തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദ രേഖ പുറത്തുവന്നു. പരാതിക്കാരനായ അരുണിനോടുള്ള സരിതയുടെ സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുരത്തുവന്നത്. ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത പറയുന്നുണ്ട്. പിൻവാതിൽ നിയമനത്തിന് പിന്നിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്ന് സരിത പറയുന്നത് പുറത്തുവന്ന ശബ്ദരേഖയിൽ വ്യക്മാണ്. അതേസമയം ഈ ശബ്ദരേഖയുടെ ആധികാരിതക പുറത്തുവിട്ട ചാനലുകളും സ്ഥിരീകരിച്ചിട്ടില്ല.

പിൻവാതിൽ നിയമനം ആണെങ്കിലും ജോലി ഉറപ്പായും ലഭിക്കുമെന്ന് പണം വാങ്ങുന്നിന് മുൻപ് പരാതിക്കാരെ ബോധ്യപ്പെടുത്തുന്നതാണ് ശബ്ദരേഖ. താൻ മുൻപും പിൻവാതിൽ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും പറയുന്നു. ആരോഗ്യ കേരളം പദ്ധതിയിൽ നാലുപേർക്ക് ജോലി നൽകിയെന്നാണ് പറയുന്നത്. ഈ നിയമനങ്ങൾ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ ആണ്. രാഷ്ട്രീയക്കാർക്ക് ഇതുകൊണ്ട് നേട്ടമുണ്ട്. ഉദ്യോഗസ്ഥർക്ക് കുഴപ്പമൊന്നും വരാതെ നമുക്ക് നോക്കണമെന്നും സരിത പറയുന്നുണ്ട്.

ബെവ്‌കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദ്ധാനം ചെയ്ത ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈപ്പറ്റിയെന്നാണ് സരിതയ്‌ക്കെതിരെയുള്ള പരാതി.ബെവ്‌കോയിൽ സ്റ്റോർ അസിസ്റ്റന്റായി നിയമനം നൽകാമെന്ന് പറഞ്ഞ് സരിതയും കൂട്ടരും പതിനൊന്നര ലക്ഷം രൂപ തട്ടിയെന്ന് നെയ്യാറ്റിൻകര സ്വദേശി അരുൺ ആരോപിച്ചിരുന്നു. ബെവ്‌കോയിലെ ഒരു ഉദ്യോഗസ്ഥയ്ക്കും ഇടപാടിൽ ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപണം ഉന്നയിച്ചിരുന്നു.

നാലുമാസം മുൻപാണ് തൊഴിൽത്തട്ടിപ്പ് കേസിൽ സരിതയ്ക്കെതിരെ നെയ്യാറ്റിൻകര പൊലീസിന് പരാതി ലഭിക്കുന്നത്. സരിത ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് പരാതി. പരാതിക്കാർ മൊഴിയും ഈ ശബ്ദരേഖയും പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെ സരിതയെയും കൂട്ടാളികളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

2 പേരാണു പരാതിക്കാർ. സരിത സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയെന്നു പരിചയപ്പെടുത്തി തട്ടിപ്പു നടത്തിയതെന്നാണു പരാതി. തെളിവായി വ്യാജ ഉത്തരവ്, പണം നൽകിയതിന്റെ രേഖ, ശബ്ദരേഖ എന്നിവ ശേഖരിച്ചിരുന്നു. എന്നാൽ കേസിൽ നിന്ന് സരിതയെ ഒഴിവാക്കാൻ നീക്കം നടക്കുന്നതായും ആരോപണം ഉയർന്നിരുന്നു.