കൊച്ചി: വൈഗയുടെ പിതാവ് സനു മോഹൻ പെരുമാറ്റത്തിൽ പുറമേ മാന്യനെങ്കിലും വളരെ രഹസ്യാത്മക ജീവിതം നയിച്ചയാളെന്ന് വ്യക്തമായി. മുംബൈയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങിയ ഇയാൾക്ക് സ്വന്തം വീട്ടുകാരോടും അധികം അടുപ്പം കാട്ടിയിരുന്നില്ല. സനുവിനെ അവസാനമായി കാണുന്നത് അഞ്ച് വർഷം മുമ്പാണെന്ന് അമ്മ സരള ടെലിവിഷൻ ചാനലിനോട് പറഞ്ഞു. വൈഗയുടെ മരണശേഷമാണ് എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞതെന്നും അമ്മ പറഞ്ഞു.

'നല്ലൊരു മോനാ...ഞങ്ങളെ നോക്കാറുണ്ട്. കടബാധ്യതയുള്ളതിന് ശേഷമാണ് അകന്നത്. അഞ്ച് വർഷമായി കണ്ടിട്ട്. അവനെ ബന്ധപ്പെടാൻ എന്റെ കൈയിൽ ഒന്നുമില്ല. കുഞ്ഞിന്റെ മരണശേഷമാണ് എറണാകുളത്ത് ഉണ്ടെന്ന് അറിഞ്ഞത്.' സരള പറഞ്ഞു.

മകൻ പൂണെയിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മകൻ ജീവിച്ചിരിക്കുന്നത് പോലും അറിഞ്ഞത് പോലും വൈഗയുടെ മരണത്തിന് ശേഷമാണെന്നും അമ്മ പറയുന്നു.എന്നാൽ മാർച്ച് 20 ന് മൂവരും പല്ലനയിലെ ബന്ധുവീട്ടിൽ എത്തിയെന്ന് സനു മോഹന്റെ ഭാര്യയുടെ ബന്ധുക്കൾ പറയുന്നു. മുംബൈയിൽ ബിസിനസ് നടത്തുമ്പോഴായിരുന്നു തട്ടിപ്പ്. സാമ്പത്തിക തട്ടിപ്പിന് മുംബൈ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് സനു.അവരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്ക് കടന്നത്.പൂനയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും സ്വന്തം കുടുംബവുമായി ബന്ധപ്പെടാൻ ഒരു താൽപര്യവും കാണിച്ചിരുന്നില്ല.

എന്നാൽ, കഴിഞ്ഞ ആറുമാസമായി ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും ഭാര്യയെയും മക്കളെയും കൂട്ടി ബന്ധുവീടുകളിൽ എത്തിയിരുന്നു, സനുവിന്റെ മാറ്റം ബന്ധുക്കളെയും അദ്ഭുതപ്പെടുത്തി. എന്നാൽ, അതിനിടെ, ഭാര്യയുമായും മകളുമായും അകന്നുവെന്നും പറയുന്നു, മുമ്പ് വലിയ സ്‌നേഹം കാണിച്ചിരുന്ന ഭർത്താവ് രണ്ടുമാസമായി അകലം പാലിച്ചിരുന്നുവെന്ന് ഭാര്യ പറയുന്നു.

ഭാര്യ അറിയാതെ, ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ സനു വായ്പ എടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു, ഓൺലൈൻ ചൂതാട്ടത്തിലും ഏർപ്പെട്ടു. ഗോവയിൽ വച്ച് ചൂതാട്ടത്തിൽ പണം പൊടിച്ചതുകൊണ്ടാണ് മൂകാംബികയിൽ എത്തിയപ്പോൾ ഹോട്ടൽ വാടക അടയ്ക്കാൻ കീശ കാലിയായി പോയത്.

സനു വൈഗയെ എങ്ങനെ കൊലപ്പെടുത്തി?

സനു മോഹൻ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ മാത്രമാണ് കൂടുതൽ വ്യക്തത വരുത്തേണ്ടതെന്നും കൊച്ചി സിറ്റി പൊലീസ്‌കമ്മീഷണർ ഇന്ന് പറഞ്ഞു. സനു മോഹന്റെ അറസ്റ്റ് രേപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് വൈഗയെ കൊലപ്പെടുത്തിയത് എന്നതിൽ കൂടുതൽ വ്യക്തത വേണം. താൻ മരിച്ചാൽ കുട്ടി ഒറ്റയ്ക്കാകുമോയെന്ന ആശങ്ക സനുവിന് ഉണ്ടായിരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി.കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. കൊലപാതകം സനു ഒറ്റയ്ക്ക് നടത്തിയതാണ്, ഇതിൽ മറ്റാർക്കും പങ്കില്ല. തെളിവ് നശിപ്പിക്കാൻ സാനു മോഹൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നുണ് കമ്മീഷണർ അറിയിച്ചു.

കടബാദ്ധ്യതയാണ് സാനുവിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കമ്മിഷണർ വ്യക്തമാക്കി.രണ്ട് സംസ്ഥാനങ്ങളിലാണ് സനു ഒളിവിൽ കഴിഞ്ഞത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ മനസിലാക്കാനുണ്ട്. ആരെങ്കിലും സാനുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. അതേസമയം ഫ്ളാറ്റിൽ കണ്ട രക്തക്കറ ആരുടേതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത്. പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു.

സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നൽകാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. സ്വയം ലോകത്തിൽനിന്നു വിടപറയുന്നതിനു മുൻപ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ല. ഫോൺ സിഗ്നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.

തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.

വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി പുഴയിൽ എറിഞ്ഞെന്നുമാണ് സനുമോഹൻ പൊലീസിന് നൽകിയ മൊഴി. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹൻ പൊലീസിന് പറഞ്ഞിട്ടുണ്ട്. എന്നാൽ സനുവിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പൊലീസ് അന്തിമനിഗമനത്തിലെത്തൂ.

അതിനിടെ, സനുമോഹന്റെ ഭാര്യയെയും പൊലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഒളിവിൽപോയതിന് ശേഷം സനുമോഹൻ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. സാമ്പത്തികപ്രശ്‌നങ്ങൾ മാത്രമാണോ കൊലപാതകത്തിന് കാരണം, മറ്റെന്തെങ്കിലും കാരണമുണ്ടോ, എന്തിനാണ് ഒളിവിൽകഴിഞ്ഞത്, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉത്തരം കിട്ടുകയെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്നവിവരം.