കണ്ണൂർ: ക്വട്ടേഷൻ മാഫിയയെ അമർച്ച ചെയ്യാനാവാത്ത സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ മാധ്യമങ്ങളുടെ മെക്കിട്ട് കയറുകയാണെന്ന് ഡി.സി സി.പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. കണ്ണൂരിലെ ക്വട്ടേഷൻ മാഫിയ സാമൂഹ്യ വിപത്താണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി മുന്നറിയിപ്പ് നൽകി.

സിപിഎമ്മിന്റെ ക്വട്ടേഷൻ മാഫിയ ബന്ധത്തിനെതിരേ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 1500 കേന്ദ്രങ്ങളിൽ നടത്തിയ ജനജാഗ്രതാ സദസ് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വെള്ളപ്പണമാക്കുന്നതിനായി സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും ക്വട്ടേഷൻ സംഘങ്ങളെ സഹായിക്കുന്നതായും ബാങ്കിലെ അപ്രൈസർമാരെ വരെ ബിനാമിയാക്കിയതിലൂടെ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളത് തെളിഞ്ഞിരിക്കുകയാണെന്നും പാച്ചേനി ആരോപിച്ചു. സ്വർണം കടത്താൻ ഉപയോഗിച്ച അർജുൻ ആയങ്കിയുടെ കാർ അഴീക്കലിൽ നിന്നും മാറ്റിയതിനു പിന്നിലും സിപിഎം നേതാക്കളുടെ പങ്കുണ്ട്.

ചാനലുകളിൽ മൊത്തം വാർത്ത വന്നിട്ടും കാർ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായില്ല. രണ്ടു പൊലീസുകാരെ കാവൽ നിർത്തിയാൽ തീരുന്ന പ്രശ്നം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നിട്ടും വളപട്ടണം പുഴയും കുപ്പം പുഴയും കടന്ന് കാർ കുളപ്പുറത്തെത്തി. മുൻ സിപിഎം എംഎ‍ൽഎ ടി.വി രാജേഷിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മൊട്ടക്കുന്നിൽ ഒളിപ്പിച്ച കാർ മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് കണ്ടെത്തുന്നത്. എങ്ങനെയാണ് പാർട്ടി ഗ്രാമത്തിൽ കാർ എത്തിച്ചതെന്ന് പകൽപോലെ വ്യക്തമാണ്. ആകാശ് തില്ലങ്കേരിയിൽ മാത്രമല്ല ഒരുപാട് തില്ലങ്കേരിമാർ ഇനിയും പുറത്തെത്താനുണ്ട്.

തെരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കുന്ന അക്രമി സംഘങ്ങളാണ് ഇവർ. ബൂത്തിൽ കള്ളവോട്ടുകൾ ചെയ്യുന്നതിനും ഇത്തരം ക്വട്ടേഷൻ സംഘത്തെയാണ് സിപിഎം നേതൃത്വം നിയോഗിക്കുന്നത്. അർജുൻ ആയങ്കിയെ ഇപ്പോൾ സിപിഎമ്മിന് അറിയില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ഉൾപ്പെടെ പ്രതിയായ ആയങ്കിക്ക് ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ വൻ സ്വീകരണമാണ് നാട്ടിൽ സിപിഎം ഏർപ്പെടുത്തിയത്.

ആയിരംവട്ടം പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞാലും അവർ നിങ്ങൾക്കൊപ്പമുണ്ടാവുമെന്ന് ഞങ്ങൾക്കറിയാമെന്നും സതീശൻ പാച്ചേനി പറഞ്ഞു. കോർപറേഷൻ മേയർ ടി.ഒ മോഹനൻ, സജീവ് മറോളി, കെ.പ്രമോദ്, അഡ്വ. ലിഷ ദീപക്, അഡ്വ. റഷീദ് കവ്വായി തുടങ്ങിയവർ സംബന്ധിച്ചു.