കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ അതിനിർണ്ണായക നീക്കവുമായി കസ്റ്റംസ്. സ്വർണ്ണ കടത്തിൽ സ്വപ്‌നാ സുരേഷിനേയും സരിത്തിനേയും മാപ്പുസാക്ഷിയാക്കാൻ നടത്തുന്ന നീക്കത്തിന് സമാനമായ ഇടപെടൽ വീണ്ടും. സ്വർണ്ണ കടത്ത് അന്വേഷണം എത്തിയത് ഡോളർ കടത്തിലാണ്. ഈ കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പോലും സംശയ നിഴലിലാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും പ്രതിപട്ടികയിൽ ഉണ്ട്. ഈ വമ്പന്മാരെ കുടുക്കാൻ അതിശക്തമായ മൊഴികൾ വേണം. ഇതിന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ മാപ്പു സാക്ഷിയാക്കാനാണ് നീക്കം.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ കസ്റ്റംസിനു ലഭിച്ച തുറുപ്പുചീട്ടാണു യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ കുറ്റസമ്മത മൊഴി. കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) കേസിലും സന്തോഷ് ഈപ്പൻ നൽകിയ മൊഴി നിർണായകമാണ്. അതുകൊണ്ട് തന്നെ സന്തോഷ് ഈപ്പനെ മാപ്പു സാക്ഷിയാക്കിയാൽ പ്രധാന പ്രതികൾ എല്ലാം കുടുങ്ങും. ഡോളർ മാറ്റിയെടുത്ത സന്തോഷ് ഈപ്പനെ കേസിൽ ജാമ്യത്തിൽ വിട്ടതും ഈ സാഹചര്യത്തിലാണ്. വിദേശത്തുള്ള പലരേയും പിടി കിട്ടാനുണ്ട്. അതുകൊണ്ട് തന്നെ സന്തോഷ് ഈപ്പന്റെ മൊഴി അതിനിർണ്ണായകമാണ്. ഇത് മാറ്റി പറയാതിരിക്കാനാണ് പുതിയ നീക്കം.

കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസിലെ മുഖ്യപ്രതിയായ യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാൻ ഇയാൾക്കെതിരെ സന്തോഷ് നൽകിയ മൊഴികൾ നിർണായകമാണ്. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ഇയാളെ മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്താനും നീക്കമുണ്ട്. ഷൗക്രി കടത്തിയ 1.90 ലക്ഷം ഡോളർ (1.40 കോടി രൂപ) കരിഞ്ചന്തയിൽ നിന്നു സ്വരൂപിച്ചു നൽകിയതു സന്തോഷാണ്.

ശിവശങ്കർ, സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവർ സ്വർണക്കടത്തു കേസിലും കള്ളപ്പണ ഇടപാടിലും പ്രതികളായതിനാൽ ഇവരെ മാപ്പുസാക്ഷികളാക്കി പ്രോസിക്യൂഷൻ നടപടികൾ ശക്തമാക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണു സന്തോഷ് ഈപ്പനെ ഡോളർ കടത്തു കേസിൽ മാപ്പുസാക്ഷിയാക്കാൻ കസ്റ്റംസ് നീക്കം നടത്തുന്നത്. ഇതിന് സന്തോഷ് ഈപ്പനും പിന്തുണ നൽകും. നേരത്തെ ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിൽ സന്തോഷ് ഈപ്പൻ ചില ഇടപെടലുകൾ നടത്തി. ഇത് കേന്ദ്ര ഏജൻസിക്ക് എതിരായിരുന്നു. എന്നാൽ കോടതി വിധി സിബിഐക്ക് അനുകൂലമായി.

ഇത് തിരിച്ചടിയാകുമെന്ന് സന്തോഷ് ഈപ്പനും കണക്കു കൂട്ടുന്നു. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും അഴിമതി നിരോധന നിയമ പ്രകാരം കുറ്റമാണ്. അതുകൊണ്ട് തന്നെ അന്വേഷണ ഏജൻസികളുമായി സഹകരിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമം. ഇന്നലെ സന്തോഷിനെ കസ്റ്റഡിയിൽ ചോദിക്കാതെ ജാമ്യം ലഭിക്കാൻ അവസരം ഒരുക്കിയതും ഈ നീക്കത്തിന്റെ ഭാഗമാണെന്നാണു നിയമകേന്ദ്രങ്ങളുടെ വിലയിരുത്തൽ. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐ ഫോൺ കൈക്കൂലിയായി ശിവശങ്കറിനും മറ്റും കിട്ടിയെന്ന് തെളിയിക്കാൻ കേന്ദ്ര ഏജൻസികൾക്കായ സാഹചര്യത്തിലാണ് സന്തോഷ് ഈപ്പനും കേന്ദ്ര ഏജൻസികളുടെ ഭാഗത്തേക്ക് മാറുന്നത്.

ഡോളർ കടത്ത് കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷൻ ഇടപാടിൽ കോഴപ്പണം ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പൻ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ സന്തോഷ് ഈപ്പനെ ജാമ്യത്തിൽ വിട്ടു. ഡോളർ കടത്ത് കേസിൽ സന്തോഷ് ഈപ്പനെ അഞ്ചാം പ്രതിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വപ്ന, സരിത്ത്, ഈജിപ്ഷ്യൻ പൗരൻ ഖാലിദ്, എം.ശിവശങ്കർ എന്നിവരാണ് മറ്റ് പ്രതികൾ. കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണ കരാർ നേടിയെടുത്തത് യുണിടാക്കായിരുന്നു. ഈ ഇടപാടിലെ കമ്മിഷൻ തുകയിൽ ഒരു കോടി 30 ലക്ഷം രൂപ വിദേശത്തേക്ക് കടത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് സന്തോഷ് ഈപ്പനാണ് എന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇന്ത്യൻ കറൻസി കരിഞ്ചന്തയിൽ എത്തിച്ച് ഡോളറാക്കി മാറ്റിയതും സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഉച്ചയ്ക്ക് ശേഷം എറണാകുളം എ.സി.ജെ.എം കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് ജാമ്യം. വടക്കാഞ്ചേരിയിൽ വച്ചു മാധ്യമങ്ങളോട് സംസാരിക്കാം എന്ന് കോടതിക്ക് പുറത്ത് വന്ന സന്തോഷ് ഈപ്പൻ പറഞ്ഞു. ജാമ്യം നൽകാമെന്ന നിലപാടാണ് കോടതിയിൽ കസ്റ്റംസും എടുത്തത്. കേസിൽ ജാമ്യം കിട്ടിയ ശേഷം തമ്പ്‌സ് അപ്പ് നൽകിയാണ് സന്തോഷ് ഇപ്പൻ മാധ്യമങ്ങളുടെ മുന്നിൽ നിന്ന് മടങ്ങിയത്. ഇതും കസ്റ്റംസിൽ നിന്ന് തനിക്ക് പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന സൂചനയായി പങ്കുവച്ചതാണെന്ന ചർച്ചയും സജീവമാണ്.