ലണ്ടൻ: ബ്രിട്ടനിലെ രഹസ്യ പൊലീസ് ഒരുക്കിയ കെണിയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ മലയാളി യുവാവ് കുടുങ്ങി. 14 വയസുള്ള കൗമാരക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെന്ന കേസിലാണ് ഹേമേൽ ഹെംസ്റ്റഡ് പൊലീസ് സഞ്ജയ് സി പിള്ളയെന്ന മലയാളിയെ അറസ്റ്റ് ചെയ്തത്. കെയർ ഹോമിൽ ജോലി ചെയ്യവേയുണ്ടായ സംഭവത്തിന്റെ പേരിൽ സഹപ്രവർത്തകർ ഇയാളെ ഒറ്റിയതാണെന്നും സൂചനയുണ്ട്.

മലയാളി നടത്തുന്ന ഏജൻസി വഴി ഇയാൾ ജോലിക്കെത്തിയ കെയർ ഹോമുകളിൽ മറ്റു മലയാളി വിദ്യാർത്ഥികളും ജോലി ചെയ്യുന്നതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. യുകെയിൽ എങ്ങനെ പെരുമാറണം, സംസാരിക്കണം, ജീവിതം തുടങ്ങണം എന്നൊന്നും അറിയാതെ എത്തുന്ന മലയാളി വിദ്യാർത്ഥികൾ കേരളത്തിലേത് പോലെ പെരുമാറാൻ തുടങ്ങുന്നു എന്നതിന്റെ അനവധി ഉദാഹരണങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.

യുകെയിൽ പഠിക്കാൻ എത്തി പൊലീസ് പിടിയിലായ ഹതഭാഗ്യനായ ഒരു യുവാവിന്റെ ജീവിതമാണ് കഴിഞ്ഞ ദിവസങ്ങളിൽ യുകെ മലയാളി സമൂഹം ചർച്ച ചെയ്യുന്നത്. ആലപ്പുഴ രാമപുരം സ്വദേശിയായ സഞ്ജയ് പിള്ള എന്ന യുവാവ് കുടുങ്ങിയതാണെന്നും കുടുക്കിയതാണെന്നും രണ്ടു തരത്തിലാണ് പ്രചാരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നടത്തിയ ശ്രമത്തിനാണ് സ്‌പെഷ്യൽ പൊലീസ് ടീം ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ഒടുവിൽ നടന്ന സംഭവം ഹേമേൽ മലയാളികൾ അറിഞ്ഞിരുന്നെങ്കിലും ഈ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ ഇയാളെ ചോദ്യം ചെയ്യുന്ന ഒരു മണിക്കൂർ വീഡിയോ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയതോടെയാണ് നാടെങ്ങും ചർച്ച ആയത്.

ജാഗ്രതയോടെ പൊതു സമൂഹം, കുടുങ്ങാൻ നിസാര കാരണം ധാരാളം

ഇന്ത്യയിൽ നിന്നെത്തുന്ന വിദ്യാർത്ഥികളോട് പൊതുവെ അസഹിഷ്ണുത നിറഞ്ഞ ഭാഷയിലാണ് സോഷൽ മീഡിയയിൽ ബ്രിട്ടീഷ് വംശജർ കമന്റ് ചെയ്യുന്നത്. ഇവർ വരുന്നത് പഠിക്കാനോ അതോ ലൈംഗിക ദാരിദ്ര്യം മാറ്റാനോ എന്ന ചോദ്യമാണ് ഇപ്പോൾ യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ഉയരുന്നത്.

ഇത്തരം സംഭവങ്ങൾ തീർച്ചയായും യുകെയിൽ എത്തികൊണ്ടിരിക്കുന്ന അനേകായിരം മലയാളി വിദ്യാർത്ഥികളെ കുറിച്ച് മോശമായ ചിന്താഗതി പ്രാദേശിക സമൂഹത്തിൽ വളരാനും കാരണമാകും എന്നുറപ്പാണ്. ഇത്തരം കാര്യങ്ങൾ വിദ്യാർത്ഥികളെ പറഞ്ഞു മനസിലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ നിങ്ങളാരാ ഇതൊക്കെ പറയാൻ എന്ന നിഷേധാത്മക മറുപടിയാണ് ചെറുപ്പക്കാരിൽ നിന്നും എത്തുന്നത് എന്നും ആക്ഷേപം ശക്തമാണ്.

