ജിഷ്ണുനൽകിയ വിവരങ്ങൾ പ്രകാരമുള്ള അന്വേഷണമാണ് ഹോട്ടലിൽ നിന്നും മുഹമ്മദിനെ പിടികൂടാൻ പൊലീസ് സംഘത്തിന് സഹായകമായത്. സംഭവസ്ഥലത്ത് ഓടിയെത്തിയവർ ജിഷ്ണുവിനെ തിരിച്ചറിഞ്ഞതാണ് കേസിലെ നിർണ്ണായക വഴിത്തിരിവ്. സംഘത്തിലെ അഞ്ചാമത്തെ ആളെതിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഇതാണ് ഇപ്പോൾ പൊലീസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

രാഷ്ട്രീയ കൊലപാതമല്ലന്ന് ഏറെക്കുറെ സ്ഥിരീകരിക്കാനായതും ഈ കേസന്വേഷണത്തിൽ പൊലീസിന് നേട്ടമായിട്ടുണ്ടെന്നാണ് ചൂണ്ടികാണിക്കുപ്പെടുന്നത്. ഈ വാദം സിപിഎം അംഗീകരിക്കുന്നില്ല. സന്ദീപ് കുമാറിന്റെ കൊലപാതകം വ്യക്തി വൈരാഗ്യത്തെത്തുടർന്നാണെന്ന പൊലീസ് വാദം തള്ളി സിപിഎം രംഗത്ത് എത്തിയിട്ടുണ്ട്.

സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ബിജെപിയും ആർഎസ്എസുമാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി ആരോപിച്ചു. ജിഷ്ണുവിന്റെ അമ്മയുടെ ജോലിക്കാര്യവുമായി ബന്ധപ്പെട്ട് സന്ദീപുമായി തർക്കം ഉണ്ടായിരുന്നില്ല. ബിജെപിയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിലും ജിഷ്ണു പ്രതിയാണെന്ന് അദ്ദേഹം പറഞ്ഞു.