ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനിടെ വിതുമ്പിയത് കലാപരമായി തയ്യാറാക്കിയ അവതരണമാണെന്ന് പരിഹസിച്ച് ശശി തരൂർ എംപി. മോദിയുടെ കണ്ണീർ ഗസ്സിപൂരിലെ സമരവേദിയിൽ കർഷകനേതാവ് രാകേഷ് ടിക്കായത്ത് പൊഴിച്ച കണ്ണീരിനുള്ള ഭാഗിക പ്രതികരണമാണെന്നും തനിക്കും കണ്ണീരുണ്ടെന്ന് അറിയിക്കാനായിരുന്നു ഇതെന്നും ശശി തരൂർ ആരോപിച്ചു.മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ 'ബൈ മെനി എ ഹാപ്പി ആക്സിഡന്റ്: റീകളക്ഷൻസ് ഓഫ് എ ലൈഫ്' എന്ന പുസ്തകത്തെ കുറിച്ച് ചർച്ച ചെയ്യവേയാണ് തരൂർ ഇങ്ങനെ പരാമർശം നടത്തിയത്.

കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനുള്ള യാത്രയയപ്പ് യോഗത്തിൽ പ്രസംഗിക്കവെയാണ് രാജ്യസഭയിൽ മോദി വിതുമ്പിപ്പോയത്. ഗുലാംനബി ആസാദുമായി തനിക്ക് ഏറെ നാളായുള്ള ബന്ധമാണെന്നും മുൻപ് ആസാദ് കാശ്മീർ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സമയം തന്നെ ആദ്യം വിളിച്ചത് ഗുലാം നബി ആസാദാണെന്നും അദ്ദേഹത്തിന് വേണ്ടി തന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. അന്ന് അവരെ പ്രത്യേക വിമാനത്തിൽ തിരികെ അയക്കുംവരെ ആസാദ് സഹകരിച്ചെന്നും മോദി ഓർത്തു. ഈ പ്രസംഗത്തിനിടെയാണ് ഇടയ്ക്ക് മോദി കണ്ണീർ പൊഴിച്ചത്.