സഞ്ജു ജോലി ചെയ്ത കെയർ ഹോമിൽ അനേകം മലയാളി വിദ്യാർത്ഥികൾ മലയാളി നടത്തുന്ന കെയർ ഏജൻസി വഴി ജോലിക്കെത്തുന്നു എന്നതാണ് വിവരം. ഈ കെയർ ഹോമിൽ ജോലി ചെയ്യുന്ന പ്രാദേശിക വാസികൾ സഞ്ജുവിനെ ഒറ്റിയതാണെന്നും അതല്ല സ്വയം ഒരുക്കിയ കെണിയിൽ സഞ്ജു അകപ്പെടുക ആയിരുന്നു എന്നും പറയപ്പെടുന്നു. ഈ യുവാവ് ലൂട്ടനിൽ നിന്നും ഹേമലിൽ എത്തിയാണ് പെൺകുട്ടിയെ വശീകരിക്കാൻ ശ്രമിച്ചതെന്നും ട്വിറ്ററിൽ അനേകമാളുകൾ പ്രചാരം നടത്തുന്നുണ്ട്. പത്രപ്രവർത്തകനായ ഡേവിഡ് ആർതട്ടെർ അടക്കമുള്ളവർ ഇയാൾക്കെതിരെ ശക്തമായ പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ എത്തിയതോടെ അനേകമാളുകളാണ് ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.

സഞ്ജു ചാറ്റ് ചെയ്തത് യഥാർത്ഥ പെൺകുട്ടികളോടാണെന്നു കരുതിയെങ്കിലും 14 വയസുകാരെന്നു വെളിപ്പെടുത്തി യുവാവിനോട് ലൈംഗിക ചുവയിൽ സംസാരിച്ചത് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തകരാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അക്രമം അവസാനിപ്പിക്കാൻ രംഗത്തുള്ള ഇത്തരം സംഘടനകൾ പ്രായപൂർത്തിയായിട്ടില്ല എന്ന് വെളിപ്പെടുത്തി തന്നെയാണ് സംസാരിച്ചു തുടങ്ങുന്നതും. മുൻപ് ഹേമലിൽ താമസിച്ചിരുന്ന യുവാവ് അടുത്ത കാലത്തായി ലൂട്ടനിലേക്കു താമസം മാറ്റിയിരുന്നു. സാധാരണ കുടുംബത്തിൽ നിന്നും ഒട്ടേറെ കടബാധ്യതകളുമായി യുകെയിൽ എത്തിയ യുവാവിന്റെ അവസ്ഥ കാലക്കേട് എന്ന് വിശേഷിപ്പിക്കാനേ കഴിയൂ എന്നാണ് ഇയാളെ അടുത്തറിയുന്നവർ വെളിപ്പെടുത്തുന്നത്.

ഒട്ടേറെ തവണ വീഡിയോ കോളുകൾ വഴി നഗ്ന ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും ചിത്രങ്ങൾ അയക്കുകയും ചെയ്ത സഞ്ജയ് താൻ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങുകയാണെന്നു ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ഇയാൾ നൽകിയ ചിത്രങ്ങളും വിഡിയോയും എല്ലാം ഇയാൾക്കെതിരെയുള്ള തെളിവുകളായി മാറുക ആയിരുന്നു. മാത്രമല്ല, തന്നെ കുടുക്കാൻ ഉള്ളവർക്കായി കൂടിക്കാഴ്ചക്ക് സമയവും സ്ഥലവും നിശ്ചയിച്ചതും സഞ്ജയ് തന്നെയാണ്. ഒരർത്ഥത്തിൽ സ്വയം കെണിയിലേക്ക് ഇയാൾ നടന്നടുക്കുക ആയിരുന്നു എന്ന് വ്യക്തം.

തന്റെ നിരവധി കൂട്ടുകാർ ഇതേ പ്രവർത്തി ചെയ്തിരുന്നതുകൊണ്ടാണ് താനും ശ്രമിച്ചതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകിയതോടെ കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാകാൻ സാധ്യതയേറി. ഹേമേൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഇയാളുടെ കൂട്ടുകാർ വരും ദിനങ്ങളിൽ രഹസ്യ നിരീക്ഷണത്തിലാകാൻ സാധ്യതയേറെയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ പൊതു മനോനില ഇപ്രകാരമായിരിക്കും എന്ന സൂചനയും ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ പൊലീസിനോട് വ്യക്തമാക്കി കഴിഞ്ഞു.

നിരപരാധിയാണെങ്കിൽ പോലും നാട് കടത്തപ്പെടാം

മുൻകാലങ്ങളിൽ കേസും വിചാരണയും ജയിൽവാസവും ഒക്കെ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത്തരം കേസുകളിൽ പത്തു വർഷത്തെ വിലക്കുമായി നേരെ കേരളത്തിലേക്ക് ഏറ്റവും അടുത്ത് ലഭ്യമായ വിമാനത്തിൽ കയറ്റി അയക്കുന്ന രീതിയാണ് പൊലീസ് സ്വീകരിക്കുന്നത് എന്നും വ്യക്തമാകുന്നുണ്ട്. ഇക്കാരണത്താൽ നിരപരാധി ആണെങ്കിൽ പോലും അത് തെളിയിക്കപ്പെടാൻ ഉള്ള സാവകാശം പോലും ലഭിക്കുന്നില്ല.

