തിരുവനന്തപുരം: ഉന്നതരായ നിരവധി മലയാളികളെ മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരൻ എങ്ങനെയാണ് കബളിപ്പിച്ചതെന്ന് കേരളം കണ്ടു കഴിഞ്ഞു. സന്തോഷ് എളമക്കര എന്ന വ്യക്തി നൽകിയ വസ്തുക്കളാണ് മോൻസൻ പുരാവസ്തുക്കളെന്ന് പറഞ്ഞ് പ്രമുഖരെ കാണിച്ചിരുന്നത്. ഇതോടെ കേസിന്റെ തുടക്കത്തിൽ സന്തോഷും സംശയത്തിലായി. എന്നാൽ, താനല്ല തട്ടിപ്പുകാരൻ മോൻസന്റെ തട്ടിപ്പിന്റെ ഇരയാണ് താനെന്നുമാണ് സന്തോഷ് എളമക്കര പ്രതികരിച്ചത്.

ഞാൻ പുരാതനവസ്തുക്കളുടെ വ്യാപാരി മാത്രമാണ്. സിനിമാ ഷൂട്ടിങുകൾക്ക് അടക്കം താൻ സാധനങ്ങൾ നൽകാറുണ്ട്. അത്തരത്തിൽ മോൻസന് സാധനങ്ങൾ വിറ്റ ബന്ധം മാത്രമാണുള്ളതെന്ന് സന്തോഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. താൻ കൊടുത്ത സാധനങ്ങളുടെ കൃത്യമായ കാലപ്പഴക്കം പറഞ്ഞാണ് കൊടുത്തിട്ടുള്ളത്. അതിൽ 50 വർഷം മുതലുള്ള സാധനങ്ങളുണ്ടായിരുന്നു. മോശയുടെ വടിയെന്നോ ശ്രീകൃഷ്ണന്റെ താളിയോല എന്നോ പറഞ്ഞ് താനൊരു സാധനവും നൽകിയിട്ടില്ലെന്നും സന്തോഷ് മറുനാടനോട് പറഞ്ഞു.

2005 ൽ എന്റെ കയ്യിൽ നിന്നും പഴയ സാധനങ്ങൾ വാങ്ങിയ ഒരാൾ എന്നെ പറ്റിച്ചത് മൂലം എനിക്ക് 60 ലക്ഷം രൂപയുടെ കടമുണ്ടായി. അങ്ങനെ നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയുണ്ടായപ്പോഴാണ് ഞാൻ എറണാകുളത്ത് വന്ന് ബിസിനസ് ആരംഭിച്ചത്. പഴയ സാധനങ്ങൾ ശേഖരിക്കുന്നവർക്ക് അത്തരം സാധനങ്ങൾ വിൽക്കുക, സിനിമയ്ക്ക് വേണ്ടി പുരാതന സാധനങ്ങൾ നൽകുക എന്നിങ്ങനെയുള്ള ബിസിനസുകൾ ആരംഭിച്ചത്. 2016 ൽ മാത്രമാണ് താൻ മോൻസനെ കാണുന്നത്. മ്യൂസിയം തുടങ്ങാനെന്ന് പറഞ്ഞാണ് തന്റെ കയ്യിൽ നിന്നും മോൻസൻ സാധനങ്ങൾ വാങ്ങിച്ചതെന്നും സന്തോഷ് പറയുന്നു. രണ്ട് ലക്ഷം കോടി രൂപ വരാനുണ്ടെന്ന് പറഞ്ഞാണ് കടമായി സാധനങ്ങൾ വാങ്ങിയത്. അത് വിശ്വസിപ്പിക്കാനുള്ള ബാങ്ക് രേഖകളും മോൻസന്റെ പക്കലുണ്ടായിരുന്നു.

അമ്പത്- അറുപത് വർഷം മാത്രം പഴക്കമുള്ള വാക്കിങ് സ്റ്റിക്കാണ് മോൻസൻ മോശയുടെ വടിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്. രണ്ടായിരം രൂപയ്ക്ക് പാലക്കാട് ഉള്ള ഒരു വീട്ടിൽ നിന്നും വാങ്ങിയ ഉറിയാണ് ശ്രീകൃഷ്ണന്റെ ഉറിയായത്. യഹൂദന്മാർ ഉപയോഗിച്ചിരുന്ന ഒരു വിളക്കാണ് നബി ഉപയോഗിച്ച വിളക്കെന്ന പേരിൽ മോൻസൻ എല്ലാവരെയും കാണിച്ചിരുന്നത്. താൻ വാങ്ങിക്കൊടുത്ത താളിയോലകളാണ് മോൻസൻ ഗണപതി എഴുതിയ മഹാഭാരതമെന്ന് പറഞ്ഞ് ആളുകളെ വിഢ്ഢികളാക്കിയത്.

