തിരുവനന്തപുരം: പിൻവാതിൽ നിയമനം സംബന്ധിച്ച് പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ലെന്ന് സരിത എസ് നായർ. തൊഴിൽ തട്ടിപ്പിൽ പങ്കില്ലെന്നും പരാതിക്കാരൻ കോൺഗ്രസുകാരനെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നും സരിത പറഞ്ഞുഎന്നാൽ, സരിതയുടെ പങ്കിന് കൃത്യമായ തെളിവുണ്ടെന്ന് നയ്യാറ്റിൻകരയിൽ തൊഴിൽതട്ടിപ്പിന് ഇരയായ പരാതിക്കാരൻ അരുൺ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യമില്ല, കൃത്യമായ അന്വേഷണം വേണമെന്നും അരുൺ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരിൽ വിളിച്ച് തുടങ്ങിയ സരിത മന്ത്രിമാരുടെ പേര് പറഞ്ഞ് വിളിച്ചായിരുന്നു തട്ടിപ്പെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

സർക്കാരിന്റെ ആരോഗ്യകേരളം പദ്ധതിയിൽ നാലു പേർക്ക് പിൻവാതിൽ നിയമനം നൽകിയെന്നാണ് സരിത ശബ്ദരേഖയിൽ അവകാശവാദം ഉന്നയിക്കുന്നത്. അനധികൃത നിയമനങ്ങൾക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവർ പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് ധാരണയെന്നും സരിത അവകാശപ്പെടുന്നു. നെയ്യാറ്റിൻകരയിൽ തൊഴിൽതട്ടിപ്പിന് ഇരയായ അരുണുമായി നടത്തിയ സംഭാഷണത്തിലാണ് വെളിപ്പെടുത്തൽ.

കെ.ടി.ഡി.സിയിലും ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിൻകരക്കാരായ രണ്ട് യുവാക്കളിൽ നിന്ന് സരിതയും കൂട്ടരും ഇരുപത് ലക്ഷത്തോളം രൂപ തട്ടിച്ചിരുന്നു. പണം നൽകിയിട്ടും ജോലി കിട്ടാതായത് അന്വേഷിച്ചപ്പോൾ അതിലൊരു യുവാവിനോട് സരിത ഫോണിൽ പറയുന്നതാണിത്. രാഷ്ട്രീയക്കാരുടെ ഒത്താശയോടുള്ള പിൻവാതിൽ നിയമനമെന്ന് സമ്മതിച്ച സരിത മറ്റൊരു വെളിപ്പെടുത്തലും നടത്തി.

കെ.ടി.ഡി.സിയുടെയും ബെവ്‌കോയുടെയും പേരിൽ തട്ടിപ്പ് നടത്തിയപ്പോഴും ഉന്നതരുടെ പേരുകൾ ഉപയോഗിക്കുകയും ബെവ്‌കോ എം.ഡിയുടെ പേരിലടക്കം വ്യാജരേഖകൾ തയാറാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർക്കാർക്കും സരിതയുമായി ബന്ധമില്ലെന്നാണ് നിലവിലെ കണ്ടെത്തൽ. അതിനാൽ ആരോഗ്യകേരളത്തിലെ നിയമനവും സരിതയുടെ അവകാശവാദം മാത്രമാണെന്ന് കരുതുന്നെങ്കിലും വിപുലമായ അന്വേഷണം ആവശ്യമാവുകയാണ്. അതേസമയം തട്ടിപ്പ് കേസിലെ കൂട്ടുപ്രതി പ്രാദേശിക സിപിഐ നേതാവായതിനാൽ രാഷ്ട്രീയ ഒത്താശ പ്രകടമാണ്. കേസെടുത്ത് നാല് മാസമായിട്ടും സരിതയെ ചോദ്യം പോലും ചെയ്യാത്തത് രാഷ്ട്രീയ ഇടപെടലുകൊണ്ടാണന്നും സംശയിക്കുന്നു.