മുൻപ് ഒരു വ്യാജ പരാതിയിൽ ലണ്ടനിൽ മലയാളി വിദ്യാർത്ഥി കുടുങ്ങിയപ്പോൾ സൗജന്യ നിയമ സഹായവുമായി ബ്രിട്ടീഷ് ആക്ടിവിസ്റ്റ് രംഗത്ത് വന്നതോടെ മലയാളി വിദ്യാർത്ഥിയുടെ നിരപരാധിത്വം കോടതിയിൽ തെളിയിക്കപ്പെട്ടിരുന്നു. എന്നാൽ നിലവിൽ അത്തരം ഒരു സാധ്യത പോലും നൽകാതെയാണ് രഹസ്യ പൊലീസ് വിഭാഗത്തിന്റെ പ്രവർത്തനം എന്നും വെളിപ്പെടുകയാണ് അടുത്ത കാലത്തായി യുകെയിൽ നിന്നും ഡീപോർട്ട് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം വ്യക്തമാക്കുന്നത്.

മാഞ്ചസ്റ്ററിൽ 27 കാരനായ സരോജ് എന്ന മലയാളി വിദ്യാർത്ഥി കൂടെ ജോലി ചെയുന്ന ബ്രിട്ടീഷുകാരിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചതിന് തലനാരിഴക്കാണ് ഇക്കഴിഞ്ഞ നവംബറിൽ ജയിൽ ശിക്ഷയിൽ നിന്നും രക്ഷപെട്ടത്. ഇത്തരത്തിൽ ഡീപോർട്ട് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് യുകെ മാത്രമല്ല, ഓസ്‌ട്രേലിയ, കാനഡ, ന്യുസിലാൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ പോകാനും സ്വാഭാവിക വിലക്കുണ്ടാകും. ഇക്കാരണത്താൽ വലിയ സ്വാതന്ത്രം ഒന്നും താത്കാലിക ജോലിക്കെത്തുന്ന സ്ഥലങ്ങളിൽ എടുക്കാതിരിക്കുക എന്നതാണ് മുൻകരുതൽ എന്ന നിലയിൽ ഏറ്റവും സ്വീകാര്യമായ മാർഗം.

വഴി തെറ്റിക്കാൻ സോഷ്യൽ മീഡിയ മുറിവൈദ്യന്മാരും

സോഷ്യൽ മീഡിയ സജീവമായ കാലം ആയതിനാൽ പഴയ തലമുറ മലയാളികൾ പറയുന്നത് കേൾക്കേണ്ട കാര്യം ഇല്ലെന്നും ബ്രിട്ടീഷുകാരെ വെല്ലുവിളിക്കേണ്ടിടത്ത് അത് ചെയ്യണം എന്നുമൊക്കെ അപക്വമായ കുറിപ്പുകൾ നിരന്തരം സോഷ്യൽ മീഡിയയിൽ എത്തുന്നതിനാൽ അനേകം ചെറുപ്പക്കാരാണ് അമിത സ്വാതന്ത്രം എടുത്ത് അപകടത്തിലാകുന്നത്.

ഇംഗ്ലീഷ് കൂടുതലായി അറിയാം എന്നതിനാൽ ബ്രിട്ടനിൽ കാല് കുത്തുന്ന ദിവസം മുതൽ ബ്രിട്ടീഷുകാരായി ജീവിക്കണം എന്ന മിഥ്യാബോധമാണ് അടുത്തിടെയായി എത്തുന്ന ചെറുപ്പക്കാർ സോഷ്യൽ മീഡിയയിൽ കുത്തിക്കുറിക്കുന്നത്. ഇതെല്ലം വിശ്വസിച്ച് അപക്വമായി പെരുമാറി തുടങ്ങിയാൽ ജയിലിൽ എത്തുക എന്നത് എളുപ്പമുള്ള കാര്യമാണ് എന്ന സത്യം മുൻ തലമുറ മലയാളികൾ ചൂണ്ടികാട്ടുമ്പോൾ അതിനെ പരിഹസിച്ചെടുക്കാനുള്ള വ്യഗ്രതയാണ് കൂടുതൽ സരോജ് മാരെയും സഞ്ജയ് മാരെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്നും വ്യക്തം .