ഡൽഹി:കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതികരണവുമായി ശശി തരൂർ എംപിയും. ദൗർഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയതെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ചെങ്കോട്ടയിൽ അതിക്രമിച്ച് കടക്കുകയും കർഷക പതാക പാറിക്കുകയും ചെയ്ത സംഭവത്തെ സൂചിപ്പിച്ച് നിയമരാഹിത്യത്തെ അംഗീകരിക്കാനാകില്ലെന്നും ശശി തരൂർ പറഞ്ഞു.

സമരത്തിന്റെ തുടക്കം മുതൽ തന്നെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചിരുന്നു.എന്നാൽ നിയമരാഹിത്യത്തെ അംഗീകരിക്കാൻ സാധിക്കില്ല. ചെങ്കോട്ടയിൽ ദേശീയ പതാക മാത്രമാണ് ഉയരേണ്ടതെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആർക്ക് ക്ഷതമേറ്റാലും രാജ്യത്തിന് മാത്രമാണ് നഷ്ടമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ നന്മയ്ക്കായി കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.