ശബരിമല ചെമ്പോല എന്ന് പറയുന്ന ചെമ്പോല താൻ തൃശൂരിലെ ഒരു വീട്ടിൽ നിന്നും വാങ്ങിനൽകിയതാണ്. അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയില്ല- സന്തോഷ് പറയുന്നു. സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ മറ്റോ ഉള്ള എഴുത്തായിരുന്നു ചെമ്പോലയിലുണ്ടായിരുന്നത്. അതിനാൽ എന്താണ് ഉള്ളടക്കമെന്ന് അറിയില്ല. താൽപര്യം പ്രകടിപ്പിച്ചപ്പോൾ മോൻസണ് കൈമാറി. ഇതിനു ശേഷം ചെമ്പോല പുരാവസ്തു വിദഗ്ധരെ ആരെയോ കാണിച്ചുവെന്ന് മോൻസൺ ഇടയ്ക്ക് സൂചിപ്പിച്ചിരുന്നു. അതു ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോലയാണെന്ന അവകാശവാദം താൻ അറിയുന്നത് വാർത്തകളിലൂടെയാണെന്നും സന്തോഷ് പറഞ്ഞു.

ആറേഴ് മാസം മുമ്പ് ഇത്തരത്തിലുള്ള വീഡിയോകൾ ശ്രദ്ധയിൽപെട്ടപ്പോൾ താൻ അക്കാര്യം മോൻസനോട് ചോദിച്ചിരുന്നു. നമ്മൾ ഇത് വിൽക്കുന്നില്ല. ഇങ്ങനെയൊക്കെ പറഞ്ഞാൽ മാത്രമേ ആളുകൾ കാണാൻ വരുകയുള്ളു എന്നാണ് അപ്പോൾ മോൻസൻ പറഞ്ഞതെന്നും സന്തോഷ് വ്യക്തമാക്കി. അനിതാ പുല്ലയിലിനെയും സഹിൻ ആന്റണിയേയുമൊക്കെ താൻ മോൻസന്റെ വീട്ടിൽവച്ച് കണ്ടിട്ടുണ്ടെന്നും അവർ തന്റെയും സുഹൃത്തുക്കളാണെന്നും അദ്ദേഹം പറയുന്നു.

പുരാവസ്തുക്കൾ കൊടുത്തതിൽ മൂന്ന് കോടി രൂപയും പണമായി നൽകിയ മുപ്പത് ലക്ഷം രൂപയും മോൻസൻ തനിക്ക് നൽകാനുണ്ട്. ആ പണം നൽകാത്തതുകൊണ്ടാണ് പലിശക്കാരെ പേടിച്ച് താൻ ഒളിവിൽ പോകേണ്ടിവന്നതെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു. മോൻസൻ നൽകാനുള്ള പണത്തിന് വേണ്ടി എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.

2016 ലാണ് മോൻസനെ പരിചയപ്പെട്ടതെന്നും സന്തോഷ് പറയുന്നു. 2.62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്ന് ചില രേഖകൾ കാട്ടി മോൻസൻ പറഞ്ഞു. തനിക്ക് കുറേ കടമുള്ളത് മോൻസൻ അറിഞ്ഞിരുന്നു. മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ നൽകിയാൽ 'കടമെല്ലാം തീർത്തു രാജാവിനെപ്പോലെ വീട്ടിൽ കൊണ്ടുചെന്നിറക്കും' എന്നായിരുന്നു വാഗ്ദാനം. അഞ്ചു വർഷം കൊണ്ടു 3 കോടി രൂപയ്ക്കുള്ള സാധനങ്ങൾ മോൻസണ് നൽകി. എന്നാൽ, ഇവയുടെ പണം തരുന്നത് നീട്ടിക്കൊണ്ടുപോയി- സന്തോഷ് പറഞ്ഞു.